National
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് യു എസ് കമ്മിഷന്‍; നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി | ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് യു എസ് കമ്മിഷന്‍
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തേപ്പറ്റി നിരീക്ഷിക്കുന്ന യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആണ് ഇക്കാര്യം പുറത്തുവിട്ടത്. മതസ്വാതന്ത്ര്യം നിഷേധിക്കുന്ന 14 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും കമ്മിഷന്‍ ഉള്‍പ്പെടുത്തി.
പാകിസ്താന്‍, ചൈന, ഉത്തര കൊറിയ, ബര്‍മ, ഇറാന്‍, നൈജീരിയ, റഷ്യ, സൗദി അറേബ്യ, സിറിയ, താജിക്കിസ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍. 2004 ശേഷം ഇതാദ്യമായാണ് ഇന്ത്യ ഈ പട്ടികയില്‍ എത്തുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാക്കും പൗരത്വ ഭേദഗതി നിയമത്തിനെയും കമ്മിഷന്‍ വിമര്‍ശിക്കുന്നു.
മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിനായി സര്‍ക്കാര്‍ തന്നെ നടപടികള്‍ എടുക്കുന്ന പ്രത്യേക ആശങ്ക നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നായാണ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. മതസ്വാതന്ത്ര്യ ലംഘനത്തിന് ഉത്തരവാദികളായ സര്‍ക്കാര്‍ ഏജന്‍സികളെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തണമെന്നും കമ്മിഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു
2019ല്‍ ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വീണ്ടുമെത്തിയതിന് പിന്നാലെ പാര്‍ലമെന്റിലെ ഭൂരിപക്ഷം രാജ്യത്താകമാനം മതസ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കുന്ന നയങ്ങള്‍ക്കായി ഉപയോഗിച്ചു. പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്കെതിരെ-റിപ്പോര്‍ട്ടില്‍ പറയുന്നു
അതേസമയം വിദേശകാര്യമന്ത്രാലയം റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത് പക്ഷപാതപരമായ പരാമര്‍ശങ്ങളാണ്. ഇന്ത്യക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ പുതിയതല്ല. പക്ഷെ ഇത്തവണ തെറ്റിദ്ധാരണ പരത്തല്‍ അതിന്റെ പുതിയ തലത്തിലെത്തിയിരിക്കുന്നുവെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.