പാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നുവീണ് 37 പേര്‍ മരിച്ചു

Posted on: May 22, 2020 4:38 pm | Last updated: May 22, 2020 at 10:37 pm

കറാച്ചി | പാക്കിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് 37 പേര്‍ മരിച്ചു. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് A 320 ആണ് കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നു വീണത്. സാങ്കേതി തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ പി കെ-8303 വിമാനത്തില്‍ 99 യാത്രക്കാരും എട്ടു ജീവനക്കാരുമുള്‍പ്പെടെ 107 പേരാണ് ഉണ്ടായിരുന്നത്. ചില പ്രമുഖരും യാത്രക്കാരായി ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

ലാന്‍ഡിംഗിന് തൊട്ടുമുമ്പ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയിലാണ് വിമാനം തകര്‍ന്നു വീണത്. കോളനിയിലെ എട്ട് വീടുകള്‍ തകര്‍ന്നു. സംഭവത്തില്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.