Covid19
രണ്ട് ദിവസംകൊണ്ട് പതിനായിരത്തോളം കേസുകള്‍; ഇന്ത്യയില്‍ രോഗവ്യാപന തോത് ഉയരുന്നു

ന്യൂഡല്‍ഹി രാജ്യത്ത് പ്രമുഖ നഗരങ്ങള്‍ കേന്ദ്രീകരിച്ച് കൊവിഡ് നിയന്ത്രണാതീതമായി പരുക്കുന്നതായി വിദഗ്ദര്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പതിനായിരത്തിന് മുകളില്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് കാണിക്കുന്നത് കൊവിഡ് കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളേക്കാള്‍ ഉയര്‍ന്നതാണ് ഇന്ത്യയുടെ രോഗവ്യാപന തോതെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ഇതിനകം ഒരുലക്ഷത്തില്‍ പരം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൃത്യമായി പറഞ്ഞാല്‍ 1,01,139 രോഗികളാണ് ഇന്ത്യയിലുള്ളത്. തിങ്കളാഴ്ച മാത്രം 4,970 പുതിയ കേസുകളും 134 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,163 ആയി ഉയര്‍ന്നു. തിങ്കളാഴ്ച 2,350 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 39,174 ആയി.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ദിനേന 50ല്‍ കൂടുതല്‍ മരണം നടക്കുന്ന മഹാരാഷ്ട്രയുടെ സ്ഥിതി അതീവ ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2033 കേസുകളും 51 മരണവും റിപ്പോര്‍ട്ട് ചെയ്തു. മുംബൈില്‍ മാത്രം ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥീരികരിച്ചു. മഹാരാഷ്ട്രയില്‍ ഇതിനകം 35058 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1249 പേര്‍ മരണപ്പെടുകയും ചെയ്തു. കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലെക്‌സില്‍ 1100 ബെഡ് സൗകര്യം ഉള്ള കോവിഡ് ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു.
ഇന്നലെ മാത്രം 536 കേസുകള്‍ സ്ഥിരീകരിച്ച തമിഴ്‌നാടാണ് രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ളത്. സംസ്ഥാനത്ത് ഇതിനകം 11760 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 81 പേര്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍ മരണ നിരക്കില്‍ ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. ഗുജറാത്തില്‍ ഇന്നലത്തെ 35 അടക്കം 694 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. തുടര്‍ച്ചയായ ഇരുപതാം ദിവസവും മുന്നൂറിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ഗുജറാത്തില്‍ 11745 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഡല്‍ഹിയില്‍ 10054 രോഗികളും 168 മരണവും രാജസ്ഥാനില്‍ 5507 രോഗികളും 138 മരണവും മധ്യപ്രദേശില്‍ 5236 രോഗികളും 252 മരണവും ഉത്തര്‍പ്രദേശില്‍ 4,605 രോഗികളും 118 മരണവും ബംഗാളില്‍ 2,825 കേസുകളും 244 മരണവും റിപ്പോര്‍ട്ട് ചെയ്തു.