Connect with us

Kerala

മലപ്പുറം - കോഴിക്കോട് ജില്ലാ അതിര്‍ത്തിയിലെ ഊടുവഴികൾ കല്ലിട്ടടച്ച് പോലീസ്

Published

|

Last Updated

കൊടിയത്തൂര്‍ (കോഴിക്കോട് ) | കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയിലെ മുഴുവന്‍ ഊടുവഴികളും മുക്കം പൊലീസ് കല്ലിട്ട് അടച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട്,കീഴുപറമ്പ് പഞ്ചായത്തുകളില്‍ നിന്നും ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന വാലില്ലാപ്പുഴ പുതിയനിടം റോഡ്, തേക്കിന്‍ ചുവട് തോട്ടുമുക്കം റോഡ്, പഴംപറമ്പ് ചെറുവാടി റോഡ്, തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് തോട്ടുമുക്കം റോഡ് എന്നിവടങ്ങളിലുള്ള അതിര്‍ത്തികളാണ് അടച്ചത്. കരിങ്കല്ലുകള്‍ ലോറിയില്‍ എത്തിച്ച് മുക്കം ജനമൈത്രി സബ് ഇന്‍സ്‌പെക്ടര്‍ അസൈന്‍, എ.എസ്.ഐ. സലീം മുട്ടാത്ത്, ഹോം ഗാര്‍ഡ് സിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകള്‍ അടച്ചത്. പ്രദേശത്തെ പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ ജില്ലാ അതിര്‍ത്തിയിലെ പ്രധാന റോഡുകളായ കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ എരഞ്ഞിമാവിലും കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് റോഡിലെ കവിലടയിലും പോലീസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ച് നിരീക്ഷണം കര്‍ശനമാക്കിയിരുന്നു. ഇതു മൂലം വാഹനങ്ങള്‍ ഊടുവഴികളിലൂടെ രാത്രി കാലങ്ങളിലും മറ്റും സഞ്ചരിക്കുന്നത് വ്യാപകമായതായി പരാതിയുണ്ടായിരുന്നു. പതിനൊന്ന് ഇടവഴികളാണ് മലപ്പുറത്തേക്ക് ഈ പ്രദേശത്തുള്ളത്.ഇതോടെയാണ് പോലീസ് റോഡുകള്‍ പൂര്‍ണ്ണമായി അടച്ചിട്ടത്.

മലപ്പുറം കോഴിക്കോട് ജില്ലാ അതിര്‍ത്തിയിലെ ഊടുവഴികള്‍ അടക്കുന്നതിന്റെ ഭാഗമായി ചെറുവാടി പഴംപറമ്പില്‍ പോലീസ് കല്ലിട്ട് റോഡ് അടക്കുന്നു.

അതേസമയം മതിയായ രേഖകള്‍ ഉള്ളവരെ തോട്ടുമുക്കം കുഴിനക്കി പാലം, എരഞ്ഞിമാവ്,കവിലട ചെക്ക്‌പോസറ്റുകള്‍ വഴി കടത്തിവിടുന്നുണ്ട്. കോവിഡ് 19 വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അനധികൃതമായി ജില്ലയിലേക്ക് പ്രവേശിക്കുന്നത് തടയുക എന്ന ഉദ്ദേശ്യത്തിലാണ് എല്ലാ വഴികളും അടച്ചതെന്ന് ജനമൈത്രി ഇന്‍സ്‌പെക്ടര്‍ അസൈന്‍ പറഞ്ഞു.

അതേ സമയം റോഡ് കല്ലിട്ട് അടച്ച് പോലീസ് കര്‍ണ്ണാടക മോഡല്‍ നടപ്പിലാക്കുന്നു എന്നാരോപിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.എന്നാല്‍ ആശുപത്രി അടക്കമുള്ള അവശ്യ സര്‍വ്വീസുകള്‍ക്ക് പ്രധാന റോഡുകള്‍ ഉപയോഗിക്കാമെന്ന് പോലീസും പറയുന്നു.

Latest