Connect with us

Covid19

പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം ഒരുങ്ങി; രണ്ടു വിമാനങ്ങള്‍ വ്യാഴാഴ്ച എത്തും

Published

|

Last Updated

കൊച്ചി | വിദേശത്തു നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം ഒരുങ്ങി. രണ്ട് വിമാനങ്ങള്‍ മാത്രമാണ് വ്യാഴാഴ്ച എത്തുന്നത്. അബൂദബി-കൊച്ചി, ദുബൈ കോഴിക്കോട് വിമാനങ്ങളാണ് എത്തുക. സഊദി അറേബ്യയില്‍ നിന്നുള്ള ഒരു വിമാനം ശനിയാഴ്ചത്തേക്ക് മാറ്റിയതായി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു. കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലായാണ് വിമാനങ്ങള്‍ എത്തിച്ചേരുക.

പ്രവാസികളെ സ്വീകരിക്കുന്നതിന് വിമാനത്താവളങ്ങളില്‍ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. തെര്‍മല്‍ സ്‌കാനര്‍ വഴിയാണ് യാത്രക്കാരെ കടത്തിവിടുക. ആര്‍ക്കെങ്കിലും ശരീരോഷ്മാവ് കൂടുതലുണ്ടെങ്കില്‍ ഇതിലൂടെ അറിയാം. ഇവരെ പ്രത്യേകമായി ഐസൊലേറ്റ് ചെയ്യും. കാര്യമായ രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ എയര്‍സൈഡ് വഴി പ്രത്യേക ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കും.

ആരോഗ്യ വകുപ്പിന്റെ പരിശോധനക്കു ശേഷം സെല്‍ഫ് ഡിക്ലറേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കണം. പിന്നീട് യാത്രക്കാര്‍ക്ക് എമിഗ്രേഷനിലേക്ക് പോകാം. വിമാനത്തില്‍ നിന്നിറക്കിയ ബാഗേജുകള്‍ അണുവിമുക്തമാക്കിയ ശേഷമാകും കണ്‍വെയര്‍ ബെല്‍റ്റിലെത്തിക്കുക.
യാത്രക്കാര്‍ക്ക് ബാഗേജ് ലഭിച്ച ശേഷം വിശ്രമിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് സര്‍ക്കാര്‍ അധികൃതര്‍ ഇവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനായി കൊണ്ടുപോകും. മടങ്ങിയെത്തുന്ന എല്ലാ പ്രവാസികളും 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയേണ്ടത് നിര്‍ബന്ധമാണ്.