Connect with us

Kerala

വിപത്തിൽ നിന്ന് നാടിനെ കരകയറ്റാൻ ചേർന്നു നിൽക്കണം: നേതാക്കൾ

Published

|

Last Updated

കോഴിക്കോട് | സഹജീവികൾക്ക് കനിവും കരുതലും നൽകി മഹാമാരിയുടെ പരീക്ഷണത്തിൽ നിന്ന് മോചനം ലഭിക്കാൻ നാഥനിലേക്ക് കൂടുതലായി അടുക്കാനുള്ള അവസരമായി ഈദുൽ ഫിത്വർ ഉപയോഗപ്പെടുത്തണമെന്ന് നേതാക്കൾ.

ഇ സുലൈമാൻ മുസ്‌ലിയാർ

ഇത്തരം അവസ്ഥകളിൽ അസ്വസ്ഥരാകാതെ ക്ഷമയോടെ നേരിടാനാണ് ഇസ്‌ലാം അനുശാസിക്കുന്നതെന്ന് സമസ്ത പ്രസിഡന്റ്റഈസുൽ ഉലമാ ഇ സുലൈമാൻ മുസ്‌ലിയാർ ഈദ് സന്ദേശത്തിൽ പറഞ്ഞു.

ആർഭാടങ്ങളും ആഡംബരങ്ങളും ഒഴിവാക്കി ജീവിത ചെലവുകൾ പുനഃക്രമീകരിക്കണം. ആത്മീയമായ അച്ചടക്കവും പ്രാർഥനകളും തുടരണം. നമ്മുടെ ചുറ്റിലും പ്രയാസപ്പെടുന്നവരോട് കരുണ കാണിക്കണം. നിർബന്ധ നോമ്പിന്റെ നാളുകൾ അവസാനിച്ചു എന്ന് കരുതി തെറ്റായ പ്രവൃത്തികളിലേക്ക് വഴുതിപ്പോകരുത്.

അതിരുകൾ ലംഘിക്കാനല്ല, മതസംഹിതകളോട് ഇനിയുമിനിയും ചേർന്നുനിൽക്കാനാണ് ഈദുൽ ഫിത്വർ നമ്മെ പ്രചോദിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരം

കൊവിഡ് 19 കാരണം ലോകത്തെ മുഴുവൻ മനുഷ്യരും വിവിധ വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ ചെറിയ പെരുന്നാൾ പുതിയൊരു ജീവിതശൈലിയുടെ തുടക്കമാവട്ടെയെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സന്ദേശത്തിൽ പറഞ്ഞു. പെരുന്നാളിൽ മാത്രമല്ല, തുടർന്നും കുറച്ചു കാലത്തേക്കെങ്കിലും നിയന്ത്രണങ്ങൾ നാം പാലിക്കേണ്ടി വരും. സാമ്പത്തികമായി പ്രയാസകരമായ ഒരു സ്ഥിതിവിശേഷം രൂപപ്പെട്ടതിനാൽ ധൂർത്തും ആഡംബരവും ഒഴിവാക്കണം. അനിവാര്യവും ഇസ്‌ലാമിക പരികൽപ്പന പ്രകാരം ശ്രേഷ്ഠവുമായ കർമങ്ങൾക്ക് മുൻഗണന നൽകി, മറ്റുള്ളവ ഒഴിവാക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണം. ഓരോ നാടുകളിലും സേവനം ചെയ്യുന്ന ഖതീബുമാരും മദ്‌റസാ മുഅല്ലിംകളും വലിയ പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ്. പെരുന്നാൾ ദിനത്തിൽ അവരെ സഹായിക്കണം. നമ്മുടെ അയൽപ്പക്കങ്ങളിൽ ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. റമസാൻ മാസം അനുകൂലമായി സാക്ഷിനിൽക്കുന്ന വിശ്വാസികളുടെ സവിശേഷത, അവർ പെരുന്നാളിന് ശേഷവും പൂർണമായും ഭക്തിയിൽ ജീവിക്കുന്നവരാണ് എന്നതാണ്. അത്തരം നന്മയിൽ അധിഷ്ഠിതമാവണം നമ്മുടെ ജീവിതം. പ്രാർഥനയിൽ സജീവമായി പെരുന്നാൾ ദിനത്തിൽ വിശ്വാസികൾ വീടുകളിൽ തന്നെ കഴിയണമെന്നും കാന്തപുരം പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത്

ഒരു മാസക്കാലം നീണ്ട വ്രത വിശുദ്ധിക്ക് വിരാമമിട്ടു കൊണ്ടുള്ള ഈദുൽ ഫിത്വർ കൂടുതൽ സമർപ്പണത്തിനും ത്യാഗത്തിനും പ്രചോദനമേകുന്നതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. സഹജീവികൾക്ക് കാരുണ്യം പകർന്നും അവശതയനുഭവിക്കുന്നവർക്ക് കൈത്താങ്ങായും ഈ സുദിനത്തെ സാർഥമാക്കണം. കൊവിഡ് 19 മഹാമാരിയുടെ പിടിയിലകപ്പെട്ട് ലോക ജനതയും ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിക്ഷോഭങ്ങളിൽ പല സംസ്ഥാനങ്ങളും ദുരിതമനുഭവിക്കുമ്പോൾ പരിധി വിട്ടുള്ള ആഘോഷം ഭൂഷണമല്ല.

പെരുന്നാൾ സന്ദർശനങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കണമെന്നും സംസ്ഥാന കമ്മിറ്റി ഉണർത്തി. പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് തികഞ്ഞ സാമൂഹികബോധവും അച്ചടക്കവും പാലിക്കാനുള്ളതാവണം പെരുന്നാൾ പ്രതിജ്ഞകളെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിമുൽ ഖലീലുൽ ബുഖാരി സന്ദേശത്തിൽ പറഞ്ഞു. മഹാമാരിയാൽ കഷ്ടപ്പെടുന്നവർക്ക് എല്ലാ അർഥത്തിലും ആശ്വാസം പകരാൻ വഴികൾ കണ്ടെത്തണം. മനമുരുകിയുള്ള റമസാൻ പ്രാർഥനകളിൽ നിന്ന് ലഭിച്ച ആത്മീയോർജം പുതിയ കാലത്തെ വിവേകത്തോടെ നേരിടാനുള്ള ശക്തി പകരുന്നതാകണം. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ചിറകിൽ നാം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എസ് വൈ എസ്

സഹജീവികൾക്ക് കാരുണ്യവും കരുതലും നൽകിക്കൊണ്ടാണ് വിശ്വാസികൾ പെരുന്നാളാഘോഷിക്കേണ്ടതെന്ന് എസ് വൈ എസ് നേതാക്കൾ സന്ദേശത്തിൽ പറഞ്ഞു. പ്രയാസങ്ങളുടെ സഹനപർവം താണ്ടുന്ന മനുഷ്യരോട് ചേർന്നുനിൽക്കാനും അവർക്ക് ഭക്ഷണവും മരുന്നും അവശ്യസാധനങ്ങളും ലഭ്യമാക്കാനും ഈ ദിനം ഉപയോഗപ്പെടുത്തണം. ലഭിച്ച ഇളവുകൾ ചൂഷണം ചെയ്ത് ആഘോഷത്തിന്റെ പേരിൽ അനാവശ്യമായി തെരുവിലിറങ്ങി രോഗപ്പകർച്ചക്ക് നമ്മൾ കാരണക്കാരാകരുത്.

ലോക്ക്ഡൗണിൽ വീടുകളിൽ ആയിരിക്കുമ്പോഴും വിശ്വാസി സമൂഹം പുലർത്തിയ ആത്മീയമായ നിഷ്ഠകളും സാമൂഹികമായ അച്ചടക്കവും തുടർന്നും പാലിക്കപ്പെടേണ്ടതുണ്ട്. ഒരു വലിയ വിപത്തിൽ നിന്ന് സമൂഹത്തെയും നാടിനെയും കര കയറ്റാനുള്ള പ്രയത്‌നങ്ങളോട് ചേർന്നുനിൽക്കാനാണ് ഈ ആഘോഷ ദിനത്തെ നമ്മൾ ഉപയോഗപ്പെടുത്തേണ്ടതെന്നും നേതാക്കൾ പറഞ്ഞു.

എസ് എം എ

കഷ്ടപ്പെടുന്ന ജന വിഭാഗങ്ങൾക്ക് സഹായം എത്തിച്ചു താങ്ങും തണലുമായി പെരുന്നാൾ ആഘോഷം സാർഥമാക്കണമെന്ന് എസ് എം എ സംസ്ഥാന പ്രസിഡന്റ് കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ജനറൽ സെക്രട്ടറി പ്രൊഫ. കെ എം എ റഹീം ഈദ് സന്ദേശത്തിൽ ഉണർത്തി. കൊറോണ വൈറസ് പടർന്നു പിടിച്ച ഇക്കാലത്ത് വീടുകളിൽ തന്നെയാണ് ആഘോഷമെന്നും നേതാക്കൾ സന്ദേശത്തിൽ പറഞ്ഞു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നേതാക്കളായ സയ്യിദ് അലി ബാഫഖി തങ്ങളും അബൂഹനീഫൽ ഫൈസി തെന്നലയും വി വി എം വില്യാപ്പള്ളിയും ഈദാശംസകൾ നേർന്നു.

Latest