Connect with us

Covid19

ആശ്വാസ ദിനം; സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡില്ല; ഒമ്പത് പേർക്ക് രോഗമുക്തി

Published

|

Last Updated

തിരുവനന്തപുരം |  നാൽപത്തി നാല് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ഒരു കൊവിഡ് രോഗി പോലുമില്ലാത്ത ആശ്വാസ ദിനം. അതേസമയം ഒമ്പത് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നാല് പേർ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 392 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നുംമുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്ന് ആരോഗ്യ വകുപ്പ് വാർത്താ കുറിപ്പിൽ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 106 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 1862 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 999 സാമ്പിളുകള്‍ നെഗറ്റീവായി. സമൂഹത്തില്‍ കൊവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 3128 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 3089 എണ്ണം നെഗറ്റീവ് ആണ്. ഇതില്‍ പോസിറ്റീവായ 4 ഫലങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ച 14 സാമ്പിളുകള്‍ ലാബുകളില്‍ പരിശോധിച്ച് വരികയാണ്. ഇതുകൂടാതെ ലാബുകള്‍ തിരസ്‌കരിച്ച 21 സാമ്പിളുകളും ലാബുകള്‍ പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ട്.

പുതുതായി 10 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 80 ആയി.

---- facebook comment plugin here -----