Connect with us

Gulf

ജീവന്‍ രക്ഷാ മരുന്നുകള്‍ ദിവസങ്ങള്‍ക്കകം നാട്ടില്‍ നിന്നും റിയാദിലേക്ക്; ഐ സി എഫ് പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

റിയാദ് | ആശങ്കകളും സംശയങ്ങളും ദൂരീകരിച്ച് കേരളത്തില്‍ നിന്നുമുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍ കഴിഞ്ഞ ദിവസം റിയാദില്‍ എത്തി. ഐ സി എഫ് റിയാദ് സാന്ത്വനം നടത്തിയ ശ്രമഫലമായി ഹൃദയ രോഗിയായ ആലപ്പുഴ സ്വദേശി വെളുംപറമ്പില്‍ ഷൗക്കത്ത് അലിക്കാണ് താന്‍ കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി കഴിച്ചുകൊണ്ടിരിക്കുന്നു ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭിച്ചത്. നാട്ടില്‍ നിന്നും മരുന്നെത്തിക്കാന്‍ നിയമപരമായ തടസ്സങ്ങള്‍ ഉണ്ടെന്ന ആശങ്കകള്‍ക്ക് ഇതോടെ വിരാമമായതായി റിയാദ് ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു. നോര്‍ക്ക റൂട്ട്‌സ് , ഡി എച്ച് എല്‍ കൊറിയര്‍ സര്‍വീസ്, എസ് വൈ എസ് കേരള സാന്ത്വനം തുടങ്ങിയവയുടെ സഹകരണം ഉണ്ടായതു കൊണ്ടാണ് ഒരാഴ്ച്ച കൊണ്ട് മരുന്നെത്തിക്കാന്‍ കഴിഞ്ഞെതെന്നും അവര്‍ പറഞ്ഞു.

പതിനൊന്ന് വര്‍ഷം മുമ്പ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഷൗക്കത്ത് അലിക്ക് മരുന്നെത്തിക്കാന്‍ അവരുടെ കുടുംബം സഹായം തേടുന്നതായി സാമൂഹിക മാധ്യമത്തിലൂടെ അറിഞ്ഞ ഐ സി എഫ് റിയാദ് വെല്‍ഫെയര്‍ സെക്രട്ടറി ഷുക്കൂര്‍ മടക്കര ഷൗക്കത്തിനെ ബന്ധപ്പെടുകയായിരുന്നു.
സാധാരണയായി നാട്ടില്‍ പോയി വരുമ്പോഴും സുഹൃത്തുക്കള്‍ വഴിയുമായിരുന്നു ആവശ്യമായ മരുന്നെത്തിച്ചിരുന്നത്. എന്നാല്‍, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ അവതാളത്തിലായി. മരുന്നുകള്‍ കിട്ടാന്‍ വഴിയില്ലാതെ വന്നപ്പോള്‍ ഡോക്ടര്‍മാരെ കണ്ടു പകരം മരുന്നെഴുതി വാങ്ങിച്ചെങ്കിലും അവ ഉപയോഗിച്ചതോടെ അലര്‍ജി ബാധിച്ചു. തുടര്‍ന്ന് നാട്ടിലുള്ള ഡോക്ടറുടെ നിര്‍ദേശപ്രകാരം അളവ് കുറച്ചു കഴിക്കുകയായിരുന്നു.

ഈ സമയത്താണ് റിയാദ് ഐ സി എഫ് സാന്ത്വനം പ്രവര്‍ത്തകര്‍ ഷൗക്കത്തുമായി ബന്ധപ്പെടുന്നത്. വിവരങ്ങള്‍ മനസ്സിലാക്കിയ ഐ സി എഫ് പ്രവര്‍ത്തകര്‍ മാതൃ സംഘടനയായ സുന്നി യുവജന സംഘത്തിന്റെ ആലപ്പുഴ ജില്ലാ സാന്ത്വനം വളണ്ടിയര്‍ വിംഗുമായി ബന്ധപ്പെട്ട് മരുന്നെത്തിക്കനുള്ള സാധ്യതകള്‍ ആരാഞ്ഞു. തുടര്‍ന്ന് നോര്‍ക്ക പുതുതായി ഏര്‍പ്പെടുത്തിയ സംവിധനം ഉപയോഗപ്പെടുത്തുകയായിരുന്നു. ആലപ്പുഴയിലെ ഷൗക്കത്തിന്റെ വീട്ടില്‍ നിന്നും മരുന്ന് കൈപ്പറ്റിയ സാന്ത്വനം പ്രവര്‍ത്തകര്‍, നോര്‍ക്കയുടെ നിര്‍ദേശപ്രകാരം കൊച്ചിയിലെ ഡി എച്ച് എല്‍ കൊറിയര്‍ കമ്പനിയുടെ പ്രത്യേക കൗണ്ടറില്‍ എത്തി. കൊറിയര്‍ ചാര്‍ജായ 2880 രൂപയും എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ നല്‍കി. അവിടെ നിന്നും ഒരഴ്ചകൊണ്ട് റിയാദ് ഐ സി എഫ് വെല്‍ഫെയര്‍ സെക്രട്ടറി ഷുക്കൂര്‍ മടക്കരയുടെ പേരില്‍ റിയാദില്‍ എത്തിയ മരുന്ന് ഏറ്റുവാങ്ങി ഷൗക്കത്തിന് കൈമാറി.

യാതൊരുവിധ നിയമ തടസ്സങ്ങളും നേരിടാതെയാണ് മരുന്നുകള്‍ ലഭിച്ചതെന്ന് ഐ സി എഫ് സര്‍വീസ് സമിതി അംഗം ഇബ്രാഹിം കരീം പറഞ്ഞു. എസ് വൈ എസ് കേരള സാന്ത്വനം കമ്മിറ്റിയുമായി സഹകരിച്ച്, കേരളത്തില്‍ എവിടെ നിന്നും മരുന്നുകള്‍ സഊദിയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും എത്തിക്കാന്‍ ഐ സി എഫ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിയാദിലും പരിസര പ്രദേശങ്ങളിലും ഉള്ള ആര്‍ക്കെങ്കിലും ഇത്തരത്തിലുള്ള സേവനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ഐ സി എഫ് ഹെല്‍പ് ഡെസ്‌കുമായി 0504756357 ബന്ധപ്പെടാവുന്നതാണെന്ന് ഐ സി എഫ് സര്‍വീസ് സെക്രട്ടറി സൈനുദ്ദീന്‍ കുനിയില്‍ പറഞ്ഞു.