Connect with us

National

ലോക്ക് ഡൗണ്‍ തുണച്ചു; ഗംഗാ നദിയിലെ മലിനീകരണത്തോത് കുറഞ്ഞത് 30 ശതമാനത്തോളം

Published

|

Last Updated

ലക്‌നോ/ഡെറാഡൂണ്‍ | കൊവിഡ് 19നെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനിടെ ഗംഗാ നദിയിലെ വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി യു പി, ഉത്തരാഖണ്ഡ് അധികൃതര്‍. വരണാസിയിലെ ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ നദീജലത്തിലെ മലിനീകരണ തോതില്‍ 25 മുതല്‍ 30 ശതമാനത്തിനോടടുത്തു കുറവു വന്നതായി കണ്ടെത്തി. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനു മുമ്പ് മാര്‍ച്ച് 24നെടുത്തതും ഏപ്രില്‍ 20ന് ശേഖരിച്ചതുമായ വെള്ളമാണ് താരതമ്യ പരിശോധനക്കു വിധേയമാക്കിയതെന്ന് ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി (ബി എച്ച് യു) യിലെ മഹാമന മാളവീയ റിസര്‍ച്ച് സെന്‍ര്‍ ഫോര്‍ ഗംഗ, റിവര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് അധ്യക്ഷന്‍ ബി ജി ത്രിപാഠി പറഞ്ഞു.

ശൂല്‍തന്‍കേശ്വര്‍ ഘട്ട്, സാമ്‌നെ ഘട്ട്, അസി ഘട്ട്, ദശശ്വാമേധ് ഘട്ട്, രാജ് ഘട്ട് എന്നീ ഭാഗങ്ങളില്‍ നിന്നുള്ള നദീജല സാമ്പിളുകളാണ് പരിശോധിച്ചത്. സാമ്പിളുകളിലെ ബയോക്കെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് (ബി ഒ ഡി), ഡിസോള്‍വ്ഡ് ഓക്‌സിജന്‍ (ഡി ഒ) തോതുകളാണ് പരിശോധനക്കു വിധേയമാക്കിയതെന്ന് ത്രിപാഠി വ്യക്തമാക്കി. ഡി ഒ തോത് 20 മുതല്‍ 30 ശതമാനം വരെ വര്‍ധിച്ചതായും ബി ഒ ഡി 35 മുതല്‍ 40 ശതമാനം വരെ കുറഞ്ഞതായും കണ്ടെത്തി. മൊത്തം മലിനീകരണത്തില്‍ 25 മുതല്‍ 35 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. ഇത് ഗംഗാ നദിയെ സംബന്ധിച്ച് ഏറെ ശുഭസൂചകമാണെന്നും നവചൈതന്യം നേടിയെടുക്കാന്‍ അതിനു കഴിയുമെന്നും ത്രിപാഠി പ്രതീക്ഷ പ്രകടിപ്പിച്ചു.

മലിനീകരണം കുറഞ്ഞതിന് പല കാരണങ്ങളുമുണ്ടെന്ന് ത്രിപാഠി പറയുന്നു. മണികര്‍ണിക ഘട്ട്, ഹരിഷ്ചന്ദ്ര ഘട്ട് തുടങ്ങിയ ഭാഗങ്ങളില്‍ നദിയില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതും മൃതദേഹാവശിഷ്ടങ്ങള്‍ ഒഴുക്കുന്നതും 40 ശതമാനം വരെ കുറഞ്ഞതാണ് അതിലൊന്ന്. വരണാസിയിലുള്ള ആയിരത്തോളം ചെറുകിട, കുടില്‍ വ്യവസായ കേന്ദ്രങ്ങളില്‍ നിന്നും വര്‍ക്ക് ഷോപ്പുകളില്‍ നിന്നും മാലിന്യം ഒഴുക്കിവിടുന്നത് പൂര്‍ണമായി നിന്നതാണ് മറ്റൊന്ന്. ഗംഗയുടെ ഉപരിതലത്തില്‍ നിന്ന് ഒരു മീറ്റര്‍ ആഴത്തില്‍ വരെ മത്സ്യങ്ങള്‍ നീന്തുന്നത് കണ്ടെത്തിയതും മാലിന്യത്തോത് കുറഞ്ഞുവെന്നതിന് തെളിവാണ്.

ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണില്‍ ദേവപ്രയാഗിലുള്ള വിവിധ ഭാഗങ്ങളില്‍ നിന്ന് മാര്‍ച്ചിലും ഏപ്രിലിലുമായി ശേഖരിച്ച സാമ്പിളുകളുടെ താരതമ്യ പരിശോധനയിലും വെള്ളത്തിന്റെ ഗുണനിലവാരം നല്ലതോതില്‍ മെച്ചപ്പെട്ടുവെന്ന് കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. ഹരി കി പൗരി ഭാഗത്തെ വെള്ളം കുടിക്കാന്‍ വരെ ഉപയുക്തമാണെന്നും കണ്ടെത്തി. തുടര്‍ന്നും മലിനീകരണം തടഞ്ഞ് വെള്ളത്തിന്റെ ഗുണനിലവാരം നിലനിര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കം. ലോക്ക് ഡൗണിനു ശേഷവും ഈ നില തുടരുന്നതിനുള്ള ഹ്രസ്വകാല നടപടികള്‍ വിദഗ്ധരുമായി കൂടിയാലോചിച്ച് പ്രാവര്‍ത്തികമാക്കുമെന്ന് സംസ്ഥാന വനം-പരിസ്ഥിതി വകുപ്പു മന്ത്രി ഹാരക് സിംഗ് റാവത് പറഞ്ഞു.

ലോക്ക് ഡൗണിനിടെ, ലക്ഷ്മണ്‍ജൂല ഭാഗത്തെ ഗംഗാ ജലത്തില്‍ നാശകാരിയായ ക്വാളിഫോം ബാക്ടീരിയയുടെ എണ്ണം 47 ശതമാനത്തോളം കുറഞ്ഞതായി ഉത്തരാഖണ്ഡ് പ്രകൃതി സംരക്ഷണ മലിനീകരണ നിയന്ത്രണ ബോര്‍ഡ് (യു ഇ പി പി സി ബി) പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. ഋഷികേശിലെ അണക്കെട്ടില്‍ 46ഉം ബിന്ദുഘട്ട് ദുധിയാവനില്‍ 25ഉം ശതമാനം ക്വാളിഫോം ബാക്ടീരിയ കുറഞ്ഞിട്ടുണ്ട്.

ഫാക്ടറികളും ഹോട്ടലുകളും മറ്റും അടക്കുകയും ജനങ്ങള്‍ ഒഴുക്കുന്ന മാലിന്യവും കുറഞ്ഞതോടെ
വളരെ കുറഞ്ഞ തോതിലുള്ള മാലിന്യം മാത്രമെ, നദിയിലെത്തുന്നുള്ളൂവെന്ന് യു ഇ പി പി സി ബി മെമ്പര്‍ സെക്രട്ടറി എസ് പി സുബുധി പറഞ്ഞു. പരിശോധനക്കായി വെള്ളം ശേഖരിച്ച ഇടങ്ങളില്‍ നിന്നു തന്നെ വീണ്ടും സാമ്പിളുകളെടുത്ത് കണ്ടെത്തലുകള്‍ കൂടുതല്‍ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുകയും ചെയ്യും. നദിയിലെ മാലിന്യം കുറയ്ക്കുന്നതിന് ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ സംസ്ഥാനത്തെ മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം, മനുഷ്യര്‍ നടത്തുന്ന മലിനീകരണം കുറഞ്ഞതാണ് ഗംഗാ നദിയിലെ ജലത്തിന്റെ ഗുണനിലവാരെ മെച്ചപ്പെടാന്‍ ഇടയാക്കിയതെന്നും ലോക്ക് ഡൗണിനു ശേഷം ഇത് അങ്ങനെത്തന്നെ നിലനിര്‍ത്തുക ഏറെ പ്രയാസകരമായിരിക്കുമെന്നുമാണ് ഇന്ത്യന്‍ അക്കാദമി ഓഫ് എന്‍വയേണ്‍മെന്റല്‍ സയനസസ് സ്ഥാപകനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ബി ഡി ജോഷി പറയുന്നത്. “കഴിഞ്ഞ അഞ്ചോ ആറോ ആഴ്ചക്കിടെ, ഗംഗ സ്വയം ശുദ്ധീകരണത്തിന് വിധേയമായി. എന്നാല്‍ ലോക്ക് ഡൗണിനു ശേഷം ഇത് എത്ര കാലം തുടരുമെന്ന് പറയാനാകില്ല. അതേസമയം, പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച ബോധം സാംക്രമിക രോഗ വ്യാപനം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നത് കാണാതെ പോകുന്നില്ല. ഇത് നദി വൃത്തിയായി സൂക്ഷിക്കുന്നതില്‍ സഹായകമായേക്കും. ഇത് കണ്ടറിഞ്ഞ് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധ പ്രചാരണം നടത്താന്‍ സര്‍ക്കാറും നിയമ നിര്‍വഹണ ഏജന്‍സികളും ശ്രമിച്ചാല്‍ വെള്ളത്തിന്റെ ഗുണനിലവാരം നിലനിര്‍ത്താനാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.”- ജോഷി വിശദീകരിച്ചു.