Kozhikode
മാതാപിതാക്കളുടെ പരിചരണം ഏറ്റെടുത്ത ആറാം ക്ലാസുകാരന് താങ്ങായി നാട്

കോഴിക്കോട് | ക്യാന്‍സര്‍ രോഗിയായ ഉപ്പയുടെയും പ്രമേഹം കാരണം കാലിന് പഴുപ്പ് ബാധിച്ച ഉമ്മയുടെയും പരിചരണ ഭാരം ചുമലിലായ പതിനൊന്നുകാരന് താങ്ങായി നാട്.
രോഗം മൂര്‍ച്ഛിച്ച് മെഡി. കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ഇരുവരെയും പരിചരിക്കുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെക്കുറിച്ച് കഴിഞ്ഞ ദിവസം സിറാജ് പ്രസിദ്ധീകരിച്ച വാര്‍ത്തയും ചിത്രവും ശ്രദ്ധയില്‍പ്പെട്ടാണ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഹായഹസ്തങ്ങള്‍ ഉയരുന്നത്.
മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ ആതവനാട് മാട്ടുമ്മലില്‍ വാടകക്ക് താമസിക്കുന്ന മൂന്നംഗ കുടുംബത്തിന്റെ ദയനീയാവസ്ഥ അറിഞ്ഞ എസ് വൈ എസ് പുത്തനത്താണി സോണ്‍ കമ്മിറ്റി കുടുംബസഹായ നിധി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൂടാതെ, വിദേശത്തും സ്വദേശത്തുമുള്ള നിരവധി സഹൃദയരാണ് ഈ കുടുംബത്തിന് താങ്ങാകാന്‍ മുന്നോട്ട് വന്നത്.
ഗൃഹനാഥന്‍ മുഹമ്മദ് ഏതാനും മാസങ്ങളായി കഴുത്തിന് ക്യാന്‍സര്‍ ബാധിച്ച് ദുരിതത്തിലാണ്. കഠിനമായ വേദനക്കൊപ്പം ചികിത്സക്ക് പണമില്ലാതെ കഷ്ടപ്പെടുന്നതിനിടക്കാണ് ഭാര്യ ജമീലക്ക് പ്രമേഹരോഗം മൂര്‍ച്ഛിച്ചത്. ഇടത് കാലിന് ബാധിച്ച പഴുപ്പ് ശരീരത്തിന്റെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുമോയെന്ന ഭയവുമുണ്ട്. നേരത്തേ മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഇത്തവണ ക്യാന്‍സര്‍ രോഗിയായ ഭര്‍ത്താവിനൊപ്പമാണ് ആശുപത്രിയിലെത്തിയിരുന്നത്.
എന്നാല്‍, അവര്‍ക്കും അസുഖം കൂടിയതിനെ തുടര്‍ന്ന് ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്തൊമ്പതാം വാര്‍ഡില്‍ ഒരേ ബെഡ്ഡില്‍ കഴിയുകയായിരുന്നു. അടുത്ത ബന്ധുക്കളായി ആരും പരിചരിക്കാനില്ലാത്ത അവസ്ഥയില്‍ ഇവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ട ചുമതല പതിനൊന്ന് വയസ്സുകാരനായ മകന്‍ ഷാജഹാന്റെ ചുമലിലായി. ആവശ്യത്തിനുള്ള പണവും ഭക്ഷണവും ആശുപത്രി ജീവനക്കാരും മറ്റ് രോഗികളുടെ ബന്ധുക്കളും നല്‍കി സഹായിച്ചു.
ഇവരുടെ കദനകഥ വിവരിക്കുന്ന വാര്‍ത്ത പുറത്തു വന്നതോടെ വിവിധ സന്നദ്ധ സംഘടനകളും വളണ്ടിയര്‍മാരും ഇവരെ പ്രത്യേകം ശ്രദ്ധിക്കാന്‍ തയ്യാറായി.
കഴിഞ്ഞ ദിവസം ഇരുവരേയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആക്കിയ ശേഷം നാട്ടിലേക്ക് പോകാന്‍ വഴിയില്ലാത്ത സാഹചര്യത്തില്‍ മെഡിക്കൽ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി എച്ച് സെന്റര്‍ സൗജന്യ ആംബുലന്‍സ് സൗകര്യമൊരുക്കിയിരുന്നു.
ഈ കുടുംബത്തെ സഹായിക്കാന്‍ രംഗത്തിറങ്ങിയ എസ് വൈ എസ് പുത്തനത്താണി സോണ്‍ കമ്മിറ്റിക്കൊപ്പം പതിനൊന്നുകാരന്‍ ഷാജഹാന് പഠനം തുടരുന്ന മമ്പഉല്‍ ഉലൂം സുന്നി മദ്‌റസയുടെ ഭാരവാഹികളും ചേര്‍ന്നിട്ടുണ്ട്.
പൊതുപ്രവര്‍ത്തകനും മദ്‌റസയുടെ ഭാരവാഹിയുമായ വി എം നാസറാണ് സഹായ സമിതി ചെയര്‍മാന്‍. എസ് വൈ എസ് പുത്തനത്താണി സോണ്‍ ജനറല്‍ സെക്രട്ടറി ടി എം ബശീര്‍ മാസ്റ്ററാണ് കണ്‍വീനര്‍. സോണ്‍ സേവന സമിതി കണ്‍വീനര്‍ ഹംസ ബാഖവി സഹായ സമിതി ട്രഷററാണ്. ഫഖ്‌റുദ്ദീന്‍ സഖാഫി, സയ്യിദ് ഹബീബ് കോയ തങ്ങള്‍, കുഞ്ഞിമുഹമ്മദ് വി പി, കുഞ്ഞിമുഹമ്മദ് ടി പി എന്നിവരാണ് മറ്റു ഭാരവാഹികള്‍.
കുടുംബത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 8086 780 807 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. അക്കൗണ്ട് നമ്പര്‍: Mohammed Basheer T , A/c No: 57022058668. SBI KOTTAKKAL, IFSC CODE: SBIN0070269.