Connect with us

Covid19

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ; രോഗബാധിതര്‍ 85000 കടന്നു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് രോഗികളുടെ എണ്ണം 85000 പിന്നിട്ടതോടെ വൈറസിന്റെ ഉത്ഭവ കേന്ദ്രമയ ചൈനയെ ഇന്ത്യ മറികടന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്. 85,546 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ചൈനയില്‍ ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 82,933 ആണ്. മരിച്ചവരുടെ എണ്ണത്തില്‍ ചൈന തന്നെയാണ് മുന്നില്‍. ഇന്ത്യയില്‍ ഇതുവരെ 2743 മരണം രേഖപ്പെടുത്തിയപ്പോള്‍ ചൈനയില്‍ മരിച്ചത് 4633 പേരാണ്. ചൈനയിലെ മരണനിരക്ക് 5.5 ശതമാനമാണെങ്കില്‍ ഇന്ത്യയില്‍ ഇത് 3.2 ശതമാനമാണ്.

മഹാരാഷ്ട്രയിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. മഹാരാഷ്ട്രയില്‍ പുതുതായി 1,576 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 29,100 ആയി. 24 മണിക്കൂറിനിടെ 49 മരണമാണ് ഇവിടെ രേഖപ്പെടുത്തിയത്. ആകെ മരണം 1068.

കോവിഡ് ഹോട്‌സ്‌പോട്ടുകളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടി. മുംബൈ ഉള്‍പ്പെടെയുള്ള മേഖലകള്‍ ഈമാസം 31വരെ അടഞ്ഞുകിടക്കും. പുണെ, ഔറംഗാബാദ്, സോലാപൂര്‍, സാംഗ്ലി ജില്ലകളിലും ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 10,000 പിന്നിട്ടു. 434 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 10,108 ആയി. ഇവിടെ കോവിഡ് മരണസംഖ്യ 71 ആയി.

കൊറോണ മുക്തമെന്നു പ്രഖ്യാപിച്ച ഗോവയിലും മണിപ്പുരിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. ബെംഗളൂരു നഗരത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 202 ആയി. ഒരാഴ്ചയായി കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടാകുന്നത്.