Connect with us

Covid19

തരിശ് ഭൂമിയില്‍ കൃഷിക്ക് പദ്ധതി; സബ്‌സിഡിയും വായ്പയും ലഭ്യമാക്കും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനവും ലോക്ക് ഡൗണും സൃഷ്ടിച്ച ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ തരിശ് ഭൂമിയില്‍ മെയ് മാസം മുതല്‍ കൃഷിയിറക്കും. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതിനായി വാര്‍ഷിക പദ്ധതിയില്‍ മെയ് പതിനഞ്ചിന് മുമ്പ് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൃഷി വകുപ്പിനായിരിക്കും പദ്ധതിയുടെ ഏകോപന ചുമതല. ജലസേചനം, മൃഗസംരക്ഷണം, സഹകരണം, വ്യവസായം, ഫിഷറീസ്, പട്ടിക ജാതി, പട്ടിക വര്‍ഗക്ഷേമം എന്നീ വകുപ്പുകളും പങ്കുചേരും.

തോട്ടഭൂമിയും പാടങ്ങളും ഉള്‍പ്പെടെ 1,09000 ഹെക്ടര്‍ തരിശ് ഭൂമിയാണ് കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തുള്ളത്. ഇത്തരം ഭൂമിയില്‍ ഉടമകള്‍ക്കോ ഉടമകളുടെ സമ്മതത്തോടെസന്നദ്ധ സംഘടനകള്‍ക്കോ കടുംബശ്രീകള്‍ക്കോ കൃഷിയിറക്കുക സാധ്യമാക്കുന്ന പദ്ധതിയാണ് തയാറാക്കുന്നത്. ഇതിന്റെ ഭാഗമായി സബ്സിഡിയും വായ്പയും അനുവദിക്കും. പലിശരഹിത വായ്പയോ കുറഞ്ഞ പലിശക്കുള്ള വായ്പയോ ആണ് ലഭ്യമാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓണക്കാലം കൂടി കണക്കിലെടുത്ത് അടുത്ത ജൂണ്‍-സെപ്തംബര്‍ മാസങ്ങളില്‍ വിളവ് ലഭിക്കുന്ന ഹ്രസ്വകാല പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. പച്ചക്കറി ഉത്പാദനവും ഗണ്യമായി വര്‍ധിപ്പിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക.

ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുന്നതിനും, കാര്‍ഷിക മേഖലയിലെ വളര്‍ച്ചക്കുമായി 3,000 കോടി ചെലവഴിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതില്‍ 1500 കോടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും മറ്റ് വകുപ്പുകളുടെയും പദ്ധതി വിഹിതത്തില്‍ നിന്ന് കണ്ടെത്തും. ബാക്കി 1500 കോടി നബാര്‍ഡില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കും. പദ്ധതി വിജയിപ്പിക്കുന്നതിനായി യുവജന ക്ലബുകള്‍ രജിസ്റ്റര്‍ ചെയ്യും. യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ ഉദ്ദേശിക്കുന്നു. കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്.

വിദേശത്ത് നിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ച് വരുന്നവരെ കൂടി കൃഷിയില്‍ പങ്കാളികളാക്കാനും ആലോചിക്കുന്നുണ്ട്. വിപണ സാധ്യത മുന്‍നിര്‍ത്തി ഗ്രാമങ്ങളിലും നഗരങ്ങളിലും കാര്‍ഷിക ചന്തകള്‍ ആരംഭിക്കും. ഇതില്‍ കുടുംബശ്രീയെയും സഹകരണ സ്ഥാപനങ്ങളെയും സഹകരിപ്പിക്കും. പാല്‍ ഉത്പന്നങ്ങളുടെ വര്‍ധന, മുട്ട, മത്സ്യ കൃഷി എന്നിവയും പദ്ധതിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.