Connect with us

Covid19

ക്രമീകരണം പൂര്‍ത്തിയായ ഉടന്‍ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തില്‍ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എന്നാല്‍ ഏത് ദിവസമെന്ന് തീരുമാനിച്ചിട്ടില്ലെന്നും എക്‌സൈസ്മന്ത്രി ടി പി രാമകൃഷ്ണന്‍. കേന്ദ്രം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാലാണ് രാജ്യത്ത് മദ്യശാലകള്‍ അടച്ചത്. കേന്ദ്രം തന്നെ ഇളവ് വരുത്തിയതിനാല്‍ പല സംസ്ഥാനങ്ങളിലും മദ്യശാലകള്‍ തുറന്നു. കേരളവും തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ചില ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. ഇത് പൂര്‍ത്തിയായാല്‍ ഉചടന്‍ തുറക്കും.

കണ്‍സ്യൂമര്‍ഫെഡ്, ബീവറേജ് ഔട്ട്‌ലെറ്റുകളിലായി 301 മദ്യശാലകളാണ് കേരളത്തിലുള്ളത്. ഇവയെല്ലാം ഒന്നിച്ച് തുറക്കാനാണ് ആലോചിക്കുന്നത്. ജനങ്ങളുടെ തിരക്ക് കുറക്കാന്‍ ചില പ്രായോഗിക നടപടികള്‍ സ്വീകരിക്കും. ഇതിനായി മദ്യത്തിന്റെ ബുക്കിംഗ് ഓണ്‍ലൈന്‍ മുഖേന സ്വീകരിക്കും. തുടര്‍ന്ന് ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യും. ഓണ്‍ലൈനില്‍ ലഭിക്കുന്ന അറിയിപ്പിന് അനുസരിച്ചാണ് ഔട്ട്‌ലെറ്റില്‍ എത്തേണ്ടത്. ഒരേ സമയം അഞ്ച് പേര്‍ മാത്രമാകും ഇവിടെ ക്യൂവിലുണ്ടാകുക. മദ്യശാലകളുടെ പ്രവര്‍ത്തന സമയം കുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

വില വര്‍ധപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2018ലെ പ്രളയമുണ്ടായപ്പോള്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചായിരുന്നു പണം കണ്ടെത്തിയത്. നൂറ് ദിവസം ഇങ്ങനെ വരുമാനം കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കൊവിഡ് മൂലം നമ്മുടെ വരുമാനം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബീര്‍, വൈന്‍ വില്‍പ്പന നികുതി പത്ത് ശതമാനവും മറ്റ് മദ്യങ്ങങ്ങള്‍ക്ക് 35 ശതമാനവും വര്‍ധിപ്പിക്കുന്നത്. ഇത് അടിയന്തിരമായി പ്രാവര്‍ത്തികമാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കും.

ബാര്‍ ഹോട്ടലുകള്‍ ഇപ്പോള്‍ തുറക്കാന്‍ കഴിയില്ല. ഇതിനാല്‍ ബീവറേജില്‍ തിരക്ക് വരാന്‍ സൗകര്യമുണ്ട്. ഇതിനാല്‍ ബാര്‍ ഹോട്ടലില്‍ ഒരു പ്രത്യേക കൗണ്ടര്‍ തുറന്ന് പാര്‍സല്‍ നല്‍കും. ബീവറേജില്‍ വില്‍ക്കുന്ന വിലക്കായിരിക്കും ഇവിടെയും വില്‍പ്പന.

 

Latest