Connect with us

Covid19

പ്രകടമായ കൊവിഡ് ലക്ഷണമില്ലാത്ത ട്രെയിന്‍ യാത്രക്കാരെ ക്വാറന്റൈന്‍ ചെയ്യേണ്ടതില്ല; ഡല്‍ഹി സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലേക്ക് ട്രെയിനുകളില്‍ എത്തുന്ന യാത്രക്കാരില്‍ പ്രകടമായ കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്തവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സ്റ്റാന്‍ഡേഡ് ഓപറേറ്റിംഗ് പ്രൊസീജ്യര്‍ (എസ് ഒ പി) പ്രകാരമുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. 15 പ്രത്യേക അന്തര്‍ സംസ്ഥാന യാത്രാ വണ്ടികളാണ് ഇന്നു മുതല്‍ സര്‍വീസ് ആരംഭിച്ചത്.

പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് വീട്ടില്‍ പോകാമെന്നും സാധ്യമാണെങ്കില്‍ അവര്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചെറിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് സെല്‍ഫ് അല്ലെങ്കില്‍ ഹോം ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച് ബോധവത്ക്കരിക്കും. ഇവരോട് സ്വയമേവയോ വീട്ടിലോ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെടും.

ട്രെയിനില്‍ കയറാന്‍ എത്തുന്ന എല്ലാവരെയും നിര്‍ബന്ധിത സ്‌ക്രീനിംഗിന് വിധേയരാക്കിയിട്ടുണ്ടെന്നതും പ്രകടമായ ലക്ഷണങ്ങളില്ലാത്തവരെ മാത്രമെ ട്രെയിനില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നതും റെയില്‍വേ മന്ത്രാലയം ഉറപ്പുവരുത്തും. റെയില്‍വേ സ്റ്റേഷനില്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം റെയില്‍വേ വകുപ്പിനായിരിക്കും.
വരുന്ന തീയതിയും സമയവും ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ വിശദമായ പട്ടികയുടെ പകര്‍പ്പ് ഒരു ദിവസമെങ്കിലും മുമ്പ് റെയില്‍വേക്ക് നല്‍കും. മെഡിക്കല്‍ സ്‌ക്രീനിംഗിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് ഇത്.

സാമൂഹിക അകലം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള സ്‌ക്രീനിംഗ് കൗണ്ടറുകള്‍ ഉള്‍പ്പെട്ട പ്രത്യേക സ്‌ക്രീനിംഗ് കൗണ്ടറുകള്‍ റെയില്‍വേ സംവിധാനിക്കും. എത്തിച്ചേരുന്ന യാത്രക്കാരുടെ എണ്ണത്തിന് അനുസൃതമായ എണ്ണം കൗണ്ടറുകള്‍ സ്ഥാപിക്കും. മെഡിക്കല്‍ സംഘത്തിനും യാത്രക്കാര്‍ക്കും ആവശ്യമായ ഫര്‍ണിച്ചറുകള്‍ സ്‌ക്രീനിംഗ് ഏരിയയിലും കൗണ്ടറുകളിലും സജ്ജീകരിക്കുമെന്നും മാര്‍ഗ നിര്‍ദേശങ്ങളില്‍ പറഞ്ഞിട്ടുണ്ട്.