Covid19
രാജ്യത്തെ കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി 30,000 കോടി; ഇടത്തരം വരുമാനക്കാര്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതിക്ക് 70,000 കോടി

ന്യൂഡല്‍ഹി | രാജ്യത്തെ കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി 30,000 കോടി രൂപയുടെ അധിക സഹായം നല്‍കും. സ്വാശ്രയത്വ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള രണ്ടാംഘട്ട പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. ഗ്രാമീണ ബേങ്കുകള്‍, സഹകരണ സംഘങ്ങള്‍ എന്നിവ വഴി പണം വായ്പയായി നല്‍കാനാണ് പരിപാടി. രാജ്യത്തെ മൂന്ന് കോടിയോളം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് ഇത് പ്രയോജനപ്പെടും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയിലൂടെ രണ്ടര കോടി കര്‍ഷകര്‍ക്ക് വായ്പാ സഹായം നല്‍കും. ഇതിനായി രണ്ട് ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെയും ക്ഷീരകര്‍ഷകരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. നാല് ലക്ഷം കോടിയുടെ വായ്പ കര്‍ഷകര്‍ക്ക് വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു. ഇതിലൂടെ മൂന്നു കോടി കര്‍ഷകര്‍ക്ക് പലിശ കുറവുള്ള വായ്പ ലഭിച്ചു. നബാര്‍ഡ് വഴി 29,600 കോടി രൂപ ബേങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഇടത്തരം വരുമാനക്കാര്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതിക്ക് 70,000 കോടിയും മന്ത്രി പ്രഖ്യാപിച്ചു. ലഘു ഭവന വായ്പകള്‍ക്കുള്ള പലിശ സബ്സിഡി 2021 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. ആറ് ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയ്ക്ക് വരുമാനമുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്തെ 3.3 ലക്ഷത്തോളം ഇടത്തരം കുടുംബങ്ങള്‍ക്ക് ഇത് ഗുണകരമാകും. പദ്ധതിയിലൂടെ 70,000 കോടിയുടെ നിക്ഷേപം ഭവന നിര്‍മാണ മേഖലയിലുണ്ടാകും.