Covid19
ചോദ്യങ്ങളോട് അസഹിഷ്ണുത; വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് ട്രംപ്

ന്യൂയോര്‍ക്ക് | കൊവിഡുമായി ബന്ധപ്പെട്ട് വൈറ്റ്ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയെ വംശീയമായി അധിക്ഷേപിച്ചും ചോദ്യങ്ങളില്‍ ഉത്തരം മുട്ടിയപ്പോല്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നടപടി വിവാദത്തില്‍. ഇന്നലെ നടന്ന വാര്‍ത്താസമ്മേളനമാണ് വലിയ വിവാദങ്ങള്‍ക്കിടയാക്കിയത്.
സി ബി എസ് ന്യൂസിന്റെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റായ വെയ്ജ ജിയാങ്ങിനെയാണ് ട്രംപ് വംശീയമായി അധിക്ഷേപിച്ചത്. 80000 ത്തിലധികം അമേരിക്കക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തില്‍ എന്തുകൊണ്ടാണ് കൊവിഡ് പരിശോധന ഒരു ആഗോള മത്സരമായി താങ്കള്‍ കണക്കാക്കുന്നതെന്നായിരുന്നു വെയ്ജ ജിയാങ്ങിന്റെ ചോദ്യം. ഇതില്‍ പ്രകോപിതനായ ട്രംപ് അത് നിങ്ങള്‍ ചൈനയോട് ചോദിക്കുന്നതായിരിക്കും നല്ലതെന്നാണ് ട്രംപ് മറുപടി നല്‍കിയത്.
ചൈനയില്‍ ജനിച്ച വെയ്ജ ജിയാങ് രണ്ടു വയസുള്ളപ്പോള്‍ അമേരിക്കയിലേക്ക് കുടിയേറിയതാണ്. അതേ സമയം എന്തിനാണ് എന്നോട് പ്രത്യേകമായി ഈ ചോദ്യം ചോദിക്കുന്നതെന്ന് ഇവര്‍ തിരിച്ചു ചോദിച്ചു. എന്നാല്‍ പ്രത്യേകം പറഞ്ഞതല്ല. മോശമായ ചോദ്യം ചോദിക്കുന്ന എല്ലാവരോടും ആണ് ഞാനത് പറഞ്ഞതെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇതൊരു മോശമായ ചോദ്യമാകുന്നതെങ്ങനെയെന്ന മറു ചോദ്യത്തിന് ട്രംപ് മറുപടി നല്‍കാതിരിക്കുകയും മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ നേരെ അടുത്ത ചോദ്യത്തിനായി വിരല്‍ ചൂണ്ടുകയും ചെയ്തു.
എന്നാല്‍ ആ റിപ്പോര്‍ട്ടറുടെ ചോദ്യം കേള്‍ക്കാനും ട്രംപ് തയ്യാറായില്ല. എനിക്ക് രണ്ടു ചോദ്യം ചോദിക്കാനുണ്ട്- സി എന്‍ എന്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞു. എന്നാല്‍ ട്രംപ് പറ്റില്ലെന്ന് പറഞ്ഞു. അടുത്ത റിപ്പോര്‍ട്ടര്‍ക്ക് അവസരം നല്‍കിയതിനിടെ എനിക്ക് നേരെയാണ് താങ്കള്‍ വിരല്‍ ചൂണ്ടിയതെന്ന് ഈ റിപ്പോര്‍ട്ടര്‍ പറഞ്ഞു. എന്നാല്‍ നിങ്ങള്‍ക്ക് അവസരം നല്‍കിയപ്പോള്‍ പ്രതികരിച്ചില്ലെന്നാണ് ട്രംപ് മറുപടി നല്‍കിയത്. താന്‍ വെയ്ജ ജിയാങിന്റെ ചോദ്യം പൂര്‍ത്തീകരിക്കാന്‍ സമയം നല്‍കിയതാണെന്ന് റിപ്പോര്‍ട്ടര്‍ മറുപടി നല്‍കി. തുടര്‍ന്ന് ക്ഷുഭിതനായ ട്രംപ് വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.