പോളിടെക്‌നിക് പഠനം എളുപ്പമാക്കാന്‍ ആപ്പുമായി മഅ്ദിന്‍ പോളി വിദ്യാര്‍ഥികള്‍

Posted on: April 30, 2020 10:21 pm | Last updated: April 30, 2020 at 10:22 pm

മലപ്പുറം | ലോക്ക് ഡൗണില്‍ സാങ്കേതിക പഠന രംഗത്ത് പ്രധാനമായ പ്രായോഗിക പഠനത്തിന് അവസരമില്ലാതായവരെ സഹായിക്കാന്‍ ആപ്പുമായി മഅ്ദിന്‍ പോളിടെക്‌നിക് വിദ്യാര്‍ഥികള്‍. മലപ്പുറം മഅ്ദിന്‍ പോളിടെക്‌നിക് കോളജിലെ അവസാനവര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായ അദ്നാന്‍. ആതിര, കാവ്യ ഷാജി, നാന്‍സി അമല എന്നിവരാണ് അപ്ലിക്കേഷന്‍ തയാറാക്കിയിട്ടുള്ളത്.ഓരോ സെമസ്റ്ററും നിശ്ചിത സമയത്തിനുള്ളില്‍ വിജയിച്ചില്ലെങ്കില്‍ അത് പിന്നീട് വലിയ ഭാരമാകുമെന്ന ആശങ്കകള്‍ക്കിടയിലാണ് ഇവര്‍ പ്രത്യേക ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍, ആര്‍ക്കിടെക്ചര്‍ എന്നീ ബ്രാഞ്ചുകളിലെ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നു കൊണ്ടു തന്നെ പഠനം തുടരാന്‍ ആപ്പ് സഹായിക്കും. സിലബസ്, ലക്ച്വര്‍ നോട്ട്, മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ എന്നിവയെല്ലാം ഇതില്‍ ലഭ്യമാണ്. എല്‍ ഇ ടി എന്‍ട്രന്‍സ് എക്സാമിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പഠന സഹായിയും ആപ്പിലുണ്ട്. വീഡിയോ ട്യൂട്ടോറിയലിന്റെ സഹായത്തോടെ പഠനം എളുപ്പമാക്കുന്നതാണ് STUDIAC.

ASAP ന്റെ നേതൃത്വത്തില്‍ പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ നോട്ടിഫിക്കേഷനായും ടെക് ബ്ലോഗ് വഴിയും ലഭിക്കുന്നു. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പഠന സഹായി അപ്ലിക്കേഷനില്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
https://play.google.com/store/apps/details?id=com.explainingtech.stadiac