National
മോശം തൊഴില്‍ സാഹചര്യം; മുംബൈ ആശുപത്രിയില്‍ ജീവനക്കാരുടെ പ്രതിഷേധം

മുംബൈ | മോശം തൊഴില്‍ സാഹചര്യവും സഹപ്രവര്‍ത്തകന്റെ മരണവും ചൂണ്ടിക്കാട്ടി മുംബൈ കെ ഇ എം ആശുപത്രിയിലെ ക്ലാസ് 3, 4 ജീവനക്കാര്‍ പ്രതിഷേധിച്ചു. ആശുപത്രിയില്‍ മരിച്ച ജീവനക്കാരന്റെ മൃതദേഹം രണ്ട് ദിവസമായി മോര്‍ച്ചറിയിലാണ്.
ശക്തമായ പനി, രുചി നഷ്ടപ്പെടല്‍, ശരീര വേദന തുടങ്ങിയ കാരണങ്ങളാലാണ് 45കാരനായ ജീവനക്കാരന്‍ മെയ് 24ന് മരിച്ചത്. കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്ത അദ്ദേഹത്തിന് മെയ് 20 മുതല്‍ ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍, കൊവിഡ് പരിശോധന നടത്തുകയോ അവധി നല്‍കുകയോ ചെയ്തില്ല. അസുഖമായിട്ടും അവധി നല്‍കാത്തത് ഗൗരവമായി കാണണമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. മെയ് 24 വരെ ജോലിക്ക് ഹാജരാകേണ്ടി വന്നു.
മെയ് 24ന് വൈകിട്ട് കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ കെ ഇ എം ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സംശയാസ്പദ കൊവിഡ് മരണമെന്ന നിലയിലാണ് ഇതിനെ കാണുന്നത്. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12.30 വരെയാണ് യൂനിയന്‍ അംഗങ്ങള്‍ ആശുപത്രി വളപ്പില്‍ പ്രതിഷേധിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അവധി ലഭിക്കുകയോ ശരിയായ ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുകയോ ചെയ്യുന്നില്ലെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.