Kerala
വിമാന ടിക്കറ്റിന് പണമില്ലാത്ത പ്രവാസികള്‍ക്ക് എംബസി ക്ഷേമനിധി ടിക്കറ്റ് നല്‍കണം: ഹൈക്കോടതി

കൊച്ചി | കൊവിഡ് പശ്ചാലത്തില്‍ ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് പണമില്ലാതെ സ്വന്തം നാട്ടിലേക്ക് വരുന്നവരില്‍ വിമാന ടിക്കറ്റിന് പണമില്ലെങ്കില്‍ എംബസി/കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്നും ടിക്കറ്റിനുള്ള സഹായം കൊടുക്കാമെന്ന് ഹൈക്കോടതി വിധി. ഓരോരുത്തരും വ്യക്തിഗതമായ നിവേദനം എംബസിക്ക്/കോണ്‍സുലേറ്റിനു കൊടുക്കണം. അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് വൈകാതെ എംബസി/കോണ്‍സുലേറ്റ് തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് അനു ശിവരാമന്‍ വിധിയില്‍ പറഞ്ഞു.
നാട്ടില്‍ വരുന്നതിന് സ്വന്തമായി വിമാനടിക്കറ്റ് എടുക്കാന്‍ സാമ്പത്തികമായി കഴിവില്ലാത്ത എല്ലാ ഇന്ത്യക്കാര്‍ക്കും എംബസി/കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്നും (ഐ സി ഡബ്ല്യൂ എഫ് ) ടിക്കറ്റിനുള്ള സഹായം മതിയായ രേഖകളോടെ സമീപിച്ചാല്‍, ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാറിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തിങ്കളാഴ്ച കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് അനു ശിവരാമന് ഉറപ്പ് നല്‍കിയിരുന്നു.
ടിക്കറ്റിനുള്ള അപേക്ഷയോടൊപ്പം പാസ്പോര്‍ട്ടും വിസയും സമര്‍പ്പിക്കണം. എന്തുകൊണ്ട് ടിക്കറ്റെടുക്കാനുള്ള സാമ്പത്തികശേഷി ഇല്ല എന്നതിനെക്കുറിച്ചുള്ള സ്വയം സാക്ഷ്യപ്പെടുത്തണം. അതാത് എംബസ്സി/കോണ്‍സുലേറ്റുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ടിക്കറ്റിനുള്ള അപേക്ഷയും പാസ്സ്പോര്‍ട്ട് കോപ്പിയും, വിസ (എക്‌സിറ്റ്/ എക്‌സിറ്റ് & റീ-എന്‍ട്രി) കോപ്പിയും, അതാതു രാജ്യത്തെ തൊഴില്‍/താമസ ഐഡി കോപ്പിയും, അപേക്ഷകരുടെ മൊബൈല്‍ നമ്പറും സഹിതം പ്രവാസികള്‍ക്ക് അതാത് എംബസ്സി/കോണ്‍സുലേറ്റുകളില്‍ അപേക്ഷ സമര്‍പ്പിക്കാം.