Saudi Arabia
വിമാന ടിക്കറ്റ് ലഭിച്ചില്ല; മലയാളി യുവതിയുടെ മൃതദേഹത്തെ അനുഗമിക്കാന്‍ കഴിയാതെ ഭര്‍ത്താവും മകളും

അബഹ | സഊദിയിലെ അബഹയില്‍ മരിച്ച ഭാര്യയുടെ മൃതദേഹത്തെ അനുഗമിക്കാനോ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാനോ കഴിയാതെ ദുഃഖം കടിച്ചമര്‍ത്തി കഴിയുകയാണ് ഭര്‍ത്താവും മകളും
ഏപ്രില്‍ രണ്ടിനാണ് അബഹയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനിയും അബഹ മെറ്റേണിറ്റി & ചില്‍ഡ്രന്‍സ് ആശുപത്രിയിലെ നഴ്‌സുമായ ലിജി സിമോനെ (31) കണ്ടെത്തിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു . കഴിഞ്ഞ അഞ്ചു വര്‍ഷമായി അബഹയില്‍ ജോലി ചെയ്തുവരികയായിരുന്നു. മൂന്നര മാസം മുന്‍പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്.ഭര്‍ത്താവ് സിബി ബാബുവിനും മകള്‍ക്കും കൂടെയായിരുന്നു താമസിച്ചിരുന്നത്
ലോക്ക്ഡൗണ്‍ മൂലം അബഹ വിമാനത്താവളം അടച്ചതിനാല്‍ എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ വഴി പ്രത്യേക യാത്രാ അനുമതി ലഭിച്ച ശേഷമാന് അബഹയിലല്‍ നിന്നും ജിദ്ദയിലേക്ക ്ആംബുലന്‍സില്‍ മൃതദേഹം റോഡ് മാര്‍ഗ്ഗം 700 കിലോമീറ്റര്‍ ദൂരെയുള്ള ജിദ്ദ വിമാനത്താവളത്തിലെത്തിച്ച് എമിറേറ്റ്‌സ് കാര്‍ഗോ വിമാനം വഴി നാട്ടിലേക്ക് അയച്ചത് .
ജിദ്ദയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കായി സിബുവിനും മകള്‍ക്കും ടിക്കറ്റിനായി ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടെങ്കിലും സീറ്റ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് മൃതദേഹത്തെ അനുഗമിക്കാന്‍ കഴിഞ്ഞില്ല .തിങ്കളാഴ്ച കൊല്ലം ചക്കുവള്ളി പോരുവഴി സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളിയില്‍ അന്ത്യ ശുശ്രൂഷകള്‍ നടത്തിയ ശേഷം മൃതദേഹം അടക്കം ചെയ്തു .നാട്ടിലേക്കുള്ള മടക്കയാത്രക്കുള്ള ടിക്കറ്റ് ലഭിച്ചാല്‍ ഉടന്‍ തന്നെ സിബിയും മകളും നാട്ടിലേക്ക് യാത്ര തിരിക്കും