Covid19
ബിപിഎല്‍ അന്ത്യോദയ കാര്‍ഡുടമകള്‍ക്കുള്ള ധനസഹായ വിതരണം ചൊവ്വാഴ്ച മുതല്‍

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിന്റെ കൊവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ബിപിഎല്‍ ,അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കുള്ള ധനസഹായ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ക്ഷേമപെന്‍ഷനുള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത പ്രസ്തുത കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതമാണ് നല്‍കുക. ജൂണ്‍ ആറു വരെയാണ് വിതരണം. സഹകരണ ബേങ്ക് ജീവനക്കാര്‍ അര്‍ഹരുടെ വീടുകളില്‍ തുക നേരിട്ട് എത്തിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. 14,78,236 കുടുംബങ്ങളാണ് അര്‍ഹരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷന്‍ കടകളിലും സഹകരണ ബേങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്. മറ്റു ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ല എന്ന സത്യവാങ്മൂലം തുക കൈപ്പറ്റുമ്പോള്‍ നല്‍കണം. റേഷന്‍ കാര്‍ഡിലെ ഗൃഹനാഥക്കാണ് സഹായത്തിന് അര്‍ഹതയുള്ളത്.
അതേസമയം, മരണശേഷവും ഗൃഹനാഥയുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കം ചെയ്യാത്ത ചില കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അര്‍ഹതയുടെ മറ്റു മാനദണ്ഡങ്ങള്‍ ബോധ്യപ്പെടുന്ന പക്ഷം റേഷന്‍ കാര്‍ഡില്‍ പേരുള്ള മറ്റൊരു മുതിര്‍ന്ന കുടുംബാംഗത്തിന് പണം നല്‍കി സത്യവാങ്മൂലം വാങ്ങാം.