Connect with us

National

കൊവിഡ് സംഭാവനയില്‍ വര്‍ഗീയത കലര്‍ത്തി; അസമില്‍ വിദേശീ ട്രൈബ്യൂണല്‍ മേധാവിയെ പിരിച്ചുവിട്ടു

Published

|

Last Updated

ഗുവാഹത്തി | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തന്റെ സംഭാവന ഉപയോഗിച്ച് പ്രത്യേക സമുദായക്കാരെ ചികിത്സിക്കരുതെന്ന് കത്തെഴുതിയ അസമിലെ വിദേശീ ട്രൈബ്യൂണല്‍ മേധാവിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. എന്‍ ആര്‍ സി പ്രകാരം പൗരത്വ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുന്നത് വിദേശീ ട്രൈബ്യൂണലാണ്. ഇതിലെ അംഗം കമലേഷ് കുമാര്‍ ഗുപ്തയെയാണ് മഹാമാരിക്കാലത്തെ സഹായത്തില്‍ വര്‍ഗീയത കലര്‍ത്തിയതിന് സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടത്.

ബക്‌സ ജില്ലയിലെ ട്രൈബ്യൂണല്‍ മേധാവിയായിരുന്നു ഗുപ്ത. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ സംവിധാനിച്ച അസം ആരോഗ്യ നിധിയിലേക്ക് വിദേശി ട്രൈബ്യൂണലിലെ 12 അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് 62,999 രൂപ ശേഖരിച്ചിരുന്നു. തബ്‌ലീഗി ജമാഅത്ത് ജിഹാദികള്‍ക്കും ജാഹിലുകള്‍ക്കും ഈ സംഭാവനയില്‍ നിന്ന് സഹായമുണ്ടാകില്ലെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതും പ്രാര്‍ഥിക്കുന്നതെന്നും കാണിച്ച് ഏപ്രില്‍ ഏഴിന് ആരോഗ്യ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മക്ക് ഗുപ്ത കത്തെഴുതിയിരുന്നു.

വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഏപ്രില്‍ 11ന് കത്ത് പിന്‍വലിച്ചതായി ഗുപ്ത അറിയിച്ചിരുന്നു. മറ്റ് വിദേശീ ട്രൈബ്യൂണല്‍ അംഗങ്ങള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും കത്ത് തയ്യാറാക്കുമ്പോള്‍ ഗുപ്ത തങ്ങളോട് അഭിപ്രായം തേടിയില്ലെന്ന് ഇവര്‍ മറുപടി കൊടുത്തിരുന്നു. മെയ് 22നാണ് ഗുപ്തയെ പിരിച്ചുവിട്ട ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്.