Connect with us

Kozhikode

വൻതുക വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന് ഇരകളായി മലയാളികൾ

Published

|

Last Updated

കോഴിക്കോട് | വൻ തുക ലഭിക്കുമെന്ന് വാഗ്ദാനം നൽകി ഓൺലൈൻ ചൂതാട്ട കമ്പനികൾ മലയാളികളിൽ നിന്ന് തട്ടുന്നത് ലക്ഷങ്ങൾ. പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ആകർഷകമായ പരസ്യം നൽകിയാണ് വിവിധ ചൂതാട്ടവെബ്‌സൈറ്റുകളും ആപ്പുകളും ആളുകളെ വലവീശുന്നത്. പണം വെക്കുന്നവർക്ക് ഒരിക്കൽ പോലും വലിയ തുക ലഭിക്കുന്നില്ലെന്ന് മാത്രമല്ല ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട് കടബാധ്യതയായി പലരും ആത്മഹത്യയുടെ വക്കിൽ വരെ എത്തിനിൽക്കുന്നു.

മറ്റ് ധനാഗമന മാർഗങ്ങളില്ലാതെ വീട്ടിലിരിക്കുന്ന ഈ ലോക്ക്ഡൗൺ കാലത്ത് നിരവധി പേരാണ് ഓൺലൈൻ ചൂതാട്ടത്തിന്റെ ഇരകളായിട്ടുള്ളത്. മാനഹാനി ഭയന്ന് പുറത്ത് പറയാതെ പലരും വീടിന്റെ അകത്തളങ്ങളിൽ കഴിഞ്ഞു കൂടുകയാണ്. റമ്മി കൾച്ചർ, റമ്മി സർക്കിൾ, ജംഗ്‌ളീ റമ്മി, റമ്മി ഗുരു, എയ്‌സ് റമ്മി, റമ്മി പാഷൻ, സിൽക്ക് റമ്മി തുടങ്ങിയ ആപ്പുകൾ വഴിയാണ് പണം തട്ടുന്നത്. തുടക്കത്തിൽ പണം നഷ്ടപ്പെടുമ്പോൾ അത് തിരിച്ചുപിടിച്ച് പിന്നീട് കൂടുതൽ പണം ലഭിക്കുമെന്ന് കരുതിയാണ് പലരും ചൂതാട്ടത്തിൽ പങ്കാളികളാകുന്നത്.
വീട്ടിൽ വെച്ചും പൊതുസ്ഥലത്തും പണം വെച്ചുള്ള ചീട്ടുകളിക്ക് നിരോധം നിലനിൽക്കുമ്പോഴാണ് ഹൈക്കോടതി ഉത്തരവിന്റെ മറവിൽ പണം വെച്ചുള്ള ഓൺലൈൻ ചൂതാട്ടം കൊഴുക്കുന്നത്. 2019 ജനുവരിയിൽ ഓൺലൈൻ ചൂതാട്ടം ഹൈക്കോടതി നിരോധിച്ചിരുന്നെങ്കിലും ഒക്‌ടോബറിൽ നിരോധം നീക്കിയതിനെ തുടർന്നാണ് ഇത്തരത്തിലുള്ള സൈറ്റുകളും ആപ്പുകളും വീണ്ടും കേരളത്തിൽ സജീവമായത്. 50 രൂപ മുതൽ 50,000 രൂപ വരെ ഒരേ സമയത്ത് നിക്ഷേപിച്ച് ഫോണോ കമ്പ്യൂട്ടറോ ഉണ്ടെങ്കിൽ വീട്ടിലിരുന്ന് കളിയിലേർപ്പെടാം എന്നതാണ് ഓൺലൈൻ ചൂതാട്ടത്തിന്റെ പ്രത്യേകത. എ ടി എം കാർഡുപയോഗിച്ചും പണം ട്രാൻസ്ഫർ ചെയ്യാനുപയോഗിക്കുന്ന ആപ്പുകൾ വഴിയും ഓൺലൈൻ ചൂതാട്ട സൈറ്റുകളിൽ പണം ഇടാം.

18 വയസ്സിന് താഴെയുള്ള കുട്ടികൾ പോലും ഇത്തരം കളികളിലേർപ്പെട്ട് കുടുംബം ദരിദ്രമാകുന്ന സാഹചര്യമുണ്ട്. കുട്ടികൾക്ക് പുറമെ യുവാക്കളും ഇന്ന് ഇത്തരം ഓൺലൈൻ ചൂതാട്ടങ്ങളുടെ അടിമകളായി മാറുകയും പണമില്ലാത്തതിനാൽ മോഷണം, ലഹരി മരുന്ന് വിൽപ്പന പോലുള്ള കണ്ണികളിൽ അകപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് വിവരം. അസം, സിക്കിം, നാഗാലാൻഡ്, ഒഡീഷ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ നിയമം മൂലം ഇത്തരം ഓൺലൈൻ ചൂതാട്ടങ്ങൾക്ക് നിരോധമേർപ്പെടുത്തിയപ്പോഴാണ് യുവാക്കളെയും മറ്റുള്ളവരെയും സാമ്പത്തികമായി തകർക്കുന്ന രൂപത്തിൽ കേരളത്തിൽ പണം വിഴുങ്ങുന്ന കളിക്ക് വൻതോതിൽ പ്രചാരം ലഭിച്ചിരിക്കുന്നത്. ഒരാൾ മറ്റൊരാളെ ചേർക്കുമ്പോൾ ചേർക്കുന്നയാൾക്ക് പ്രത്യേക റിവാർഡ് നൽകിയാണ് കൂടുതൽ പേർ ഈ ചൂതാട്ടത്തിൽ കണ്ണികളാകുന്നത്. പണം നഷ്ടപ്പട്ടുകൊണ്ടിരിക്കുന്നത് എത്രയെന്ന് പോലും നോക്കാതെ കളി തുടരുമ്പോൾ ഒരു പക്ഷേ അക്കൗണ്ട് കാലിയാകും.
കളിക്കാർ പരസ്പരം കാണാത്തതിനാൽ യഥാർഥ കളിക്കാരാണോ അപ്പുറത്തെന്ന് പോലും മനസ്സിലാക്കാൻ കഴിയില്ല. കമ്പനി തരുന്ന ചീട്ട് ഉപയോഗിച്ച് കളിക്കുന്നവർ ചതിക്കപ്പെടാനുള്ള സാധ്യതയേറെയാണ്. കമ്പനി അവരുടെ ആളുകൾക്ക് ആവശ്യമുള്ള ചീട്ട് നൽകുകയും അവരെ വിജയിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഇരകളാക്കപ്പെട്ടവർ പറയുന്നത്. ഇതൊന്നുമറിയാതെയാണ് ആളുകൾ ചതിക്കുഴിയിൽ പെടുന്നത്.

വിവിധ ജില്ലകളിലായി ചെറിയ തുക മുതൽ ലക്ഷങ്ങൾ വരെ നഷ്ടപ്പെട്ട നിരവധി പേരുണ്ട്. വരുമാന മാർഗമില്ലാത്ത ഈ ലോക്ക്ഡൗൺ കാലത്ത് പോലും മലയാളികളുടെ പണം തട്ടുന്ന ഇത്തരം ഓൺലൈൻ സൈറ്റുകളും ആപ്പുകളും സംസ്ഥാനത്ത് തുടരുന്നത് സമൂഹത്തിനിടയിൽ വലിയതോതിലുള്ള സാമ്പത്തിക അരാജകത്വത്തിന് വഴിയൊരുക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പണം നഷ്ടപ്പെട്ടവർ ഇത്തരം ഓൺലൈൻ ചൂതാട്ട സൈറ്റുകൾക്കും ആപ്പുകൾക്കുമെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest