Covid19
സഊദിയില്‍ ശനിയാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് സമ്പൂര്‍ണ കര്‍ഫ്യു

ദമാം | സഊദിയില്‍ കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അഞ്ച് ദിവസത്തേക്ക് സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മെയ് 23 മുതല്‍ 27 വരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂ സമയത്ത് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ബഖാലകലക്കും 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മുഴുവന്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചാകണം കടകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് നഗര-ഗ്രാമ മന്ത്രാലയം അറിയിച്ചു.
സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും പെട്രോള്‍ സ്റ്റേഷനുകള്‍ക്കും മുഴുവന്‍സമയ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. കോഴികള്‍, പച്ചക്കറി, കന്നുകാലികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, ഗോഡൗണുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, പെട്രോള്‍ പമ്പുകളിലെ സര്‍വീസ് കേന്ദ്രങ്ങള്‍ എന്നീ സ്ഥാപങ്ങള്‍ക്ക് രാവിലെ ആറു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. റസ്റ്റോറന്റുകള്‍ക്ക് കര്‍ഫ്യൂ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ തുറക്കാവുന്നതാണ്. നിയമ നടപടികള്‍ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുകയും ഇവര്‍ക്ക് സഊദിയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.