Connect with us

Articles

നേരം തെറ്റിയ രാഷ്ട്രീയ കളികള്‍

Published

|

Last Updated

പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുകയും അടിച്ചമര്‍ത്തലിനുള്ള ഉപാധിയായി അവയെ ഉപയോഗിക്കുകയും ചെയ്യുക എന്നത് ഭരണകൂടങ്ങളുടെ രീതിയാണ്. ജനാധിപത്യ സമ്പ്രദായം ശക്തിപ്പെടുകയും പൗരാവകാശങ്ങളുടെ അതിര്‍ത്തി വിപുലപ്പെടുകയും ചെയ്തതോടെയാണ് ഭരണകൂടത്തിന്റെ ഇത്തരം കടന്നുകയറ്റങ്ങള്‍ ഒരു പരിധിവരെയെങ്കിലും ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായത്. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് ഇന്ത്യന്‍ സുപ്രീം കോടതി വിധിക്കുന്നത് ഇതിന്റെ തുടര്‍ച്ചയിലാണ്. ഇതൊക്കെയായിരിക്കെ തന്നെ വ്യക്തികളുടെ അറിവോ സമ്മതമോ ഇല്ലാതെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

ഇന്റര്‍നെറ്റ് വ്യാപിക്കുകയും ഡിജിറ്റല്‍ ഇടപാടുകള്‍ സാധാരണയാകുകയും ചെയ്തതോടെ, ഓരോ ഇടപാടിലും വ്യക്തികള്‍ ശേഷിപ്പിക്കുന്ന പാടുകള്‍ വിശകലനം ചെയ്ത് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുന്ന സ്ഥിതിയായി. സാമൂഹിക മാധ്യമങ്ങള്‍ ശക്തിപ്പെട്ടതോടെ പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുക എന്നത് കൂടുതല്‍ എളുപ്പമാകുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ച്, വിശകലനം ചെയ്ത് രൂപപ്പെടുത്തിയ തന്ത്രങ്ങളുടെ ബലത്തിലാണ് കഴിഞ്ഞ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചത്.
വിവര സാങ്കേതിക വിദ്യാ വിപ്ലവം നടക്കുന്നതിന് മുമ്പ് നിയമവിധേയവും അല്ലാത്തതുമായ വഴികളിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിച്ചിരുന്നു. സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള അധികാരം നിയമപരമായി സ്വായത്തമാക്കാന്‍ ശ്രമിച്ച ഭരണകൂടങ്ങളിലൊന്ന് ഇന്ത്യയിലേതായിരുന്നു. 1984ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 1986ല്‍ കൊണ്ടുവന്ന ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് ഭേദഗതി ബില്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. വ്യക്തികളയക്കുന്ന കത്തുകള്‍ വേണ്ടിവന്നാല്‍ തുറന്ന് പരിശോധിക്കാന്‍ ഭരണകൂടത്തിന് അധികാരം നല്‍കുന്നതായിരുന്നു ഈ ഭേദഗതി. അന്ന് പ്രസിഡന്റായിരുന്ന ഗ്യാനി സെയില്‍ സിംഗ് അംഗീകാരം നല്‍കാത്തതുകൊണ്ടു മാത്രം ഇത് നിയമമായില്ല. നിയമത്തിന്റെ പിന്‍ബലമില്ലാതെ ആധാര്‍ നടപ്പാക്കിയതും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറായിരുന്നു.
വിവരങ്ങള്‍ പ്രധാനവും വിവരങ്ങളുടെ ശേഖരം അതിപ്രധാനവുമാകുന്ന ലോകമാണ് ഇന്നത്തേത്. അതുകൊണ്ട് കൂടിയാണ് കൊവിഡ് 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലെ ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വിവര ശേഖരണം നടത്തുന്നത് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്. രോഗത്തെ പ്രതിരോധിക്കാന്‍ ശേഖരിക്കുന്ന വിവരങ്ങള്‍, വിശകലനം ചെയ്യുന്ന അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടോ, ശേഖരിക്കുന്ന വിവരങ്ങള്‍ കച്ചവടം ചെയ്യാന്‍ സ്പ്രിന്‍ക്ലര്‍ തയ്യാറായാല്‍ കേരള സര്‍ക്കാറിനും വിവരം നല്‍കിയ വ്യക്തികള്‍ക്കും എന്ത് ചെയ്യാനാകും എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത്, ഡൊണാള്‍ഡ് ട്രംപിന് വേണ്ടി, സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വിവരം ശേഖരിച്ച് വിശകലനം ചെയ്തു നല്‍കിയത് സ്പ്രിന്‍ക്ലര്‍ എന്ന കമ്പനിയാണെന്നത്, വിവര ശേഖരത്തെ ഉപയോഗപ്പെടുത്തിയുള്ള രാഷ്ട്രീയ ഇടപെടല്‍ കേരളത്തിലുമുണ്ടാകുമോ എന്ന സംശയത്തിന് പോലും വഴിവെക്കുന്നു. അതു പോലെ തന്നെ ഗൗരവമുള്ളതാണ് അനാവശ്യ സംശയങ്ങള്‍ ഉയര്‍ത്തിവിടാനും ദുര്‍വ്യാഖ്യാനങ്ങളിലൂടെ തെറ്റിദ്ധാരണ സൃഷ്ടിക്കാനും നടക്കുന്ന ശ്രമങ്ങളും.

കൊവിഡ് 19 വലിയ തോതില്‍ പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു വിശകലനത്തിന് തീരുമാനിച്ചതും അതിനുള്ള സോഫ്റ്റ്‌വെയര്‍ സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത സ്പ്രിന്‍ക്ലറിനെ ഏല്‍പ്പിച്ചതുമെന്ന സര്‍ക്കാര്‍ വാദം ഇത്തരുണത്തില്‍ തള്ളിക്കളയാനാകില്ല. ഗുരുതരമായ സാഹചര്യം സര്‍ക്കാര്‍ മുന്നില്‍ക്കാണുന്നുവെന്ന വാദത്തെ ഇടക്കാല വിധിയില്‍ ഹൈക്കോടതി തന്നെ സ്വീകരിക്കുന്നുമുണ്ട്. അമേരിക്കന്‍ കമ്പനി വിവരങ്ങള്‍ സൂക്ഷിക്കുന്നുവെന്ന് പറയുമ്പോള്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നത് ഇന്ത്യയിലെ സംഭരണിയിലാണെന്നും (ക്ലൗഡ്) രാജ്യത്തു നിന്നെടുക്കുന്ന വിവരങ്ങള്‍ രാജ്യാതിര്‍ത്തിക്കുള്ളിലെ സംഭരണിയില്‍ മാത്രമേ സൂക്ഷിക്കാനാകൂ എന്നാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ചട്ടമെന്നുമുള്ള വസ്തുത മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ സൂക്ഷിക്കുന്ന വിവരങ്ങള്‍, വിശകലനാര്‍ഥം കമ്പനിയിലെ വിദഗ്ധര്‍ എടുക്കുമ്പോള്‍ മറ്റാര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് (എന്‍ക്രിപ്റ്റഡ്) എടുക്കുക എന്നതും മറച്ചുവെക്കപ്പെടുന്നു.

തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ സ്പ്രിന്‍ക്ലറിന്റെ സംഭരണിയില്‍ നിന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സി ഡിറ്റിന്റെ സംഭരണിയിലേക്ക് വിവരങ്ങള്‍ മാറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇങ്ങനെ മാറ്റിയ സാഹചര്യത്തില്‍ സ്പ്രിന്‍ക്ലറിന്റെ സംഭരണിയിലെ ശിഷ്ട ഭാഗങ്ങള്‍ പൂര്‍ണമായി നശിപ്പിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ശേഖരിക്കുന്ന വിവരങ്ങള്‍, പേര്, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങി വ്യക്തികളെ തിരിച്ചറിയാന്‍ പാകത്തിലുള്ള വിവരങ്ങള്‍ നീക്കിയ ശേഷമേ വിശകലനാവശ്യത്തിനായി സ്പ്രിന്‍ക്ലറിന് കൈമാറാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പേരും വിലാസവും നീക്കിയാണ് നേരത്തേ തന്നെ വിവരങ്ങള്‍ കൈമാറിയിരുന്നത്. അതിനൊപ്പം ഫോണ്‍ നമ്പര്‍ കൂടി നീക്കുക എന്നതാണ് സര്‍ക്കാറിന്റെ ചുമതല. നിലവില്‍ സി ഡിറ്റിന്റെ സര്‍വറില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനത്തിനായി സ്പ്രിന്‍ക്ലറിന് കൈമാറുമ്പോള്‍ വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങള്‍ നീക്കണമെന്നാണ് ഉത്തരവ്. എന്നാല്‍ വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങള്‍ നീക്കം ചെയ്യുന്നതിന് സംവിധാനം ഒരുക്കുന്നത് വരെ വിവരശേഖരണം നിര്‍ത്തിവെക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത് എന്ന് (ദുര്‍) വ്യാഖ്യാനിക്കുകയാണ് പ്രതിപക്ഷ നേതാക്കളും സ്വതന്ത്ര വിദഗ്ധരായി ചമയുന്ന മറ്റു ചിലരും ചെയ്തത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിവര ശേഖരണം തടസ്സപ്പെടുത്താനും മാത്രമേ ഈ വ്യാഖ്യാനം സഹായിക്കൂ. രോഗ പ്രതിരോധം മുഖ്യമായി നില്‍ക്കെ വിവര ശേഖരണം തടസ്സപ്പെടുത്താന്‍ വഴിയൊരുക്കും വിധത്തില്‍ വ്യാഖ്യാനം ചമക്കുന്നത് ഏത് രാഷ്ട്രീയത്തിന്റെ പേരിലാണെങ്കിലും ദുരുപദിഷ്ടമാണ്.

സ്പ്രിന്‍ക്ലറിന്റെ സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിന് കാരണമായി സര്‍ക്കാര്‍ പറഞ്ഞ അളവില്‍ വൈറസ് കേരളത്തില്‍ വ്യാപിച്ചില്ലല്ലോ പിന്നെന്തിനാണ് ഇത്തരമൊരു കമ്പനിയുമായി കരാറുണ്ടാക്കിയത് എന്നതാണ് മറ്റൊരു ചോദ്യം. രോഗം വലിയ തോതില്‍ പടരാനിടയുണ്ടെന്ന് കാണിച്ച് ഈ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ വാങ്ങുകയായിരുന്നുവെന്ന് ധ്വനിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. രോഗ വ്യാപന സാധ്യത മുന്‍കൂട്ടിക്കണ്ട് പ്രതിരോധം തീര്‍ക്കുക എന്നത് തന്നെയാണ് ജനങ്ങളുടെ ജീവന്റെ കാര്യത്തില്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാറുകള്‍ ചെയ്യേണ്ടത്. ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാര്‍, വിവരങ്ങള്‍ സൂക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും തങ്ങളുടെ പക്കല്‍ സംവിധാനമുണ്ടെന്നും ആവശ്യപ്പെട്ടാല്‍ നല്‍കാമെന്നും അറിയിക്കുകയുണ്ടായി. വിവര വിശകലനമെന്ന ആവശ്യമുന്നയിച്ച് കേരളം, കേന്ദ്രത്തെ സമീപിച്ചതേയില്ലെന്ന് വരുത്തുക മാത്രമേ ഇങ്ങനെ പറയുമ്പോള്‍ കേന്ദ്രത്തിനുള്ളൂവെന്ന് വ്യക്തം. രോഗ വ്യാപനം തടയുന്നതിനോ രോഗ വ്യാപനമുണ്ടായതിന് ശേഷമുള്ള പ്രതിരോധ നടപടികളില്‍ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനോ കാര്യമായൊന്നും ചെയ്യാതെ, തങ്ങള്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണാണ് കൊവിഡിനെ തടഞ്ഞതെന്ന് അവകാശപ്പെടുന്ന കേന്ദ്രത്തെ ഏതെങ്കിലും സംഗതിക്ക് ആശ്രയിക്കാതിരുന്നുവെങ്കില്‍ അത് കേരളത്തിലെ പിണറായി സര്‍ക്കാറിന്റെ മേന്മയായി തന്നെ കാണണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവശ്യം വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇതുവരെ കഴിയാത്ത കേന്ദ്ര സര്‍ക്കാറാണ് (ഇതാണ് ഏറ്റവും അടിയന്തരമായി ചെയ്യേണ്ട സംഗതികളിലൊന്ന്) സഹായ വാഗ്ദാനം നല്‍കുന്നത് എന്ന വൈരുധ്യവുമുണ്ട്.
നടപടിക്രമങ്ങളിലെ പോരായ്മ, പ്രസ്തുത കമ്പനിയെ തിരഞ്ഞെടുക്കുന്നതിന് പ്രേരിപ്പിച്ച ഘടകങ്ങള്‍, കരാര്‍ ലംഘനമുണ്ടായാല്‍ ന്യൂയോര്‍ക്കിലെ കോടതിയിലാണ് ചോദ്യം ചെയ്യേണ്ടത് എന്ന വ്യവസ്ഥ വെച്ചത് തുടങ്ങി വ്യക്തത വരേണ്ട നിരവധി കാര്യങ്ങള്‍ ശേഷിക്കുന്നുണ്ട്. ശേഖരിക്കുന്ന വിവരം സ്പ്രിന്‍ക്ലറിന്റെ സംഭരണിയിലേക്കാണ് പോകുക (ആദ്യ ഘട്ടത്തില്‍. ഇപ്പോഴത് സി ഡിറ്റ് സംഭരണിയിലാണ്) എന്നത് ജനത്തെ അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനും ഉത്തരം വേണം. അതിനും ദുരുപയോഗം ചെയ്യാന്‍ കഴിയാത്ത വിധം വിവരങ്ങള്‍ സംരക്ഷിക്കാനുമാണ് പ്രതിപക്ഷവും വ്യാഖ്യാനപടുക്കളും ഇപ്പോള്‍ ശ്രമിക്കുന്നത് എന്ന് കരുതാന്‍ നിര്‍വാഹമില്ല. അതായിരുന്നു ഉദ്ദേശ്യമെങ്കില്‍ തത്കാലം പ്രതിരോധ പ്രവര്‍ത്തനം മുന്നോട്ടുപോകട്ടെ അതിന് ശേഷം മറ്റ് കാര്യങ്ങള്‍ പരിശോധിക്കാമെന്ന് അവര്‍ തീരുമാനിക്കുമായിരുന്നു. പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ച് വിശദമായി കാര്യങ്ങള്‍ പരിഗണിക്കുമെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. പകര്‍ച്ചവ്യാധി, ലോക്ക്ഡൗണ്‍ സൃഷ്ടിച്ച പ്രയാസങ്ങള്‍, സാമ്പത്തിക പരാധീനതകള്‍ ഒക്കെ അഭിമുഖീകരിക്കുമ്പോള്‍ കളിക്കേണ്ട രാഷ്ട്രീയം ഇതാണോ എന്നത് പ്രതിപക്ഷം സ്വയം ആലോചിക്കേണ്ട കാര്യമാണ്.

-രാജീവ് ശങ്കരൻ

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest