Connect with us

Religion

നാഥനിലേക്ക് കൂടുതലടുക്കാന്‍

Published

|

Last Updated

വിശുദ്ധ റമസാന്‍ പുണ്യങ്ങളുടെ പൂക്കാലമാണ്. ലോക്ക്ഡൗണ്‍ കാലത്ത് നാം അനുഷ്ഠിക്കുന്ന വ്രതം മുന്‍കാലങ്ങളില്‍ ആസ്വദിച്ചിട്ടില്ലാത്ത അത്രയും മധുരപൂര്‍വം നിര്‍വഹിക്കാനുള്ള അവസരമാണ് ഒരു വിശ്വാസിക്ക് വന്നെത്തിയിട്ടുള്ളത്. വിശപ്പും ദാഹവും കൊണ്ട് ശരീരം തളരുമ്പോള്‍ മനസ്സുകള്‍ സജീവമാകുന്ന മാസമാണിത്. തിന്മകളും പൈശാചികതയും ജീവിത സാഹചര്യത്തെ മലിനമാക്കുമ്പോള്‍ ഒരു പുനര്‍വിചിന്തനത്തിനുള്ള അവസരമാണ് റമസാന്‍. ആത്മഹര്‍ഷത്തിന്റെയും ആത്മസംസ്‌കരണത്തിന്റെയും സാഫല്യമായ വിശുദ്ധ റമസാന്‍ സഹനം, സ്‌നേഹം, സഹവര്‍ത്തിത്വം, സഹിഷ്ണുത തുടങ്ങിയ സന്ദേശങ്ങള്‍ പകര്‍ന്നുതരുന്നു. “ഓ, സത്യവിശ്വാസികളെ, മുന്‍കാലക്കാര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടത് പോലെ നിങ്ങളുടെ മേലിലും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭയഭക്തിയുള്ളവരാകാന്‍ വേണ്ടി.”(വിശുദ്ധ ഖുര്‍ആന്‍). പിശാച് മനുഷ്യനെ അധര്‍മത്തിന്റെയും മൂല്യച്യുതിയുടെയും ആഴിയിലേക്ക് തള്ളിയിടുമ്പോള്‍ അതില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ആത്മവിശുദ്ധിയും അചഞ്ചല വിശ്വാസവും അനിവാര്യമാണ്. മനുഷ്യന്‍ വിചാരങ്ങളുടെയും വികാരങ്ങളുടെയും ദുര്‍ബല നിമിഷങ്ങളില്‍ പാളിച്ചകളും പാകപ്പിഴവുകളും സംഭവിച്ച് ജീവിതലക്ഷ്യം തന്നെ മറന്നു പോകുന്നു.

ബുദ്ധിയുള്ളവന്‍ അതില്‍ നിന്ന് മോചനം നേടുന്നു. മനുഷ്യന്‍ സംസ്‌കാര സമ്പന്നനാകണമെങ്കില്‍ തെറ്റുകളില്‍ നിന്ന് മുക്തി നേടണം. വ്രതം തെറ്റുകള്‍ തടുക്കാനുള്ള പരിചയാണെന്ന പ്രവാചകാധ്യാപനമാണ് റമസാന്‍ നമുക്ക് നേടിത്തരുന്നത്. ഹൃദയത്തില്‍ കുമിഞ്ഞുകൂടിയ അഴുക്കുകളും ദുര്‍വികാരങ്ങളും കഴുകി വൃത്തിയാക്കാന്‍ വര്‍ഷം തോറും ഒരു ശുദ്ധികലശം അനിവാര്യമാണ്. അസൂയ, അഹങ്കാരം, അക്രമം എല്ലാം നിര്‍മാര്‍ജനം ചെയ്ത് സഹനം, സ്‌നേഹം, നീതി, ദയ, ക്ഷമ തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കി ഹൃദയശുദ്ധീകരണത്തിനുള്ള ഒരു അവസരം കൂടിയാണ് റമസാനിലൂടെ നാഥന്‍ നമുക്ക് സമ്മാനിച്ചത്. “നിങ്ങള്‍ ഭയഭക്തിയുള്ളവരാകാന്‍ വേണ്ടി” എന്ന തത്വത്തില്‍ നിന്ന് വ്യതിചലിച്ച് കേവലം ആരോഗ്യ, മാനസിക സംരക്ഷണത്തിന് വേണ്ടി മാത്രം വ്രതാനുഷ്ഠാനം ആകരുത്.

അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചത് കൊണ്ട് മാത്രം ഇസ്‌ലാമിന്റെ ഉദ്ദേശ്യം സഫലീകരിക്കണമെന്നില്ല. നബി (സ) പറയുന്നു, “ആരെങ്കിലും അനാവശ്യ പ്രവര്‍ത്തനങ്ങളും അസത്യമായ വാക്കുകളും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരാവശ്യവുമില്ല”(ബുഖാരി). ആത്മീയമായും ഭൗതികമായും മനുഷ്യനെ സംരക്ഷിക്കുന്ന വ്രതം ശാരീരിക ശക്തിയും മാനസിക സുഖവും നല്‍കുന്നു. വ്രതം സമൂഹത്തില്‍ വലിയ പരിവര്‍ത്തനം സൃഷ്ടിക്കുന്നതോടൊപ്പം സകല യാതനകളും വേദനകളും തരണം ചെയ്യാനുള്ള ഒരു പരിശീലനക്കാലയളവും കൂടിയാണ്.

വിശുദ്ധ റമസാനിന്റെ ഓരോ നിമിഷവും പ്രധാനമാണ്. ഒന്നും വെറുതെ പാഴാക്കരുത്. ഖുര്‍ആന്‍ പാരായണത്തിലും സുന്നത്തായ മറ്റു കര്‍മങ്ങളിലും വ്യാപൃതരാകണം. ഭക്തി നിര്‍ഭരമായ അന്തരീക്ഷം സൃഷ്ടിക്കണം. ആത്മീയ നിര്‍വൃതിയടഞ്ഞ് പാരത്രിക മോക്ഷം നേടണം. ഈ ആത്യന്തിക ലക്ഷ്യമാണ് ഒരു വിശ്വാസിക്ക് വേണ്ടത്. റഹ്മത്തിന്റെയും മഗ്ഫിറത്തിന്റെയും നരകമോചനത്തിന്റെയും വിലപ്പെട്ട നിമിഷങ്ങളില്‍ പ്രതിഫലം കൊയ്‌തെടുക്കണം. നാഥന്‍ തുണക്കട്ടെ, ആമീന്‍.

---- facebook comment plugin here -----

Latest