Connect with us

Covid19

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ഈയാഴ്ച സഊദിയില്‍ നിന്ന് ആറ് വിമാന സര്‍വീസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിദേശങ്ങളില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് ഈയാഴ്ച സഊദിയില്‍ നിന്ന് ആറ് വിമാന സര്‍വീസുകള്‍. വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഇത്രയും വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഇതില്‍ ആദ്യ സര്‍വീസ് കോഴിക്കോട്ടേക്കായിരിക്കും. ചൊവ്വാഴ്ച ഉച്ചക്ക് 12.45ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം യാത്ര തിരിക്കുക. രാത്രി എട്ടോടെ കരിപ്പൂരിലെത്തും. 145 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക. ഇതേ ദിവസം ദമാമില്‍ നിന്നും കൊച്ചിയിലേക്കും സര്‍വീസുണ്ട്.

ബുധനാഴ്ച റിയാദില്‍ നിന്ന് കണ്ണൂരിലേക്കാണ് അടുത്ത വിമാനം പറക്കുക. ഈ വിമാനം ബുധനാഴ്ച ഉച്ചക്ക് 12.45ന് പുറപ്പെട്ട് രാത്രി എട്ടിന് കണ്ണൂരിലെത്തും. ബുധനാഴ്ച തന്നെ ദമാമില്‍ നിന്ന് ബെംഗളൂരു വഴി ഹൈദരാബാദിലേക്കും ജിദ്ദയില്‍ നിന്ന് വിജയവാഡ വഴി ഹൈദരാബാദിലേക്കും സര്‍വീസുണ്ട്. ശനിയാഴ്ച റിയാദില്‍ നിന്ന് ഹൈദരാബാദ് വഴി വിജയവാഡയിലേക്കും സര്‍വീസുണ്ടാകും. റിയാദില്‍ നിന്ന് പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലേക്കുമുള്ള ടിക്കറ്റുകള്‍ എംബസി നല്‍കിയ ലിസ്റ്റ് പ്രകാരം ശനി, ഞായര്‍ ദിവസങ്ങളില്‍ വിതരണം ചെയ്തുകഴിഞ്ഞതായി എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.

Latest