Connect with us

National

ഹദ്വാര ഏറ്റ്മുട്ടല്‍: ലശ്കര്‍ ഇ ത്വയ്ബ കമാന്‍ഡറും കൊല്ലപ്പെട്ടു

Published

|

Last Updated

ജമ്മു | രണ്ട് ഭീകരരും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട ജമ്മുകശ്മീരിലെ ഹന്ദ്വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ലശ്കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ ഹൈദര്‍ കൊല്ലപ്പെട്ടതായി വിവരം. ഭീകരര്‍ വീടിനുള്ളില്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. ഹന്ദ്വാരയിലെ ചങ്കിമുള്ളയില്‍ ഭീകരര്‍ എത്തിയ വിവരത്തെ തുടര്‍ന്നാണ് കരസേനയും ജമ്മുകശ്മീര്‍ പോലീസും ഇന്നലെ സംയുക്ത ഓപ്പറേഷന്‍ തുടങ്ങിയത്.

സേന ഈ മേഖല വളഞ്ഞതോടെ ഭീകരര്‍ ഒരു വീട്ടിനുള്ളിലേക്ക് കയറി ഒളിച്ചിരുന്നു. ചില നാട്ടുകാരെ വീട്ടിനുള്ളില്‍ ഈ ഭീകരര്‍ ബന്ധികളാക്കുകയും ചെയ്തു. ഭീകരര്‍ ഒളിച്ചിരുന്ന വീട് ലക്ഷ്യമാക്കി നീങ്ങിയ സേന മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലാണ് നടത്തിയത്.

ഏറ്റുമുട്ടലില്‍ കേണല്‍ അശുദോഷ് ശര്‍മ്മ, മേജര്‍ അനൂജ് സൂദ്, ജവാന്മാരായ രാജേഷ്, ദിനേശ് എന്നിവരും ജമ്മുകശ്മീര്‍ പൊലീസിലെ ഒരു എസ്‌ഐയും കൊല്ലപ്പെട്ടിരുന്നു. കനത്ത മഴയിലായിരുന്നു ഇരുട്ടത്തുള്ള സേനയുടെ ഓപ്പറേഷന്‍. ഈ മേഖലയില്‍ സേന തിരച്ചില്‍ തുടരുകയാണ്. ധീരതക്കുള്ള അവാര്‍ഡ് രണ്ടുതവണ നേടിയ ഉദ്യോഗസ്ഥനാണ് കേണല്‍ അശുദോഷ് ശര്‍മ്മ. ഇദ്ദേഹമാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയിരുന്നത്.

അതേ സമയം കൊല്ലപ്പെട്ട സൈനികരുടെ ധീരതയും ത്യാഗവും രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു ആത്മാര്‍ത്ഥതയോടെ രാജ്യസേവനം നടത്തിയെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി വിശ്രമമില്ലാതെ സൈനികര്‍ ജോലി ചെയ്‌തെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സൈനികരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുംഖത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.