Covid19
സാമൂഹിക അകലം പാലിക്കാതെ സമരം; കൊടിക്കുന്നില്‍ സുരേഷ് എം പിക്കെതിരെ കേസ്

ആലപ്പുഴ | കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിന് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസ്. ബോട്ടില്‍ യാത്ര ചെയ്ത് കൊണ്ട് നടത്തിയ സമരം സാമൂഹിക അകലം പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാമങ്കരി പോലീസ് കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസെടുത്തത്.
കുട്ടനാട്ടില്‍ പ്രളയ രക്ഷാ നടപടികള്‍ സമയബന്ധിതമായി സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് എംപിയുടെ നേതൃത്വത്തില്‍ ബോട്ടില്‍ യാത്ര ചെയ്ത് സമരം നടത്തിയത്. സാമൂഹ്യ അകലം പാലിക്കാതെ പരമാവധി പ്രവര്‍ത്തകരെ കൂട്ടി സമരം നടത്തിതിനാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
അതേസമയം, തൊടുപുഴയില്‍ ക്വാറന്റീന്‍ ലംഘിച്ചതിന് ആറ് പേര്‍ക്ക് എതിരെ കേസെടുത്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന നാല് പേര്‍ക്ക് എതിരെയും വിദേശത്ത് നിന്ന് വന്ന രണ്ട് പേര്‍ക്ക് എതിരെയുമാണ് കേസെടുത്തത്. വിദേശത്ത് നിന്ന് വന്നവര്‍ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകാതെ നേരെ വീട്ടിലേക്ക് പോയി. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ബാര്‍ബറുടെ വീട്ടില്‍ പോയി മുടി വെട്ടി. ഇയാളെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.