Ongoing News
ജില്ലകൾക്കകത്ത് പൊതുഗതാഗതം ഇന്ന്

തിരുവനന്തപുരം | ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ കൂടുതൽ ഇളവുകളുടെ ഭാഗമായി ജില്ലകൾക്കുള്ളിലെ പൊതുഗതാഗതം ഇന്ന് പുനരാരംഭിക്കും. കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, ഡീസൽ നികുതി കുറച്ചാൽ മാത്രമേ സർവീസ് നടത്തൂവെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. എന്നാൽ, പൊതുഗതാഗതം ആരംഭിക്കുമ്പോൾ സ്വകാര്യ ബസുകളും സർവീസ് നടത്തുമെന്നാണ് കരുതുന്നതെന്നും നിലവിൽ ബസ് ഉടമകളുമായി ചർച്ച നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ പരിമിതമായ തോതിൽ മാത്രം സർവീസ് നടത്താനാണ് കെ എസ് ആർ ടി സിയുടെ തീരുമാനം. ചെക്കിംഗ് ഇൻസ്‌പെക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും സർവീസ് നടത്തുക. സ്റ്റോപ്പുകളിൽ നിന്ന് 50 ശതമാനം ആളുകളെ നിശ്ചയിച്ചു കയറ്റുന്നതിന് കണ്ടക്ടർമാർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ജില്ലകൾക്കുള്ളിൽ ഹോട്ട്‌സ്‌പോട്ടുകളിലൊഴികെ പ്രദേശങ്ങളിലായിരിക്കും ബസ് സർവീസ് പുനരാരംഭിക്കുക. ഇതോടൊപ്പം കർശന ഉപാധികളോടെ ഓട്ടോറിക്ഷകൾക്കും ടാക്‌സികൾക്കും സർവീസ് നടത്താൻ അനുമതി നൽകിയിരുന്നു. ഇതിന് പുറമെ ജില്ലകൾക്ക് പുറത്തേക്ക് യാത്രാ വിലക്ക് നീക്കിയതും ഏറെ ആശ്വാസമായിരുന്നു.
അതേസമയം, സർക്കാർ പ്രഖ്യാപിച്ച നിരക്കിലാണെങ്കിൽ ഇന്ന് മുതൽ സർവീസ് നടത്താനില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന അറിയിച്ചിരുന്നു. പ്രഖ്യാപിച്ച നിരക്ക് വർധന തൃപ്തികരമല്ല. ഡീസലിന്റെ നികുതിയും ഒഴിവാക്കണം. അല്ലാത്ത പക്ഷം നഷ്ടം സഹിച്ച് സർവീസ് നടത്താൻ കഴിയില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പക്ഷം. ഡീസലിന് ടാക്‌സ് ഒഴിവാക്കി സബ്‌സിഡി നൽകുമെങ്കിൽ മാത്രമേ സർവീസ് നടത്തൂവെന്നാണ് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഴ്‌സ് ജനറൽ സെക്രട്ടറി ടി ഗോപിനാഥ് പറഞ്ഞത്.
എന്നാൽ, സ്വകാര്യ ബസ് ഉടമകൾ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്നാണ് താൻ കരുതുന്നതെന്ന് ഗതാഗത മന്ത്രി പറഞ്ഞു. പ്രൈവറ്റ് ബസുകൾ ഓടാതിരുന്നത് പണിമുടക്കോ സമരമോ മൂലമല്ല. ലോക്ക്ഡൗൺ മൂലമാണ് ബസുകൾ ഓട്ടം നിർത്തിയത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെ തുടർന്നാണ് അത്യാവശ്യ യാത്രകൾക്ക് പരിമിതമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നത്. അവർക്ക് ആശ്വാസമാകാനാണ് കൊവിഡ് കാലത്തേക്ക് മാത്രം ബസ് ചാർജ് വർധിപ്പിക്കാമെന്ന് തീരുമാനിച്ചത്. മാത്രമല്ല, മൂന്ന് മാസക്കാലത്തേക്ക് ടാക്‌സ് അടക്കേണ്ടതില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ സാമ്പത്തിക പ്രയാസങ്ങൾ സർക്കാറിന്റെ ബാധ്യതയാണ്. ചർച്ച നടത്തി പരിഹരിക്കാൻ അവരൊരു പണിമുടക്കോ സമരമോ പ്രഖ്യാപിച്ചതല്ലെന്നും എല്ലാ ബസും ഓടിക്കാൻ അവരോട് പറഞ്ഞിട്ടില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.