Connect with us

Kerala

മുട്ടയുമായെത്തിയ ലോറിയിലെ ഡ്രൈവര്‍ക്ക് കൊവിഡ്: കോട്ടയത്ത് പത്ത് പേരെ നിരീക്ഷണത്തിലാക്കി

Published

|

Last Updated

കോട്ടയം| തമിഴ്‌നാട്ടില്‍ നിന്ന് മുട്ടയുമായെത്തിയ ലോറിയിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന പത്ത് പേരെ കോട്ടയത്ത് നിരീക്ഷണത്തിലാക്കി. ഇയാള്‍ മുട്ടയെത്തിച്ച മൂന്ന് കടകള്‍ അടപ്പിച്ചു. ഇതിന് പുറമെ ജില്ലയിലെ നിയന്ത്രിത മേഖലകളുടെ എണ്ണം കൂട്ടി.

തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്ന് ഇക്കഴിഞ്ഞ മൂന്നിന് മുട്ടയുമായി കോട്ടയത്തെത്തിയ ലോറി ഡ്രൈവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ മുട്ടയെത്തിച്ച അയര്‍ക്കുന്നം, സംക്രാന്തി എന്നിവിടങ്ങളിലെയും കോട്ടയം നഗരത്തിലെയും ഓരോ കടകള്‍ വീതം അടപ്പിച്ചു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തല്‍. അതേസമയം, നേരത്തെ കൊവിഡ് സ്ഥിരീകരിച്ച മേഖലകള്‍ ഉള്‍പ്പെടുന്ന കൂടുതല്‍ തദ്ദേശ സ്ഥാപന വാര്‍ഡുകളെ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് എട്ട് പഞ്ചായത്തുകളിലായി പത്ത് വാര്‍ഡുകള്‍ നിയന്ത്രിത മേഖലയായി. ചങ്ങനാശേരി നഗരസഭയുടെ 33ാം വാര്‍ഡും കോട്ടയം നഗരസഭയുടെ രണ്ട്, എട്ട് വാര്‍ഡുകളും നിയന്ത്രിത മേഖലയായി. നേരത്തെ രോഗികളുടെ വീടുള്‍പ്പെടുന്ന പ്രദേശം മാത്രമായിരുന്നു നിയന്ത്രിത മേഖല. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയത്ത് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആറ് പേരാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്.

Latest