Connect with us

Kerala

ജില്ല വിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക പാസ്; ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരും നിരീക്ഷണത്തിലേക്കു മാറണം

Published

|

Last Updated

തിരുവനന്തപുരം | ജില്ല വിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക പാസ് ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാസ് ലഭിക്കാനായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. www.pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പാസിന് അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ മൊബൈല്‍ ഫോണിലേക്ക് പാസിന്റെ ലിങ്ക് ലഭിക്കും. അതത് പോലീസ് സ്റ്റേഷനുകളെ ബന്ധപ്പെട്ട് പാസ് ലഭിക്കാന്‍ ജനങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകളുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസികള്‍ക്കു പുറമെ, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരും നിരീക്ഷണത്തിലേക്കു മാറണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ നിര്‍ദേശിച്ചു. ഹോട്ട് സ്‌പോട്ടുകളില്‍ നിന്നാണ് വരുന്നതെങ്കില്‍ സര്‍ക്കാര്‍ സജ്ജീകരിച്ച ക്വാറന്റൈന്‍ സംവിധാനത്തില്‍ ഏഴു ദിവസം കഴിയണം. ഏഴാം ദിവസം പി സി ആര്‍ ടെസ്റ്റിനു വിധേയരാക്കും. വാളയാറില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെ തിരക്ക് കുറയ്ക്കുന്നതിന് പരിശോധന വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാടുകാണി ചുരം വഴി കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം പ്രാദേശികമായി ഉയര്‍ന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ട് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest