Connect with us

Kerala

ഹൈന്ദവ വയോധികയെ സംസ്‌കരിക്കാൻ സ്ഥലം നൽകി മസ്ജിദ് കമ്മിറ്റി

Published

|

Last Updated

പാവറട്ടി(തൃശൂർ) | ഹൈന്ദവ വയോധികയെ സംസ്കരിക്കാൻ സ്ഥലം വിട്ട് നൽകി മസ്ജിദ് കമ്മിറ്റി മാതൃകയായി. തൃശൂരിലെ പാവറാട്ടിയിലാണ് സംഭവം. രണ്ട് സെന്റ് ഭൂമിയിൽ താമസിക്കുന്ന പുതുമനശ്ശേരി കൂത്താട്ടിൽ അയ്യപ്പന്റെ ഭാര്യ തങ്ക(78)യുടെ സംസ്‌കാരം നടത്താൻ സ്ഥലമില്ലാതെ ബന്ധുക്കൾ വലഞ്ഞപ്പോൾ മസ്ജിദിന്റെ ഭൂമിയിൽ അന്ത്യകർമങ്ങൾക്ക് സൗകര്യമൊരുക്കിയാണ് പുതുമനശ്ശേരി ജുമാമസ്ജിദ് കമ്മിറ്റി മാതൃകയായത്.

നിർധന കുടുംബത്തിൽപ്പെട്ട തങ്ക കഴിഞ്ഞ ദിവസമാണ് മരിച്ചത്. വീടിരിക്കുന്ന ആകെയുള്ള രണ്ട് സെന്റ് ഭൂമിയിൽ തങ്കയുടെ മൃതദേഹം സംസ്‌കരിക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ഇളയ മകൻ മജേഷ് സി പി എം പുതുമനശ്ശേരി ബ്രാഞ്ച് അംഗം കൊടുവീട്ടിൽ ഇബ്‌റാഹിമിന്റെ സഹായം തേടുകയായിരുന്നു. ഇബ്‌റാഹിം പുതുമനശ്ശേരി മഹല്ല് പ്രസിഡന്റ് അബ്ദുൽ അസീസ് സുതാനത്ത്, സെക്രട്ടറി പി കെ അബ്ദുൽമനാഫ് എന്നിവരുമായി ചർച്ച ചെയ്ത് തങ്കയുടെ മൃതദേഹം മസ്ജിദ് വളപ്പിൽ സംസ്കരിക്കാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. മഹല്ല് കമ്മിറ്റിയുടെ കരുണ നിറഞ്ഞ പ്രവർത്തനത്തെ സി പി എം പാവറട്ടി ലോക്കൽ സെക്രട്ടറി വി എസ് ശേഖരൻ അഭിനന്ദിച്ചു. ഇത്തരം പ്രവൃത്തികൾ റമസാനിന്റെ കാരുണ്യവും ഈദുൽ ഫിത്വറിന്റെ സ്‌നേഹവും സമൂഹത്തിന് ബോധ്യപ്പെടാൻ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മഹല്ല് കമ്മിറ്റിയുടെ ഇത്തരം ഇടപെടൽ റമസാൻ മാസത്തിന്റെ പുണ്യം പ്രസരിപ്പിക്കുന്നതാണെന്ന് പാവറട്ടി പോലീസ് ഇൻസ്പക്ടർ എസ് എച്ച് ഒ. എം കെ രമേഷ് പറഞ്ഞു.

മതസൗഹാർദത്തിന്റെയും മാനവികതയുടെയും മാതൃക കാണിച്ച് കൊടുത്ത മഹല്ല് കമ്മിറ്റിയുടെ പ്രവൃത്തിക്ക് നാനാതുറകളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

Latest