Connect with us

Kerala

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തക അടക്കം ഏഴ് പേർക്ക് കൊവിഡ്; ഏഴ് പേർക്ക് രോഗമുക്തി

Published

|

Last Updated

തിരുവനന്തപുര‌ം | സ‌ംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയത്തും കൊല്ലത്തും മൂന്ന് പേർക്ക് വീതവും കണ്ണൂരിൽ ഒരാൾക്കുമാണ് രോഗ‌ം സ്ഥിരീകരിച്ചതെന്ന് കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. കൊല്ലത്ത് ആരോഗ്യപ്രവർത്തകക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർ രോഗമുക്തി നേടി. കാസർകോട്, കണ്ണൂർ, കോഴിക്കോട ജില്ലകളിൽ രണ്ട് പേർ വീതവും വയനാട്ടിൽ ഒരാളുമാണ് ആശുപത്രി വിട്ടത്. ഇതോടെ ഒരാൾ മാത്രം ചികിത്സയിൽ കഴിഞ്ഞിരുന്ന വയനാട് ജില്ല കൊവിഡ് മുക്തമായി.

രോഗം ഭേദമായതില്‍ ഒരാള്‍ 84കാരനാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂരിയാട് അബൂബക്കര്‍ ആണ് രോഗ മുക്തി നേടിയത്. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടും അദ്ദേഹത്തിന്റെ രോഗം ഭേദമാക്കാന്‍ സാധിച്ചത് സംസ്ഥാനത്തിന്റെ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

457 പേർക്കാണ് സ‌ംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 116 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 21,044 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 20,580 പേരും വീടുകളിലും 464 പേർ ആശുപത്രികളിലുമാണ്. 22,360 സാംപിളുകൾ ഇതിനകം പരിശോധിച്ചതിൽ 21,474 ഫലങ്ങും നെഗറ്റീവായെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പത്ര സമ്മേളനത്തില്‍ നിന്ന്…

സംസ്ഥാന സര്‍ക്കാരിന്റെ ആശുപത്രികളില്‍ ഇപ്പോള്‍ തിരക്ക് കൂടി വരികയാണ്. സ്വകാര്യ ആശുപത്രികളിലും തിരക്കേറുകളയാണ്. മുന്‍നിശ്ചയിച്ച ശസ്ത്രക്രിയകളും ആരംഭിച്ചു. സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ലക്ഷണമുള്ളവര്‍ എത്തിയാല്‍ അവരെ ചികിത്സിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു വേണം ആശുപത്രികള്‍ പ്രവര്‍ത്തിക്കാന്‍. എന്നാല്‍ ചില സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് പ്രതിരോധത്തിനുള്ള ചികിത്സ സംവിധാനങ്ങളും ഉപകരണങ്ങളും ഇല്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

നമ്മുടെ സംസ്ഥാനത്തേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെത്തുന്നതും അതേ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും തുടരുകയാണ്. പാലക്കാടും മറ്റും അത്തരം ചില സംഭവങ്ങള്‍ ഇന്നലെയും ഉണ്ടായി. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ ഒരു വിട്ടുവീഴ്ചയും കാണിക്കരുത്. സുരക്ഷമുന്‍കരുതലുകള്‍ ഇല്ലാതെ അതിര്‍ത്തി കടക്കുന്നവരെ കണ്ടെത്തി തടയണം. ലോക്ക് ഡൗണ്‍ കൃത്യമായി പാലിച്ചു പോകണം. എന്നാല്‍ ചിലയിടത്ത് എങ്കിലും ഗുരുതര ലംഘനം ഉണ്ടാകുന്നു.

ഇരിങ്ങാലക്കുടിയില്‍ ആളുകള്‍ കൂട്ടത്തോടെ കുളത്തില്‍ കുളിക്കാന്‍ പോയതായി കേട്ടു. ചിലയിടങ്ങളില്‍ ആളുകള്‍ കൂട്ടമായി മീന്‍ പിടിക്കുകയും മറ്റു ചെയ്യുന്നതായി അറിഞ്ഞു. പുറത്തിറങ്ങാന്‍ ആളുകള്‍ ത്വര കാണിക്കുന്നുണ്ടെന്ന് അറിയാം. എന്നാല്‍ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി അതു തടയണം.
സംസ്ഥാനത്ത് ആയൂര്‍ രക്ഷാ ക്ലിനിക്കുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വൃദ്ധജനങ്ങള്‍ക്കായി സുഖായുഷ്യം എന്ന പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഔഷധങ്ങളും സഹായങ്ങളും നല്‍കാന്‍ അവര്‍ തയ്യാറാണ്. ഇതോടൊപ്പം ചര്‍ച്ച ചെയ്ത മേഖലയാണ് സിദ്ധ. തങ്ങളെ ഈ ഘട്ടത്തില്‍ പരിഗണിച്ചില്ല എന്ന പരാതി അവര്‍ക്കുണ്ട്. ആയുര്‍വേദ സിദ്ധ വിദഗ്ധന്‍മാരെയാണ് ആദ്യഘട്ടത്തില്‍ വിളിച്ചു ചര്‍ച്ച ചെയ്തത്. അവരെ ഇനിയും പരിഗണിക്കും ഇക്കാര്യത്തില്‍ ആശങ്ക വേണ്ട.

ക്ഷേമനിധികള്‍ നമ്മുടെ സംസ്ഥാനം നല്ല രീതിയില്‍ കൊണ്ടു പോയിട്ടുണ്ട്. എന്നാല്‍ ഒരു ക്ഷേമനിധിയിലും വരാതെ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളും വ്യക്തികളുമുണ്ട്. ഒരു ആനുകൂല്യവും ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആയിരം രൂപ വീതം വിതരണം. ചെയ്യും അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പൈസ എത്തിക്കുകയാണ് ചെയ്യുക.

ആര്‍സിസിയില്‍ ശസ്ത്രക്രിയകള്‍ക്ക് മുന്‍പ് രോഗികള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തും. ശസ്ത്രക്രിയക്ക് ഇടയിലും ശേഷവും ഉണ്ടാവുന്ന സ്രവങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സ്പര്‍ശിക്കേണ്ടി വരും എന്ന കാര്യം പരിഗണിച്ചാണ് ഇത്. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് കൊവിഡ് വന്നാല്‍ പെട്ടെന്ന് ഗുരുതരമാകുന്ന അവസ്ഥയുണ്ട്. ക്യാന്‍സര്‍ ശസ്ത്രക്രിയ അധികകാലം മാറ്റിവയ്ക്കാനാവില്ല അതിനാല്‍ ആര്‍സിസിയില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ആര്‍സിസിയിലെ കൊവിഡ!് പരിശോധനാകേന്ദ്രത്തിന് ഐസിഎംആര്‍ അനുമതി കിട്ടും വരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരിശോധനകള്‍ തുടരും.

കാരുണ്യപദ്ധതിയില്‍ അംഗങ്ങളായ രോഗികള്‍ക്ക് ജില്ലാ ആശുപത്രിയില്‍ മരുന്നില്ലെങ്കില്‍ ആര്‍സിസിയില്‍ നിന്നും ലഭ്യമാക്കും. ക്ഷേമപദ്ധതിയില്‍ ഇല്ലാത്തവര്‍ക്ക് പണം കൊടുത്തും മരുന്ന് വാങ്ങാം. ഡോക്ടറുടെ കുറിപ്പടിയോടെ പൈസ സഹിതം അയച്ചു കൊടുത്താല്‍ ഫയര്‍ഫോഴ്‌സോ സന്നദ്ധ സേനയോ വഴി മരുന്ന് എത്തിച്ചു നല്‍കും.

ലോക്ക് ഡൗണില്‍സംസ്ഥാനത്ത് ഒറ്റപ്പെട്ടു കിടക്കുന്ന വായോധികര്‍ക്കായി പൊലീസ് പ്രശാന്തിനി എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കും. ഇതിനായി മുഴുവന്‍ സമയം കോള്‍ സെന്ററും സജ്ജമാക്കും.

നാളെ മുതല്‍ ചൊവ്വാഴ്ച വരെ അറുപത് മണിക്കൂര്‍ നേരത്തേക്ക് ലോക്ക് ഡൗണ്‍ ശക്തിപ്പെടുത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളില്‍ പട്രോളിംഗ് ശക്തമാക്കും. ഈ സമയത്ത് അതിര്‍ത്തി വഴി വാഹനങ്ങള്‍ കടത്തിവിടില്ല.

കേന്ദ്രം ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. മരുന്ന് വിതരണം ചെയ്യുന്ന സംവിധാനം പൊലീസ് വിജയകരമായി നിര്‍വഹിച്ചു വരുന്നു. പദ്ധതിയുടെ സംസ്ഥാന തല ഏകോപനം ്രൈകംബ്രാഞ്ച് മേധാവിയെ ഏല്‍പിച്ചു. ഇക്കാര്യത്തില്‍ ഫയര്‍ ഫോഴ്‌സും പ്രശംസനീയമായ സേവനമാണ് നടത്തുന്നത്.

റെഡ് സോണില്‍ ഹോട്ട് സ്‌പോട്ട് മേഖലകളില്‍ എല്ലാം ട്രിപ്പിള്‍ ലോക്ക് ഏര്‍പ്പെടുത്തും. ലോക്ക് ഡൗണ്‍ റെഡ് സോണിലാകെ ബാധകമാണ്. എന്നാല്‍ അതില്‍ തന്നെ ഹോട്ട് സ്‌പോട്ടായ സ്ഥലത്ത് നിയന്ത്രണം കടുപ്പിക്കും. ഇത്തരം സ്ഥലങ്ങളില്‍ അവശ്യവസ്തുകള്‍ പൊലീസ് ഇടപെട്ട് വീട്ടിലെത്തിക്കും. ഇവിടെ എല്ലാ വഴികളും സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാകും. ഇതിനോട് സഹകരിക്കുക മാത്രമേ മാര്‍ഗമുള്ളൂ. ഹോട്ട്‌സ്‌പോട്ടില്‍ ഉള്ളവര്‍ അവിടെ തന്നെ കഴിയകുക.

സംസ്ഥാനത്തേക്കുള്ള ചരക്കു നീക്കത്തില്‍ പ്രശ്‌നമില്ല. ഇന്നലെ 2509 ട്രക്കുകള്‍ വന്നു. കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ക്ക് അന്നന്ന് തന്നെ പൈസ കൊടുക്കണം. അവരുടെ വിളപ്പെടുപ്പും കൃഷിയുമെല്ലാം പ്രതിസന്ധിയിലാണ്‍.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നാട് നേരിടുന്ന പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളത്തില്‍ ഒരു വിഹിതം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചിലര്‍ കത്തിച്ചതായി മാധ്യമവര്‍ത്തകള്‍ കണ്ടു. ഈ വാര്‍ത്ത കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് തിരുവനന്തപുരം സ്വദേശി ആദര്‍ശിനെയാണ് ആണ്. അഞ്ചാം ക്ലാസ് മുതല്‍ ആദര്‍ശ് മുടക്കമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നു. ദുരന്തബാധിതരെ കുറിച്ചുള്ള കുട്ടികളുടെ കരുതല്‍ എത്ര വലുതാണ് എന്നാണ് അതില്‍ നിന്നും ബോധ്യമാകുന്നത്.

വിഷുക്കൈനീട്ടം ദുരിതാശ്വാസനിധിയിലേക്ക് തരാമോ എന്ന് വിഷുത്തലേന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എത്ര ആവേശകരമായാണ് കുട്ടികള്‍ അതിനോട് പ്രതികരിച്ചത്. കളിപ്പാട്ടം വാങ്ങാനും കൈനീട്ടം കിട്ടിയതുമെല്ലാം കുട്ടികള്‍ തന്നു. റമദാന്‍ മാസത്തില്‍ സക്കാത്ത് നല്‍കാന്‍ വച്ച പണവും ആളുകള്‍ തന്നു. പൊലീസ് വണ്ടി തടഞ്ഞു നിര്‍ത്തി പണം തന്ന അമ്മയെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. ആടിനെ വിറ്റ പണം ദുരിതാശ്വാസനിധിയിലേക്ക് തന്ന ആയിഷയെക്കുറിച്ച് ഇന്ന് വാര്‍ത്ത കണ്ടു. കുരുമുളക് വിറ്റും പൈസ തന്നവരുണ്ട്. സ്‌പെഷ്യല്‍ മീല്‍ വേണ്ട എന്നു പറഞ്ഞ് ആ പണം ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയവരുണ്ട്. ഇവരെക്കെ എന്തെങ്കിലും തിരിച്ചു കിട്ടും എന്നു കരുതയില്ല ഇതൊക്കെ ചെയ്യുന്നത്. ഇതൊരു മനോഭാവത്തിന്റെ പ്രശ്‌നമാണ്. സഹജീവികളോടുള്ള കരുതല്‍ വേണ്ടത്രയുള്ളവരാണ് നമ്മുടെ ജീവനക്കാര്‍ കൊവിഡിനെതിരെ അവര്‍ നയിക്കുന്ന പോരാട്ടം നിസ്തുലമാണ്. അവര്‍ക്ക് ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ച് നല്ല ഗ്രാഹ്യമുണ്ടാകും. അതുകൊണ്ടാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യും മുന്‍പേ പലരും പിന്തുണ തന്നത്.

2018ലെ പ്രളയസമയത്ത് സാലറി ചാലഞ്ച് പ്രഖ്യാപിച്ചപ്പോള്‍ പല ബുദ്ധിമുട്ടുകളുണ്ടെങ്കിലും തങ്ങള്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമാണ് എന്ന് പ്രഖ്യാപിച്ച് ആയിരങ്ങളാണ് അതേറ്റുടത്തത്. ഈ പ്രാവശ്യം നമ്മുടെ സംസ്ഥാനവും രാജ്യവും ലോകവും ഒരേ പോലെ പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാലാണ് ആറ് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം എന്ന ഉത്തരവ് ഇറങ്ങിയത്. എന്നാല്‍ അതും സമ്മതിക്കില്ല എന്നാണ് ഒരു ന്യൂനപക്ഷത്തിന്റെ കാഴ്ച്ചപ്പാടാണ്. അതിന്റെ ഏറ്റവും മോശമായ പ്രകടനമാണ് ഉത്തരവ് കത്തിക്കല്‍.

ജോലിയും കൂലിയും ഇല്ലാത്ത ഒരു ജനത നമ്മുടെ കൂടെയുണ്ടെന്ന് ഇവര്‍ ഓര്‍ക്കണം. കൊവിഡിനെതിരെ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും ഓര്‍ക്കണം. കഴിഞ്ഞ പ്രതിസന്ധി കാലത്ത് സര്‍ക്കാരിന് സഹായവുമായി വന്നത് വയോജനങ്ങളാണ്. ഒരു വര്‍ഷത്തെ പെന്‍ഷന്‍ വരെ തന്നവരുണ്ട്. ഈ കൊറോണ കാലത്ത് പ്രായം ചെന്നവര്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദേശിച്ചത്. അവരോട് പറയാനുള്ളത് ഇനിയും വീട്ടില്‍ തുടരുക ഒപ്പം കഴിയും പോലെ സഹായിക്കുക.