Covid19
കൊവിഡ്; വൈറസ് പ്രതിരോധ മരുന്നുകളുടെ സങ്കലിത രൂപം പരീക്ഷിക്കാനൊരുങ്ങി ഗ്ലെന്‍മാര്‍ക്ക്

മുംബൈ | കൊവിഡ് ചികിത്സയില്‍ പുതിയ മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിനൊരുങ്ങി പ്രമുഖ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്. വൈറസ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന പാവിപിറാവിര്‍, യൂമിഫെനോവിര്‍ എന്നിവ സംയോജിപ്പിച്ചുള്ള മരുന്ന് ഫലപ്രദമാകുമോ എന്നാണ് പരീക്ഷിക്കുകയെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വൈറസ് പ്രതിരോധത്തില്‍ രണ്ട് മരുന്നും വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവയുടെ സങ്കലിത രൂപം കൊവിഡ് രോഗത്തിന്റെ പ്രാഥമിക ഘട്ടത്തിലുള്ള രോഗികളില്‍ ഫലപ്രദമാകാന്‍ ഇടയുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
കൊവിഡ് 19 ചികിത്സയില്‍ ഏറെ ഫലപ്രദവും സുരക്ഷിതവുമായ മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള നീക്കങ്ങളില്‍ ഗ്ലെന്‍മാര്‍ക്കിന്റെ ഗവേഷണം നിര്‍ണായക പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് പ്രമുഖ ആഗോള ചികിത്സാ വികസന വിദഗ്ധ മോനിക്ക ടണ്ഠന്‍ പറഞ്ഞു. രോഗികളില്‍ നിന്ന് വൈറസ് സംക്രമിക്കുന്ന കാലയളവ് ചുരുക്കാന്‍ രണ്ടു മരുന്നുകളുടെയും സംയോജിത രൂപം ഫലപ്രദമാകുമെന്നും ഇതിലൂടെ മെഡിക്കല്‍ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പകര്‍ന്നു കിട്ടുന്നത് കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.
മിതമായ കൊവിഡ് ബാധയുമായി 158 ആശുപത്രികളിലായി കഴിയുന്ന രോഗികളെയാണ് മരുന്നു പരീക്ഷണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.