National
വീട്ടുജോലിക്കാരി കൈ കൊണ്ട് ആട്ട മാവ് കുഴക്കുന്നുണ്ടോ ? ; വംശീയ പരസ്യത്തില്‍ പുലിവാല് പിടിച്ച് ആട്ട നിര്‍മാണ കമ്പനി

മുംബൈ | വീട്ടുജോലിക്കാര്‍ക്കെതിരെ വംശീയത കലര്‍ന്ന പരസ്യം പ്രസിദ്ധീകരിച്ച് വിവാദത്തിലായി ആട്ട, ബ്രഡ് നിര്‍മാതാക്കളായ കെന്റ് ആര്‍ ഒ. കെന്റ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കര്‍ണാടകയിലെ വീട്ടുജോലിക്കാരുടെ സംഘടനയായ ശ്രീ ജാഗ്രുതി സമിതി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലടക്കം വന്‍തോതില്‍ പ്രതിഷേധമുയര്‍ന്നതോടെ കെന്റ് കമ്പനി മാപ്പ് പറഞ്ഞു.
” കൈ കൊണ്ട് ആട്ട മാവ് കുഴക്കാന്‍ വീട്ടുജോലിക്കാരെ നിങ്ങള്‍ അനുവദിക്കാറുണ്ടോ ?, വീട്ടുജോലിക്കാരിയുടെ കൈയില്‍ നിന്ന് ചിലപ്പോള്‍ അണുബാധയുണ്ടായേക്കാം, ആരോഗ്യത്തിലും വൃത്തിയിലും വിട്ടുവീഴ്ച ചെയ്യരുത് ” എന്നാണ് കെന്റിന്റെ ആട്ട പരസ്യത്തിലുണ്ടായിരുന്നത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കെന്റ് ഈ പരസ്യം പ്രസിദ്ധീകരിച്ചത്. പ്രതിഷേധം ഉയര്‍ന്നതോടെ പരസ്യം പിന്‍വലിക്കുകയും ട്വിറ്ററിലൂടെ മാപ്പ് പറയുകയും ചെയ്തു.
മുന്‍ധാരണയെയും വീട്ടുജോലിക്കാര്‍ വൃത്തിയില്ലാത്തവരാണെന്ന ആശയത്തെയും പിന്തുണക്കുന്നതാണ് പരസ്യമെന്ന് ശ്രീ ജാഗ്രുതി സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.