Connect with us

Covid19

24 മണിക്കൂറിനിടെ രാജ്യത്ത് 103 മരണം; രോഗബാധിതരുടെ എണ്ണത്തിലും വലിയ വര്‍ധന

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19 വൈറസ് ഇന്ത്യയിലും നിയന്ത്രണാതീതമായി പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 103 മരണവും 3390 പുതിയ രോഗികളുമാണ് രാജ്യത്തുണ്ടായത്. ഗുജറാത്തും മാഹാരാഷ്ട്രയും വലിയ ദുരന്ത മുഖത്താണെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയില്‍ ഇതിനകം 56342 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1886 ജീവനും പൊലിഞ്ഞു. ഇതിനകം 16540 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഇന്നലെ1273 പേര്‍ ആശുപത്രിവിട്ടു.

മഹാരാഷ്ട്രയില്‍ 17974 പേര്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. 694 പേര്‍ മരണപ്പെട്ടു. സംസ്ഥാനത്ത് ഇന്നലെ മാത്രം1216 പുതിയ രോഗികളും 43 മരണവുമുണ്ടായത്. തലസ്ഥാനമായ മുംബൈയാണ് രോഗത്തിന്റെ ഹോട്ട്‌സ്‌പോട്ട്. ഇവിടത്തെ വിവിധ ആശുപത്രികളില്‍ രോഗികള്‍ക്ക് മതിയായ ചികിത്സ പോലും ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ രോഗം അതിവേഗം പടരുകയാണ്.
ഗുജറാത്താണ് മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം. 24 മണിക്കൂറിനിടെ 29 മരണവും387 പുതിയ രോഗികളും ഇവിടെയുണ്ടായി. ഗുജറാത്തില്‍ ഇതിനകം 7012 പേര്‍ക്ക് രോഗം പിടിപ്പെട്ടപ്പോള്‍ 425 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വ്യാവസായിക നഗരമായ അഹമ്മദാബാദിലാണ് സ്ഥിതി അപകടകരമായി മുന്നോട്ട് പോകുന്നത്.

ഡല്‍ഹിയില്‍ ഇന്ന് ഇന്തോ- തിബറ്റന്‍ ബോര്‍ഡര്‍ സേനയിലെ 30 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഐ ടി ബി പി, ബി എസ് എഫ് തുടങ്ങിയ അര്‍ധ സൈനിക വിഭാഗത്തിലെ രോഗബാധിതരുടെ എണ്ണം 90 ആയി. ഡല്‍ഹിയില്‍ ഇതിനകം 5980 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 66 മരണങ്ങളുണ്ടായി. ഇന്നലെ മാത്രം ഡല്‍ഹിയില്‍ 580 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തമിഴ്‌നാട്ടില്‍ 5409 പേര്‍ രോഗം ബാധിച്ചപ്പോള്‍ 37 മരണങ്ങളുണ്ടായി. രാജസ്ഥാനില്‍ 3427 കേസും 97 മരണവും മധ്യപ്രദേശില്‍ 3252 കേസുകളും 193 മരണവും ഉത്തര്‍പ്രദേശില്‍ 3071 കേസും 62 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യു പിയിലെ ആഗ്രയില്‍ ഒരു മാധ്യമ പ്രവര്‍ത്തകര്‍ കൊവിഡ് ബാധിച്ച് മരിച്ചു.