Connect with us

Covid19

സംസ്ഥാനത്ത് മദ്യത്തിന്റെ വില കുത്തനേകൂട്ടും; വരുന്നത് 35 ശതമാനം വരെ വര്‍ധനവ്

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യവില കൂട്ടി. തകര്‍ന്ന സാമ്പത്തിക അവസ്ഥയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് നീക്കം. വില വര്‍ധനവിനായി വില്‍പ്പന നിയമത്തില്‍ ഭേദഗതി വരുത്തും. മദ്യത്തിന് പത്ത് മുതല്‍ 35 ശതമാനംവരെ കൊവിഡ് സെസ് ഏര്‍പ്പെടുത്താനാണ് തീരുമാനം. ബിയറിനും വൈനിനും പത്ത് ശതമാനം വില വര്‍ധിപ്പിക്കും. ഏറ്റവും വില കൂടിയ മദ്യത്തിനായിരിക്കും 35 ശതമാനം വില വര്‍ധിപ്പിക്കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

മദ്യവില്‍പ്പനക്ക് വെര്‍ച്ചല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മദ്യം വേണ്ടവര്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണം. ഇവരെ പിന്നീട് ഓണ്‍ലൈനായി ക്യൂവില്‍ എത്തേണ്ട സമയം അറിയിക്കും. ബാറുകളില്‍ നിന്ന് മദ്യം പാര്‍സല്‍ നല്‍കാനും തീരുമാനിച്ചതായാണ് അറിയുന്നത്. ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യും.

ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാനും നീക്കം നടക്കുന്നതായാണ് ആലോചന. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയവും ചര്‍ച്ച ചെയ്തു. ബസുകള്‍ സാമൂഹിക അകലം പാലിച്ച് സര്‍വ്വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ് കൂട്ടുന്നതെന്നാണ് വിവരം. സാമൂഹിക അകലം പാലിച്ച് സര്‍വ്വീസ് നടത്തുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കുമെന്നും സര്‍വ്വീസ് നടത്താനാകില്ലെന്നും ബസ് ഉടമ സംഘടനകളുടെ പ്രതിനിധികള്‍ സര്‍ക്കാറിനെ ആവര്‍ത്തിച്ച് അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്ത് കൂടിയാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്.