Connect with us

Covid19

ചെന്നൈയിലെ കോയമ്പമേട് രോഗവ്യാപന കേന്ദ്രമായി മാറുന്നു; ആശങ്കയോടെ ആരോഗ്യ വകുപ്പ്

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടിലെ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് കൊവിഡ് രോഗ ബാധിതരായവരുടെ എണ്ണം കൂടുന്നത് ആശങ്കയേറ്റുന്നു. ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പടെ 151 പേര്‍ രോഗബാധിതരായി എന്നാണ് തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്ക്. വെല്ലൂരില്‍ മലയാളി ബേങ്ക് ജീവനക്കാരനും ചെന്നൈയില്‍ മലയാളി കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു.

തിരുവികാ നഗറില്‍ പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുത്ത മലയാളികള്‍ ഉള്‍പ്പെടെ 259 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വെല്ലൂര്‍, റാണിപേട്ട്, ആരക്കോണം എന്നിവടങ്ങളില്‍ 21 ബേങ്ക് ജീവനക്കാര്‍ രോഗബാധിതരായിട്ടുണ്ട്. ഒന്‍പത് വിവിധ ബേങ്ക് ബ്രാഞ്ചുകള്‍ അടച്ചിട്ടു. കൊവിഡ് സ്ഥിരീകരിച്ച മലയാളി ജീവനക്കാരന്റെ ചെന്നൈയിലെ കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി.

ചെന്നൈയില്‍ രോഗ വ്യാപനം ഇരട്ടിക്കുകയാണ്. പതിനായിരക്കണക്കിന് പേര്‍ വന്നുപോയിരുന്ന കോയമ്പേട് മാര്‍ക്കറ്റും പ്രാര്‍ഥനാ ചടങ്ങ് നടന്ന തിരുവികാ നഗറിലെ പള്ളിയുമാണ് പ്രധാന ഹോട്ട്‌സ്‌പോട്ടുകള്‍. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ പച്ചക്കറിച്ചന്തയാണ് കോയമ്പേട്. കച്ചവടക്കാര്‍, ലോറിഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പടെ കോയമ്പേടിലേത് നീണ്ട സമ്പര്‍ക്ക പട്ടികയാണ് എന്നത് ആരോഗ്യവകുപ്പിന് മുന്നില്‍ ചില്ലറ വെല്ലുവിളിയല്ല ഉയര്‍ത്തുന്നത്. വില്ലുപുരത്ത് തിരിച്ചെത്തിയ 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോയമ്പേട് നിന്ന് വിവിധ ജില്ലകളിലേക്ക് മടങ്ങിപ്പോയവരെ തിരിച്ചറിയാനാണ് നിലവില്‍ ശ്രമം നടക്കുന്നത്. കോയമ്പേട് നിന്ന് രോഗബാധിതരായവരെക്കൂടി കൂട്ടിയാല്‍ വിളുപുരത്ത് ആകെ 86 രോഗബാധിതരുണ്ടെന്നാണ് കണക്ക്.

മദ്രാസ് ഹൈക്കോടതി പൂര്‍ണമായും അടച്ചിടണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. നിലവില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രവര്‍ത്തനം നടക്കുന്നത്.അതേ സമയം രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോടതി പൂര്‍ണമായും അടച്ചിടണമെന്ന ആവശ്യം ബഹുഭൂരിപക്ഷം അഭിഭാഷകരും ഉയര്‍ത്തുന്നുണ്ട്. ഒരാഴ്ച കൊണ്ടാണ് ചെന്നൈയില്‍ രോഗികളുടെ എണ്ണം ആയിരം കവിഞ്ഞത്.

Latest