Connect with us

Covid19

കൊവിഡിനെതിരായ പോരാട്ടം ശരിയായ ദിശയില്‍; നയിക്കുന്നത് ജനങ്ങള്‍: പ്രധാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടം ശരിയായ ദിശയിലാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പോരാട്ടം നയിക്കുന്നത് ജനങ്ങളാണെന്നും ഒത്തൊരുമയുടെ ശക്തി പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തമായെന്നും തന്റെ റേഡിയോ പ്രഭാഷണ പരിപാടിയായ
മന്‍ കി ബാത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യവും ഐക്യവും ലോകത്തിനു മുമ്പില്‍ കാണിച്ചു കൊടുക്കാന്‍ നമുക്കായി.

സര്‍ക്കാറിനോട് ജനങ്ങള്‍ സഹകരിക്കുന്നു. ജനങ്ങളുടെ ജീവിത രീതിയിലും കാഴ്ചപ്പാടിലും മാറ്റം വന്നു. സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ സഹകരിക്കുകയും കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വിദേശ രാഷ്ട്രങ്ങള്‍ നമ്മുടെ ഇടപെടലുകളെ അഭിനന്ദിക്കുന്നത് അഭിമാനകരമാണ്. കൊവിഡ് കാലം കഴിഞ്ഞാല്‍ പുതിയ ഇന്ത്യക്കു തുടക്കമാവുമെന്നും പ്രധാന മന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഓര്‍ഡിനന്‍സിലൂടെ ഉറപ്പു വരുത്തിയതായും ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കര്‍ഷകര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. മഹാമാരിയുടെ കാലത്തും രാജ്യത്ത് ഒരാള്‍പോലും പട്ടിണി കിടക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് കര്‍ഷകര്‍. ശുചീകരണ തൊഴിലാളികളുടെയും പോലീസിന്റെയും സേവനവും മാതൃകാപരമാണ്.

കൊവിഡ് കാലം ഗുണപരമായ മാറ്റമുണ്ടാക്കി. ജനങ്ങളും പോലീസും തമ്മിലുള്ള അകലം ഇല്ലാതായി. പലരും വീട്ടുവാടക ഒഴിവാക്കി നല്‍കുന്നതും ശ്ലാഘനീയമാണ്. പൊതു സ്ഥലങ്ങളില്‍ തുപ്പരുതെന്ന ബോധം അനിവാര്യമാണ്. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. അത് ജീവിതശൈലിയുടെ ഭാഗമാക്കണം. കൊവിഡ് പ്രതിരോധത്തിനായി വെബ് സൈറ്റ് തുടങ്ങുമെന്നും അവശ്യ സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.