Connect with us

Covid19

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവതരമായ സ്ഥിതിവിശേഷം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയത് ഗൗരവതരമായ സ്ഥിതിവിശേഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 42 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് ജാഗ്രതയും മുന്‍കരുതലും കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പുറത്തുനിന്ന് ഇനിയും കൂടുതല്‍ പേര്‍ വരും. ആരെയും തിരിച്ചയക്കില്ല. പരിഭ്രമിച്ച് നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുന്ന സ്ഥിതിയുമുണ്ടാകില്ല. എല്ലാവര്‍ക്കും പരിശോധനയും ചികിത്സയും പരിചരണവും നല്‍കും. സംസ്ഥാനത്തേക്ക് വരുന്നവരില്‍ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവര്‍ ഉണ്ടായേക്കാനുള്ള സ്ഥിതി മുന്നില്‍ക്കണ്ട് ആശുപത്രികളില്‍ വെന്റിലേറ്റര്‍ സൗകര്യമടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ലോക്ക് ഡൗണിലെ ഇളവുകള്‍ മുതലെടുത്ത് ആരും ആഘോഷങ്ങള്‍ക്കായി ഇറങ്ങിപ്പുറപ്പെടരുതെന്നും കുട്ടികളെയും വയോധികരെയും കൂട്ടി പുറത്തിറങ്ങുന്നത് ഗുരുതര സ്ഥിതിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. നിയന്ത്രണങ്ങള്‍ എല്ലായിപ്പോഴും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാനാകില്ല. നമുക്കു സുരക്ഷയൊരുക്കേണ്ടത് നാം തന്നെയാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.