Connect with us

Covid19

ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് അംഗീകാരം

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് അംഗീകാരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചു. തദ്ദേശവാര്‍ഡ് ഓര്‍ഡിനന്‍സിനും ഗവര്‍ണര്‍ അംഗീകാരം നല്‍കി. ദുരന്തനിവാരണ നിയമപ്രകാരമാണ് ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

ജീവനക്കാരുടെ 25 ശതമാനം വരെ ശമ്പളം മാറ്റിവെക്കാന്‍ സര്‍ക്കാറിന് ഇതിലൂടെ അവസരം ലഭിക്കും. ഈ തുക എന്ന് തിരിച്ച് നല്‍കണമെന്ന കാര്യത്തില്‍ ആറ് മാസത്തിനുള്ളില്‍ അറിയിച്ചാല്‍ മതി. ഇന്നലെ മന്ത്രിസഭ അംഗീകരിച്ച നിര്‍ണായക ഓര്‍ഡിനന്‍സിനാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.

ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസം പിടിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെ എതിര്‍ത്ത് പ്രതിപക്ഷ അധ്യാപക, ഉദ്യോഗസ്ഥ സംഘങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇത് തടയിപ്പുക്കുകയും ചെയ്തു. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും ഇത് പിടിക്കാന്‍ നിയമപരമായ അവകാശം സര്‍ക്കാറിന് ഇല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി തടഞ്ഞത്. എന്നാല്‍ ഇതിന് നിയമ സാധുത നേടിയെടുക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഇത് ഗവര്‍ണര്‍ ഒപ്പുവെച്ചതോടെ സര്‍ക്കാറിന്റെ നീക്കം വിജയത്തിലേക്ക് അടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

നിലവിലെ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് നടപടിക്രമം തീര്‍ത്ത ശേഷം ശമ്പള വിതരണത്തിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആറ് ദിവസത്തെ ശമ്പളം പിടിച്ച ശേഷമാകും നല്‍കുക. നാലാം തിയ്യതി മുതല്‍ ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

 

 

Latest