Connect with us

Covid19

കൊവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ പിറന്നാള്‍ കേക്ക്; മലയാളി നഴ്സിന് സഹ പ്രവര്‍ത്തകരുടെ സര്‍പ്രൈസ്

Published

|

Last Updated

അബൂദബി | അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെയും കൊവിഡ് സ്ഥിരീകരിച്ചെത്തുന്നവരെയും പരിചരിക്കാനുള്ള തിരക്കുകള്‍ക്കിടെ പിറന്നാളാഘോഷം മറന്ന മലയാളി നഴ്സിന് സര്‍പ്രൈസുമായി സഹപ്രവര്‍ത്തകര്‍. അബൂദബി വി പി എസ്-മെഡിയോര്‍ ആശുപത്രി അത്യാഹിത വിഭാഗത്തിലെ നഴ്‌സായ അഞ്ജു അംബിദാസിനാണ് പി പി ഇയിലെത്തിയ സഹപ്രവര്‍ത്തകര്‍ പിറന്നാള്‍ കേക്ക് സമ്മാനിച്ചത്. അപ്രതീക്ഷിതമായി എത്തിയ കേക്ക് അഞ്ജുവിന് ഇരട്ടി മധുരമായി.

കൊവിഡ് പകര്‍ച്ചയെ തുടര്‍ന്ന് നിരവധി പേരാണ് പരിശോധനക്കും അഡ്മിറ്റ് ആകാനുമായി ആശുപത്രിയില്‍ എത്തുന്നത്. രോഗം സ്ഥിരീകരിച്ച് അത്യാഹിത വിഭാഗത്തില്‍ എത്തുന്നവര്‍ക്ക് അടിയന്തര പരിചരണം നല്‍കുന്നതടക്കമുള്ള ചുമതലകളാണ് തിരുവനന്തപുരം സ്വദേശിനിയായ അഞ്ജു ആഴ്ചകളായി നിര്‍വഹിക്കുന്നത്. പത്തു മണിക്കൂര്‍ വരെ നീളുന്ന ജോലി സമയത്തിനിടെ പിറന്നാള്‍ ആഘോഷത്തെ കുറിച്ചൊന്നും അഞ്ജു ഓര്‍ത്തിരുന്നില്ല. ജോലിക്കിടെ ഒരു ബോക്‌സുമായി സഹപ്രവര്‍ത്തകര്‍ വരുന്നത് കണ്ടപ്പോള്‍ അഞ്ജുവിന് എന്താണ് സംഗതിയെന്ന് ആദ്യം മനസിലായില്ല. കൊണ്ടുവന്നവര്‍ തന്നെ അത് തുറന്നു കാണിച്ചപ്പോഴാണ് പിറന്നാള്‍ കേക്കാണെന്ന് തിരിച്ചറിയുന്നത്. അത്യാഹിത വിഭാഗത്തില്‍ വച്ച് തന്നെ കേക്ക് മുറിച്ചു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റു നഴ്‌സുമാരും ജീവനക്കാരും അഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൈയടിച്ചു.

ചുറ്റിലുമുള്ള ബുദ്ധിമുട്ടുകള്‍ക്കിടെ ആഘോഷങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് അഞ്ജു പറയുന്നു. “എങ്കിലും ലളിതമായ ഈ സമ്മാനവും അപ്രതീക്ഷിത ഒത്തുചേരലും മാനസികമായി വലിയ സന്തോഷം നല്‍കി. മുന്‍ വര്‍ഷങ്ങളില്‍ പിറന്നാളിന് വീട്ടില്‍ കേക്ക് മുറിക്കുകയും പുറത്തു പോയി ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. ഇക്കുറി അത്യാഹിത വിഭാഗത്തിലെ തുടര്‍ച്ചയായ ജോലി കാരണം ആഘോഷങ്ങളെപ്പറ്റി ഓര്‍ത്തിരുന്നില്ല. ആരോഗ്യപ്രവര്‍ത്തകരാകെ വലിയ സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഊര്‍ജം പകരുന്നതാണ് സഹപ്രവര്‍ത്തകരുടെയും ആശുപത്രി അധികൃതരുടെയും സമ്മാനം. ഇത്തവണത്തെ പിറന്നാള്‍ അതുകൊണ്ടുതന്നെ മറക്കാനാവില്ല.”

കൊവിഡ് ചികിത്സയില്‍ പൂര്‍ണ ശ്രദ്ധ കേന്ദീകരിക്കുന്നതിനാല്‍ കഴിഞ്ഞ രണ്ടു മാസത്തോളമായി മെഡിയോര്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് പിറന്നാള്‍ ആഘോഷങ്ങളില്ല. സാധാരണ ഇമെയില്‍ സന്ദേശത്തിലൂടെ ആശംസ അറിയിക്കുകയും ജീവനക്കാരുടെ ഫോട്ടോ സഹിതമുള്ള ആശംസ കാര്‍ഡ് നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കുകയുമാണ് ആശുപത്രിയിലെ രീതി. മാസാവസാനം ആ മാസം പിറന്നാളുള്ള എല്ലാവര്‍ക്കും ആശംസകള്‍ നേരാന്‍ ആഘോഷപരിപാടി സംഘടിപ്പിക്കുന്ന പതിവും തെറ്റി.
ദീര്‍ഘനേരം ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും സൂപ്പര്‍ ഹീറോമാരാണെന്നും അവരുടെ പ്രത്യേക ദിനങ്ങള്‍ ലളിതമായെങ്കിലും ആഘോഷിക്കുന്നത് എല്ലാവര്‍ക്കും സന്തോഷം പകരുമെന്നും മെഡിയോര്‍ ആശുപത്രി അസിസ്റ്റന്റ് എച്ച് ആര്‍ മാനേജര്‍ അരോളിന്‍ എല്ലിസ് പറഞ്ഞു. അതുകൊണ്ട് ഇത്തരം സര്‍പ്രൈസുകള്‍ വീണ്ടും തുടരാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.

Latest