Connect with us

Covid19

മദ്യത്തിന്റെ ഹോം ഡെലിവറി ആലോചിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തീരുന്നതുവരെ മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കരുതെന്നും ഇപ്പോള്‍ തുറന്നവ അടച്ച്പൂട്ടാന്‍ ഉത്തരവ് ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ ഉത്തരവ് ഒന്നും പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.

സാമൂഹിക അകലം പാലിക്കുന്നതിന് മദ്യം ഓണ്‍ലൈനായി ഓണ്‍ലൈനായി ഓര്‍ഡര്‍ സ്വീകരിച്ച് വീടുകളില്‍ എത്തിച്ച്‌ വിതരണം ചെയ്യാന്‍ പറ്റുമോയെന്ന് സംസ്ഥാനങ്ങള്‍ പരിശോധിക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരവ് ഒന്നുമില്ല. സംസ്ഥാനങ്ങള്‍ക്കാണ് തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കൗള്‍, ബി.ആര്‍.ഗവായ് എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗാമായിട്ടാണ് രാജ്യത്ത് ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ മദ്യവില്‍പനക്ക് അനുമതി നല്‍കിയത്.

എന്നാല്‍ മദ്യവില്‍പനശാലകള്‍ക്ക് മുമ്പില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച് വന്‍തിരക്ക് രൂപപ്പെട്ടത് ആശങ്കകള്‍ക്കിടയാക്കിയിരുന്നു. പലയിടങ്ങളിലും പോലീസ് ലാത്തിചാര്‍ജ് നടത്തുകയുണ്ടായി. എങ്കിലും പത്തോളം സംസ്ഥാനങ്ങളില്‍ മദ്യ വില്‍പ്പന തുടരുന്നുണ്ട്. അതിനിടെ പഞ്ചാബ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.