Connect with us

Covid19

കേരളത്തില്‍ നിലവില്‍ സമൂഹ വ്യാപനമില്ല; ജാഗ്രത കുറഞ്ഞാൽ സ്ഥിതി മാറും- മന്ത്രി ശൈലജ

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തില്‍ നിലവില്‍ സമൂഹ
വ്യാപനം ഇല്ലെന്നും എന്നാല്‍ ജാഗ്രത കുറവുണ്ടായാല്‍ ഇതിനുള്ള സാധ്യത ഏറെയാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും ശൈലജ പറഞ്ഞു. തമിഴ്‌നാട് അതിര്‍ത്തിയിലെല്ലാം അസുഖങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അത്തരത്തിലാണ് ഇടുക്കിയില്‍ കേസുകള്‍ വന്നത്. മാസ്‌കും ഗ്ലൗസുമാണ് ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നത്.

എന്‍ 95 മാസ്‌കും പി പി ഇ കിറ്റും ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡിലും നില്‍ക്കുന്നവരാണ് ഉപയോഗിക്കുന്നത്. ചില ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം വന്നത് ദു:ഖകരമാണ്. 88 വയസുള്ള ആളുമായി അടുത്ത് ഇടപഴകേണ്ടി വന്നതിലൂടെയാണ് കൊല്ലത്തുള്ള നഴ്‌സിന് രോഗം വന്നത്.

അമേരിക്ക ഉള്‍പ്പെടെയുള്ള ചില ലോക രാജ്യങ്ങളില്‍ കഴിയുന്ന നഴ്‌സുമാര്‍ വിളിക്കാറുണ്ട്. ആശുപത്രിയില്‍ പോലും അവര്‍ക്ക് ഗ്ലൗസും മാസ്‌കും ധരിക്കാന്‍ ഇല്ല. അസുഖം വന്നാല്‍ പോലും അഡ്മിറ്റ് ചെയ്യാന്‍ സ്ഥലമില്ല എന്നാണ് അവര്‍ വിഷമത്തോടെ പറയുന്നത്. മുംബൈയില്‍ നിന്നും ഇത്തരത്തിലുള്ള നിരവധി പരാതികള്‍ കേള്‍ക്കുന്നു. കേരളത്തിലെ സ്ഥിതി അങ്ങനെയല്ല. ഏതെങ്കിലും ആരോഗ്യപ്രവര്‍ത്തകക്ക് രോഗം കണ്ടാല്‍ അവരെ ഐസൊലേറ്റ് ചെയ്ത് പരിശോധിച്ച് ഭേദമാക്കിയിട്ടേ വീട്ടിലേക്ക് വിടൂ. ഇവിടെ ഉത്കണ്ഠയുടെ സാഹചര്യമില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കും അത് അറിയാം.

ഗള്‍ഫില്‍ നിന്നും എല്ലാവരേയും ഒരുമിച്ച് കേരളത്തിലേക്ക് കൊണ്ടുവരില്ലെന്നും ഗര്‍ഭിണികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍, ക്യാമ്പുകളില്‍ താമസിക്കാന്‍ സൗകര്യം ലഭിക്കാത്തവര്‍, മറ്റസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്നും മന്ത്രി പറഞ്ഞു. ഓരോ ജില്ലയിലും പതിനായിരം പേര്‍ എത്തിയാലും അധിവസിപ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളം കൊവിഡ് പരിശോധന നടത്തുന്നതില്‍ അലംഭാവം കാണിച്ചിട്ടില്ലെന്നും എന്നാല്‍ പരിശോധനാ കിറ്റുകളുടെ ക്ഷാമം ഇവിടെയുണ്ട്.

നമ്മള്‍ ഹൈ റിസ്‌ക് പ്രദേശങ്ങളില്‍ നിന്ന് വരുന്നവരേയും രോഗലക്ഷണങ്ങള്‍ ഉള്ളവരേയും ആദ്യഘട്ടത്തില്‍ പരിശോധിച്ചു. നമ്മുടെ ആ പരിശോധനാ രീതി ശരിയായിരുന്നു. നമ്മള്‍ പി സി ആര്‍ ടെസ്റ്റാണ് ചെയ്തത്. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ലഭിച്ച് അത് പരിശോധിച്ചപ്പോള്‍ അതിന്റെ വാലിഡേഷന്‍ ശരിയായിരുന്നില്ല. അതുകൊണ്ടാണ് ഉപയോഗിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്. കേന്ദ്രവും ഇതേ നിര്‍ദേശം തന്നെയായിരുന്നു നല്‍കിയത്. ഇന്നലെ മാത്രം 3000 സാമ്പിള്‍ എടുത്ത് ടെസ്റ്റ് ചെയ്തു.അതിന്റെ റിസള്‍ട്ട് നാളെ വരും. ടെസ്റ്റ് കിറ്റുകള്‍ എത്ര പണം കൊടുത്ത് വാങ്ങാനും തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Latest