Connect with us

International

കിം ജോങ് ഉന്‍ ചികിത്സക്കോ ശസ്ത്രക്രിയക്കോ വിധേയനായിട്ടില്ലെന്ന് ദക്ഷിണ കൊറിയ

Published

|

Last Updated

സിയോള്‍  |ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ യാതൊരുവിധ ശസ്ത്രക്രിയക്കും വിധേയനായിട്ടില്ലെന്ന് ദക്ഷിണ കൊറിയ. കിം ജോങ് ഉന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ദക്ഷിണ കൊറിയ ഇക്കാര്യം അറിയിച്ചത്.
കിം ജോങ് ഉന്‍ ഏതെങ്കിലും തരത്തിലുള്ള ചികിത്സക്കോ ശസ്ത്രക്രിയക്കോ വിധേയനായിട്ടില്ലെന്ന് സ്ഥിരീകരിച്ചതായി ദക്ഷിണ കൊറിയയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു. കിം 20 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും പൊതു പരിപാടിയില്‍ പങ്കെടുത്തെങ്കിലും ഇപ്പോഴും കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

വെള്ളിയാഴ്ച പ്യോങ്യാങ്ങില്‍ കിം ജോങ് ഉന്‍ ഒരു വളം ഫാക്ടറിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതായി ഉത്തര കൊറിയ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഉത്തരകൊറിയ പുറത്തുവിട്ടിരുന്നു. കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉത്തരകൊറിയ തള്ളുകയും ചെയ്തിരുന്നു.

കിം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും ഇതിനു ശേഷം സ്ഥിതി ഗുരുതരമാവുകയും മസ്തിഷ്‌കമരണം സംഭവിക്കുകയും ചെയ്‌തെന്നും അമേരിക്കന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Latest