Connect with us

Articles

ഒരു ട്വീറ്റ്; ഒരുപാട് രാഷ്ട്രീയം

Published

|

Last Updated

ട്രംപിന്റെ ട്വീറ്റ് ഒരിക്കല്‍ കൂടി ലോകം ചര്‍ച്ചക്കെടുത്തിരിക്കുന്നു. ഒറ്റ ട്വീറ്റ് കൊണ്ട് ട്രംപിന് ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്താന്‍ സാധിക്കുന്നത് അമേരിക്കന്‍ രാഷ്ട്രീയ ക്രമത്തിന്റെ സവിശേഷത കൊണ്ടു കൂടിയാണ്. അത്ര വലിയ എക്‌സിക്യൂട്ടീവ് അധികാരങ്ങളുണ്ട് പ്രസിഡന്റിന്. തന്റെ ഉപദേശകരോടോ സെക്രട്ടറിമാരോടോ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരോടോ കൂടിയാലോചിക്കാതെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ആ തീരുമാനം നടപ്പാക്കുമ്പോള്‍ സെനറ്റിനും ജനപ്രതിനിധി സഭക്കും വേണമെങ്കില്‍ ഇടപെടാം. അപ്പോഴേക്കും തീരുമാന പ്രഖ്യാപനം കൊണ്ട് നേടാനുദ്ദേശിച്ച രാഷ്ട്രീയ ലാഭം യു എസ് പ്രസിഡന്റ് നേടിക്കഴിഞ്ഞിരിക്കും. ഇതിനെല്ലാം പുറമേയാണ് വീറ്റോ അധികാരം. ഇങ്ങനെ അപരിമിതമായ അധികാരം കൈയാളുന്നത് ട്രംപിനെപ്പോലെ ഒരു മനുഷ്യനാകുമ്പോള്‍ സംഭവിക്കാവുന്ന സ്വാഭാവിക ദുരന്തമാണ് ഇന്ന് അമേരിക്ക അനുഭവിക്കുന്നത്. ഇറാനെതിരെ യുദ്ധാഹ്വാനം നടത്തിയത് ട്വിറ്ററിലൂടെയാണ്. ഉത്തര കൊറിയയുമായി ഇടഞ്ഞതും അടുത്തതും ട്വീറ്റ് വഴിയാണ്. അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് ഒന്നൊന്നായി പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചതും സാമൂഹിക മാധ്യമത്തിലെ ഒറ്റവരി അപ്‌ഡേഷനിലൂടെയായിരുന്നു. ഇപ്പോഴിതാ തന്റെ മുന്‍ നിലപാട് കുറേക്കൂടി വ്യക്തമായും ചടുലമായും ട്രംപ് ട്വിറ്റര്‍ വഴി പ്രഖ്യാപിച്ചിരിക്കുന്നു: അമേരിക്കയിലേക്കുള്ള എല്ലാ തരം കുടിയേറ്റങ്ങളും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു. തിങ്കളാഴ്ച രാത്രി നടത്തിയ ട്വീറ്റ് ഇങ്ങനെ വായിക്കാം: അദൃശ്യ ശത്രുവിന്റെ ആക്രമണത്തിന്റെ വെളിച്ചത്തിലും നമ്മുടെ മഹത്തായ അമേരിക്കന്‍ ജനതയുടെ തൊഴില്‍ സംരക്ഷിക്കുന്നതിനും യു എസിലേക്കുള്ള കുടിയേറ്റം താത്കാലികമായി നിര്‍ത്തിവെക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ ഒപ്പു വെക്കാന്‍ പോകുകയാണ്.
ഈ ട്വീറ്റില്‍ പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് തയ്യാറായിട്ടില്ല. ആഭ്യന്തര സുരക്ഷാ സെക്രട്ടറിയോ സാമ്പത്തികകാര്യ സെക്രട്ടറിയോ വിദേശകാര്യ സെക്രട്ടറിയോ വിശദീകരിച്ചിട്ടുമില്ല. ആരെയൊക്കെ ഏതൊക്കെ വിധത്തിലാണ് ഈ പ്രഖ്യാപനം ബാധിക്കാന്‍ പോകുന്നതെന്നും അറിയില്ല. വിശദാംശങ്ങളില്ലാത്ത ഒരു ട്വീറ്റ് മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. ആഗോള മാധ്യമങ്ങള്‍ ഈ ട്വീറ്റ് വന്‍ ചര്‍ച്ചയാക്കിയതോടെ ആദ്യ ഘട്ടത്തില്‍ ട്രംപ് വിജയിച്ചിരിക്കുന്നു. ഇതു തന്നെയാണ് അദ്ദേഹം ആഗ്രഹിച്ചത്. താന്‍ മുന്നോട്ട് വെച്ച സംഗതിയില്‍ ചര്‍ച്ച പൊടിപൊടിക്കണം. ഇക്കാര്യത്തില്‍ അമേരിക്കന്‍ ജനതക്കുള്ള നിലപാട് അറിയണം. ലോകരാജ്യങ്ങള്‍ എന്ത് പ്രതികരിക്കുന്നുവെന്നും അറിയണം. സാമൂഹിക മാധ്യമങ്ങളെ എങ്ങനെയാണ് ഒരു ഭരണാധികാരി കൗശലപൂര്‍വം ഉപയോഗിക്കുന്നത് എന്നതിന്റെ കൂടി ഉദാഹരണമാണ് ഇത്.

ഈ പ്രഖ്യാപനത്തിന്റെ ആദ്യ ഭാഗം പരിശോധിക്കാം. അദൃശ്യനായ ശത്രുവിനെതിരായ പോരാട്ടത്തിലായതിനാല്‍ കുടിയേറ്റം തടയുന്നുവെന്നാണ് പറയുന്നത്. ഇത് ഇന്ന് ആഗോളമായി ഭരണകര്‍ത്താക്കള്‍ സ്വീകരിക്കുന്ന രീതിയാണ്. ചരിത്രവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ തീരുമാനങ്ങള്‍ പൊടുന്നനെ എടുക്കാനുള്ള അവസരമായി കൊവിഡ് വ്യാപനത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മിക്ക ഭരണകര്‍ത്താക്കളും നിയമനിര്‍മാണ സഭകളുടെ അനുമതിയില്ലാതെയാണല്ലോ ഇപ്പോള്‍ തീരുമാനങ്ങള്‍ എടുത്തു കൊണ്ടിരിക്കുന്നത്. ചര്‍ച്ചയില്ല. കൂടിയാലോചനയില്ല. വോട്ടിനിടേണ്ട. ഏകപക്ഷീയമായി നടപ്പാക്കാം. മിക്ക രാജ്യങ്ങളും ഓര്‍ഡിനന്‍സുകള്‍ ഇറക്കിക്കൊണ്ടിരിക്കുന്നു. യുദ്ധകാലം ഇത്തരത്തിലുള്ള ആയിരക്കണക്കിന് നിയമങ്ങളെ പ്രസവിച്ചിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ എന്നാണല്ലോ പ്രയോഗം. മനുഷ്യന്‍ അങ്ങേയറ്റം നിസ്സഹായനും ഭയവിഹ്വലനുമായ ഈ മഹാമാരിയുടെ ഘട്ടവും ഇത്തരം നിയമങ്ങള്‍ക്കുള്ള അവസരമാക്കി മാറ്റുകയാണ്. പൗരന്‍മാരെ നിരീക്ഷിക്കാനുള്ള എന്തൊക്കെ സംവിധാനങ്ങളാണ് ഉണ്ടായിക്കഴിഞ്ഞിട്ടുള്ളത് എന്ന് രോഗഭീതിയൊഴിഞ്ഞ ശേഷം വിശദമായ പഠനം തന്നെ നടക്കേണ്ടതും ചെറുക്കേണ്ടതുമാണ്. വുഹാനിലെ ജനങ്ങളോട് ചൈന ഡൗണ്‍ലോഡ് ചെയ്യാന്‍ പറഞ്ഞ ആപ്പ് മനുഷ്യനു മേല്‍ അതിക്രൂരമായ സര്‍വയലന്‍സ് ആണ് അടിച്ചേല്‍പ്പിക്കുന്നത്. ഇന്ത്യയിലെ “ആരോഗ്യ സേതു” ആപ്പും അത്ര നിഷ്‌കളങ്കമാണെന്ന് പറയാനാകില്ല. ഇവിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ കൈയേറ്റം തടയല്‍ ഓര്‍ഡിനന്‍സ് ഈ മഹാമാരിയുടെ കാലത്ത് ന്യായീകരിക്കപ്പെടുന്നുവെങ്കിലും മാരകമായ നിയമമാണ് അത്. രോഗിക്കോ രോഗിയുടെ ബന്ധുവിനോ ഒരു പൗരനെന്ന നിലയിലുള്ള മിനിമം അവകാശം കൂടി കവര്‍ന്നെടുക്കുന്നുണ്ട് ഈ നിയമം. രോഗിക്ക് താന്‍ എന്ത് ചികിത്സക്കാണ് വിധേയമാകുന്നതെന്ന് അറിയാനുള്ള അവകാശമുണ്ട്. തെറ്റായ വഴിയിലൂടെയാണ് നീങ്ങുന്നതെങ്കില്‍, നെഗ്‌ലിജന്‍സ് ശ്രദ്ധയില്‍ പെട്ടാല്‍ അത് ആരായാനുള്ള അവകാശം രോഗിക്കുണ്ടാകണം. കൊവിഡ് കാലത്ത് മുളച്ച് പൊങ്ങുന്ന നിയമങ്ങള്‍ ഈ അവകാശങ്ങളുടെ കടക്കല്‍ കത്തി വെക്കുന്നു. കൊവിഡ് കാലം കഴിഞ്ഞാലും ഈ കരിനിയമങ്ങള്‍ ഇവിടെയുണ്ടാകും. അത് മനുഷ്യരെ വരിഞ്ഞ് മുറുക്കും. പണ്ട് തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ അതിമാരകമായ പൊതു സുരക്ഷാ നിയമം (പി എസ് എ) കൊണ്ടുവന്നത് ഫാറൂഖ് അബ്ദുല്ലയാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോള്‍ അതേ നിയമമനുസരിച്ചാണ് അദ്ദേഹത്തെയും മകനെയും കേന്ദ്ര സര്‍ക്കാര്‍ തടവിലിട്ടത്. പറഞ്ഞു വരുന്നത് ഒരു പ്രത്യേക സാഹചര്യത്തിന്റെ സൃഷ്ടിയായ നിയമങ്ങളും നിലപാടുകളും മറ്റൊരു കാലത്തേക്കു കൂടി ഭരണാധികാരികള്‍ കാത്തുവെക്കുമെന്നാണ്. കുടിയേറ്റ വിരുദ്ധത ട്രംപിന്റെ സഹജഭാവമാണ്. ആ പ്രത്യയശാസ്ത്രമാണ് അദ്ദേഹത്തെ പ്രസിഡന്റാക്കിയത്. ഈ കൊവിഡ് കാലത്ത്, ആരും എതിര്‍ക്കില്ലെന്ന ഉറപ്പില്‍ അദ്ദേഹം അത് പുറത്തെടുക്കുന്നു. ഗതികേടുകൊണ്ട് പലായനം ചെയ്യുന്ന മനുഷ്യരെ മുഴുവന്‍ രോഗാണു വാഹകരാക്കുകയാണ് ട്രംപ്.
ഇനി ഈ ട്വീറ്റിന്റെ രണ്ടാം ഭാഗം. മഹത്തായ അമേരിക്കന്‍ ജനതയുടെ തൊഴില്‍ സംരക്ഷണം. സത്യത്തില്‍ അമേരിക്ക അനുഭവിക്കുന്ന തൊഴില്‍ രാഹിത്യം കുടിയേറ്റക്കാര്‍ സൃഷ്ടിച്ചതാണോ? ഒരിക്കലുമല്ല. ട്രംപിന്റെ ബിസിനസ്സ് കണ്ണോടെയുള്ള നയങ്ങളാണ് അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന ഹേതു. മുതലാളിത്ത നയങ്ങളുടെ കൂടപ്പിറപ്പാണ് സാമ്പത്തിക മാന്ദ്യം. എന്തും വിപണിക്ക് വിട്ടു കൊടുക്കുന്നതിന്റെ ദുരന്തഫലം. കൊവിഡ് വ്യാപനം ഈ പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുമെന്നുറപ്പാണ്. അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക് അനുദിനം കുതിക്കുകയാണ്. ഈ പ്രതിസന്ധിയുടെ പാപഭാരം മുഴുവന്‍ കുടിയേറ്റത്തില്‍ കെട്ടിവെച്ച് തടിയൂരുകയാണ് ട്രംപ് ചെയ്യുന്നത്. ഒപ്പം തീവ്ര ദേശീയ വികാരം കത്തിച്ചു നിര്‍ത്തുന്നു. രണ്ടാമൂഴത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഴയ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുകയാണ് ട്രംപ്. മുസ്‌ലിം വിരുദ്ധത, കുടിയേറ്റ വിരുദ്ധത, വംശീയത, അമേരിക്ക ഫസ്റ്റ്, അന്താരാഷ്ട്ര ബാധ്യതകളില്‍ നിന്നുള്ള പിന്‍മാറ്റം തുടങ്ങിയ ആശയഗതികളിലാണ് അദ്ദേഹം ഈ തിരഞ്ഞെടുപ്പു കാലത്തും ഊന്നുന്നത്. വെള്ളക്കാരുടെ പരമാധികാരം പ്രഖ്യാപിക്കുന്ന വൈറ്റ് സൂപ്രമസിസ്റ്റ് ഗ്രൂപ്പുകളുടെ അതേ വാദമാണ് ട്രംപ് ഉയര്‍ത്തിയത്. കറുത്തവര്‍ക്കും മുസ്‌ലിംകള്‍ക്കും അമേരിക്കയില്‍ ഇടമില്ലെന്ന ഭ്രാന്തന്‍ ആശയത്തിന്റെ തടവറയിലാണ് ട്രംപെന്നത് പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹം കൈകൊണ്ട തീരുമാനങ്ങളിലുടനീളം കാണാം. അമേരിക്കയിലെ എല്ലാ സുരക്ഷാ പ്രശ്‌നങ്ങളുടെയും കാരണം കുടിയേറ്റക്കാരാണെന്ന് ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ ഇടക്കിടക്ക് പറയുന്നുണ്ടെങ്കിലും ഇക്കാലം വരെ ഇതിനെ സാധൂകരിക്കുന്ന ഒരു സര്‍വേയും പുറത്തു വന്നിട്ടില്ല. സ്വന്തം കഴിവുകേടുകളെ മറച്ച് വെക്കാന്‍ കുടിയേറ്റവിരുദ്ധത ഒരിക്കല്‍ ആളിക്കത്തിക്കുന്ന ട്രംപ് പ്രതിപക്ഷത്തിന് ഫലപ്രദമായി പ്രതിരോധിക്കാനാകാത്ത ആയുധമാണ് പ്രയോഗിക്കുന്നത്. ഒന്നാമൂഴത്തിനുള്ള പ്രചാരണ ഘട്ടത്തിലും ഹിലാരിയെ കുടുക്കിയത് ഇങ്ങനെയായിരുന്നു.
യഥാര്‍ഥത്തില്‍ കുടിയേറ്റം തൊഴില്‍ സൃഷ്ടിക്കുകയും ചടുലമായ സമ്പദ്‌വ്യവസ്ഥ സാധ്യമാക്കുകയുമാണ് ചെയ്യുന്നത്. അതിര്‍ത്തി കടന്നു വരുന്നവര്‍ യന്ത്രങ്ങളല്ല. അവര്‍ ഉണ്ണുകയും ഉടുക്കുകയും ചെയ്യുന്ന മനുഷ്യരാണ്. അവര്‍ വരുമ്പോള്‍ സമ്പദ്‌വ്യവസ്ഥ ചലനാത്മകമാകും. വന്‍കിട സമ്പദ്‌വ്യവസ്ഥകളുടെ സഹജ സ്വഭാവമായ സ്തംഭനാവസ്ഥ മറികടക്കും. അങ്ങനെ സജീവമായ ഉത്പാദന മേഖല തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര വിപണിയില്‍ വില്‍പ്പന സാധ്യതയുണരുകയാണ് മനുഷ്യര്‍ കടന്നു വരുമ്പോള്‍ സംഭവിക്കുന്നത്. പക്ഷേ, ഈ യാഥാര്‍ഥ്യം തുറന്ന് പറയാന്‍ ഭൂരിപക്ഷ യുക്തിയെന്ന രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരു നേതാവും തയ്യാറാകില്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest