Connect with us

Religion

പ്രാര്‍ഥനക്കുമുണ്ട് മര്യാദകള്‍

Published

|

Last Updated

ഇമാം അബൂ ഹാമിദ് അല്‍ ഗസ്സാലി(റ) പ്രാര്‍ഥനയുടെ പത്ത് മര്യാദകള്‍ ഇഹ്‌യാ ഉലൂമുദ്ദീനില്‍ വിശദീകരിച്ചിട്ടുണ്ട്.
ഒന്ന്: ശ്രേഷ്ട സമയങ്ങള്‍ തിരഞ്ഞെടുക്കുക. റമസാന്‍ മാസം, അറഫാ ദിവസം, വെള്ളിയാഴ്ച ദിവസം അര്‍ധരാത്രി, അത്താഴ സമയം എന്നിവ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന ഏറ്റവും നല്ല സമയങ്ങളാണ്.

രണ്ട്: പവിത്രമായ സന്ദര്‍ഭങ്ങളില്‍ പ്രാര്‍ഥിക്കുക.
വാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലുള്ള സമയം, സുജൂദില്‍, നിസ്‌കാരങ്ങള്‍ക്ക് ശേഷം, മഴ വര്‍ഷിക്കുമ്പോള്‍ തുടങ്ങിയവ ഇത്തരം സന്ദര്‍ഭങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
മൂന്ന്: ഖിബ്‌ലക്ക് മുന്നിട്ടു കൊണ്ടും കക്ഷത്തിന്റെ വെളുപ്പ് കാണും വിധം ഇരു കൈകള്‍ ഉയര്‍ത്തിയും പ്രാര്‍ഥിക്കുക.
നാല്: ശബ്ദത്തില്‍ മിതത്വം പാലിക്കുക. “നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് താഴ്മയോട് കൂടെയും രഹസ്യമായും പ്രാര്‍ഥിക്കുക” എന്നാണല്ലോ ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്.
അഞ്ച്: പ്രാസാലങ്കാരങ്ങളില്‍ ശ്രദ്ധയൂന്നാതിരിക്കുക.
ആറ്: വിനയം, ഭയഭക്തി, ആഗ്രഹം എന്നിവ ഉള്‍ചേര്‍ന്നതാകണം പ്രാര്‍ഥന.

ഏഴ്: ഉത്തരം ലഭിക്കുമെന്ന ദൃഢതയോടെയും ശുഭപ്രതീക്ഷയോടെയും പ്രാര്‍ഥിക്കുക.
എട്ട്: മൂന്ന് തവണ ആവര്‍ത്തിച്ചു പ്രാര്‍ഥിക്കുക. കാരണം നബി (സ്വ) പ്രാര്‍ഥിക്കുമ്പോള്‍ മൂന്ന് തവണ ആവര്‍ത്തിക്കാറുണ്ടായിരുന്നു.

ഒമ്പത്: ദിക്‌റ് കൊണ്ടും സ്വലാത്ത് കൊണ്ടും തുടങ്ങല്‍.
സുലൈമാനുദ്ദാറാനി(റ)പറഞ്ഞു: അല്ലാഹുവോടുള്ള അര്‍ഥനകളുടെ തുടക്കവും ഒടുക്കവും തിരുനബിയുടെ മേലിലുള്ള സ്വലാത്ത് കൊണ്ടാകണം. ആദ്യം സ്വലാത്ത് ചൊല്ലി തന്റെ ആവശ്യം അല്ലാഹുവിന് മുമ്പില്‍ സമര്‍പ്പിക്കുക. ശേഷം സ്വലാത്ത് കൊണ്ട് പ്രാര്‍ഥന പര്യവസാനം കുറിക്കുകയും ചെയ്യുക. നിശ്ചയം അല്ലാഹു രണ്ട് സ്വലാത്തുകളെ സ്വീകരിക്കുന്നതാണ്. രണ്ട് സ്വലാത്തുകള്‍ക്കിടയിലുള്ളത് സ്വീകരിക്കാതിരിക്കുകയില്ല. കാരണം അവന്‍ ഏറ്റവും വലിയ ഔദാര്യവാനത്രെ.
പത്ത്: ആന്തരികമായ അച്ചടക്കം.

തൗബ ചെയ്തും സൃഷ്ടികളോടുള്ള ഇടപാടുകള്‍ പരിഹരിച്ചും സമ്പൂര്‍ണമായി അല്ലാഹുവിലേക്ക് മുന്നിടലാണ് ഇത് കൊണ്ടുള്ള വിവക്ഷ.

കഅബുല്‍ അഹ്ബാര്‍ പറയുന്നു: മൂസ(അ)ന്റെ കാലത്ത് ശക്തമായ വരള്‍ച്ച ബാധിച്ചു. മൂസ നബി(അ) ജനങ്ങളെയും കൂട്ടി മഴക്ക് വേണ്ടി പ്രാര്‍ഥിച്ചു. പക്ഷേ മഴ വര്‍ഷിച്ചില്ല. നിങ്ങളില്‍ ഏഷണിക്കാരന്‍ ഉള്ളത് കൊണ്ട് ഉത്തരം ലഭിക്കില്ലെന്ന് അല്ലാഹു മൂസ നബിക്ക് ബോധനം നല്‍കി. മൂസ നബി(അ) അല്ലാഹുവിനോട് ആവശ്യപ്പെട്ടു. അയാളാരെന്ന് അറിയിച്ചു തന്നാല്‍ അദ്ദേഹത്തെ നമുക്ക് അകറ്റി നിര്‍ത്താമല്ലോ.

“നിങ്ങള്‍ക്ക് ഞാന്‍ ഏഷണി നിഷിദ്ധമാക്കുകയും ഞാന്‍ ഏഷണിക്കാരനാകുകയും ചെയ്യുകയോ?! അല്ലാഹു ചോദിച്ചു.
മൂസ നബി(അ) സമുദായത്തോട് പറഞ്ഞു: ഏഷണിയില്‍ നിന്ന് നിങ്ങള്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക.
അങ്ങനെ അവര്‍ പാപമോചനം നടത്തുകയും സമൃദ്ധമായ മഴ വര്‍ഷിക്കുകയും ചെയ്തു.

ചോദ്യങ്ങള്‍ക്ക് അനുനിമിഷം ഉത്തരം ലഭിക്കാത്തതിലാണ് ചിലരുടെ ആധി. പലയിടങ്ങളിലും ധൃതി അനുപേക്ഷണീയമല്ല. പ്രാര്‍ഥനയില്‍ ധൃതി അരുതെന്നാണ് മുത്ത് നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത്.

നബി(സ്വ) പറയുന്നു: കുറ്റകൃത്യമോ കുടുംബ ബന്ധ വിഛേദനമോ ഉള്‍ചേര്‍ന്നിട്ടില്ലാത്ത പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്, ധൃതി കാണിക്കാതിരിക്കുമ്പോള്‍. തിരുനബിയോട് ചോദിക്കപ്പെട്ടു.

ധൃതി എങ്ങനെയാണ്?

നബി തങ്ങള്‍ പ്രത്യുത്തരം നല്‍കി: പ്രാര്‍ഥിച്ചിട്ടും ഉത്തരം ലഭിച്ചില്ലെന്ന് പറഞ്ഞ് ഹതാശനായി പ്രാര്‍ഥന തന്നെ ഉപേക്ഷിക്കല്‍ (മുസ്‌ലിം) മൂസ നബി(അ)ഉം ഹാറൂന്‍ നബിയും ഫിര്‍ഔനിന്നെതിരെ ദുആ ചെയ്തപ്പോള്‍ 40 വര്‍ഷത്തിന് ശേഷമാണ് ഉത്തരം ലഭിച്ചത്. നിരാശ വിശ്വാസികള്‍ക്ക് യോജിച്ചതുമല്ല. അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് അവിശ്വാസികളല്ലാതെ ആശ മുറിയുകയില്ല എന്നാണല്ലോ ഖുര്‍ആനിക സൂക്തം.

മാത്രമല്ല ഉത്തര ലഭിക്കല്‍ വിഭിന്ന രീതികളിലൂടെയാണ്. ഒന്ന്: ചോദിച്ചത് തന്നെ ഉദ്ദിഷ്ട സമയത്ത് ലഭിക്കല്‍.
രണ്ട്: മറ്റൊരു ഗുണത്തിന് വേണ്ടി (അല്ലാഹുവിന് മാത്രം അറിയുന്ന) വേറൊരു സമയത്ത് ഉത്തരം ലഭിക്കല്‍.
മൂന്ന്: ഏതെങ്കിലും ആപത്ത് തടയപ്പെടുകയോ ചോദിച്ചതിനേക്കാള്‍ ഗുണകരമായത് ലഭിക്കുകയോ ചെയ്യുക.
നാല്: പ്രതിഫലം കൂടുതല്‍ ആവശ്യമുള്ള പരലോകത്ത് ഉത്തരം ലഭിക്കല്‍.

അഞ്ച്:പാപങ്ങള്‍ പൊറുക്കപ്പെടല്‍
റമസാന്‍ മാസം വിശേഷിച്ചും അവസാന പത്തിലെ ദിനരാത്രങ്ങള്‍ ഉത്തര ലബ്ധിക്ക് ഏറെ സാധ്യതയുള്ള സമയങ്ങളാണ്. പ്രാര്‍ഥനാ നിര്‍ഭരമായ ഹൃദയങ്ങളുമായി അല്ലാഹുവിലേക്ക് തിരിയേണ്ട അസുലഭ മുഹൂര്‍ത്തങ്ങളാണിവ.

Latest