Connect with us

Gulf

കോവിഡ് രോഗമുക്തയായി ഏഴു വയസുകാരി; യുഎഇയില്‍ അതിജീവിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍

Published

|

Last Updated

അബുദാബി | ബുര്‍ജീല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ റൂമില്‍ കിടന്ന ആദ്യ ദിവസങ്ങളില്‍ ഏഴു വയസുകാരി ലീനിന് അറിയില്ലായിരുന്നു എന്താണ് കോവിഡെന്ന്. മുമ്പെപ്പോഴോ വന്നതിലും കൂടിയ പനി. ശക്തമായ ചുമ. ഒപ്പം ശ്വാസ തടസവും. മകളുടെ വയ്യായ്കകള്‍ ആദ്യം അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരോട് വിശദീകരിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കും ഇത്രയേ അറിയാമായിരുന്നുള്ളൂ. കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഡോക്ടര്‍മാര്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോകമാകെ പടരുന്ന വൈറസിന് ഇരയായതാണ് കൊച്ചു മിടുക്കിയെന്ന് ഡോക്ടര്‍മാര്‍ പിന്നീടുള്ള പരിശോധനയില്‍ കണ്ടെത്തി. വിവരമറിഞ്ഞു കുടുംബം ആശങ്കയില്‍ ആയെങ്കിലും എന്താണ് രോഗമെന്ന് അറിയാത്തതുകൊണ്ട് ലീന്‍ ഐസൊലേഷന്‍ റൂമിലെത്തുന്ന ഡോക്ടര്മാരോടും നേഴ്‌സുമാരോടും ചോദിച്ചുകൊണ്ടിരുന്നു: “എന്തിനാണ് തന്നെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന്?”.

എന്താണ് കോവിഡ് എന്നും എന്തുകൊണ്ടാണ് വയ്യായ്കകള്‍ എന്നും ഡോക്ടര്‍മാര്‍ ലളിതമായ ഉദാഹരങ്ങള്‍ സഹിതം ലീനിനെ പറഞ്ഞു മനസിലാക്കി. മാസ്‌കും ഗ്ലൗസും മറ്റു മുന്‍കരുതലുകളും സ്വീകരിച്ച് ദിവസങ്ങളോളം അമ്മയും അവള്‍ക്ക് കൂട്ടിരുന്നു. അങ്ങനെ എട്ടു ദിവസത്തിനു ശേഷം കോവിഡിനെ അതിജീവിച്ച് ചുറുചുറുക്കോടെ ലീന്‍ ഐസൊലേഷന്‍ റൂമില്‍ നിന്ന് പുറത്തിറങ്ങി.

ആദ്യ ദിവസത്തെ ആശങ്കകളെ മറന്നു ധൈര്യത്തോടെ മഹാമാരിയെ അതിജീവിച്ച മിടുക്കിക്ക് അബുദാബി വിപിഎസ് ബുര്‍ജീല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌നേഹോഷ്മള യാത്രയയപ്പാണ് നല്‍കിയത്.

അമ്മയുടെ കൈപിടിച്ചിറങ്ങിയ ലീനിനെ വരവേല്‍ക്കാന്‍ ആശുപത്രി ജീവനക്കാര്‍ ഒന്നടങ്കം മുറിക്ക് പുറത്തുണ്ടായിരുന്നു. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ഹൌസ് കീപ്പിംഗ് ജീവനക്കാര്‍, സുരക്ഷാ ജീവനക്കാര്‍ എല്ലാവരും വരിവരിയായി നിന്ന് ലീനിനെ അഭിവാദ്യം ചെയ്തു. കയ്യടിച്ചു. അവരോടെല്ലാം കൈവീശി യാത്ര പറഞ്ഞു കൊണ്ട് അമ്മയ്‌ക്കൊപ്പം അവള്‍ ആശുപത്രിയില്‍ നിന്നിറങ്ങി. മകള്‍ കോവിഡിനെ അതിജീവിച്ചതിന്റെ ആശ്വാസത്തിലാണ് സിറിയയില്‍ നിന്നുള്ള കുടുംബം. എങ്ങനെയാന് ലീനിനെ വൈറസ് ബാധിച്ചതെന്നു ഇപ്പോഴും ഇവര്‍ക്ക് തിട്ടമില്ല. പോസിറ്റിവ് ആയ ആരുമായും കുട്ടി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയിട്ടില്ല.

ലീന്‍ പോസിറ്റിവ് ആണെന്നറിഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ സാമ്പിളുകള്‍ പരിശോധിച്ചെങ്കിലും വൈറസ് ബാധ കണ്ടെത്താത്തത് കുടുംബത്തിന് ആശ്വാസമായി. ആശങ്ക വേണ്ടെന്ന ഡോക്ടര്‍മാരുടെ വാക്കുകള്‍ വിശ്വസിച്ചു കഴിയുകയായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ കുടുംബം. കുട്ടി ഒറ്റയ്ക്കായതു കൊണ്ട് മുന്‍കരുതലുകള്‍ സ്വീകരിച്ച് ഐസൊലേഷന്‍ മുറിയില്‍ മകള്‍ക്ക് കൂട്ടിരിക്കാന്‍ അമ്മയ്ക്ക് ആശുപത്രി അധികൃതര്‍ അനുമതി നല്‍കി. ചിത്രങ്ങള്‍ വരച്ചും ഖുര്‍ആന്‍ പാരായണം ചെയ്തും ടിവി കണ്ടുമാണ് ഐസൊലേഷനില്‍ ലീന്‍ സമയം ചിലവഴിച്ചത്. നാല് ദിവസം കൂടുമ്പോള്‍ വൈറസ് പകര്‍ന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ അമ്മയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുമായിരുന്നു. മറ്റു കുടുംബാംഗങ്ങള്‍ വീഡിയോ കോളിലൂടെയും ഫോണിലൂടെയുമാണ് കുട്ടിയുമായി സംസാരിച്ചത്.

ആദ്യം വലിയ ആശങ്കയിലൂടെയാണ് കടന്നുപോയതെങ്കിലും ആശുപത്രിയിലെ മികച്ച പരിചരണവും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും വാക്കുകളും ആത്മവിശ്വാസം നല്‍കിയതായി കുട്ടിയുടെ അമ്മ ബതോള്‍ പറഞ്ഞു. വീട്ടിലുള്ള മറ്റു കുട്ടികളെ ശ്രദ്ധിക്കുക അതേസമയം തന്നെ ലീനിനൊപ്പം കഴിയുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. മകളെ രോഗമുക്തയാകാന്‍ സഹായിച്ച ബുര്‍ജീല്‍ ആശുപത്രിയിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയാണ് ഈ അമ്മ.

ആദ്യ ലക്ഷണങ്ങളില്‍ നിന്ന് തന്നെ കോവിഡ് സംശയം തോന്നി ചികിത്സ ആരംഭിച്ചതിനാലാണ് ലീനിന് വേഗം രോഗത്തെ അതിജീവിക്കാന്‍ ആയതെന്ന് മെഡിക്കല്‍ സംഘത്തിന് നേതൃത്വം നല്‍കിയ ഡോ. നഷ്‌വ ബഹേല്‍ദ്ധീന്‍ പറഞ്ഞു. മികച്ച പരിചരണത്തിന് നന്ദി പറഞ്ഞു ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനക്കുറിപ്പ് കൈമാറിയാണ് ലീനും അമ്മയും ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.

ഏട്ടു ദിവസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ലീനിന് തന്നെപ്പോലുള്ള കൊച്ചു മിടുക്കന്മാരോടും മിടുക്കികളോടും കൊറോണയെപ്പറ്റി ഇത്രയേ പറയാനുള്ളൂ “അടങ്ങി വീട്ടില്‍ ഇരിക്കുക. പുറത്തെ കളികള്‍ പിന്നീടാവാം. കൈകള്‍ കഴുകി വൃത്തിയായി സൂക്ഷിക്കുക, സുരക്ഷിതരായി കഴിയുക!”

Latest