Connect with us

Covid19

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വിലക്ക്; പ്രവാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം

Published

|

Last Updated

ദുബൈ | ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനും കേന്ദ്ര വിലക്ക്. ചരക്കു വിമാനങ്ങളാണ് മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇനി മൃതദേഹങ്ങളുമായി വരേണ്ടെന്ന് ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേന്ദ്ര നിര്‍ദേശമാണത്രെ ഇതിനു പിന്നില്‍. ഇക്കാരണത്താല്‍ നിരവധി മൃതദേഹങ്ങള്‍ യു എ ഇ യിലും മറ്റും മോര്‍ച്ചറികളില്‍ കിടക്കുകയാണ്.

കൊവിഡ് ബാധിച്ച മൃതദേഹങ്ങള്‍ ഗള്‍ഫില്‍ തന്നെയാണ് ആദ്യം മുതലേ അടക്കം ചെയ്തിരുന്നത്. സാധാരണ മരണം സംഭവിച്ചാലാണ് നാട്ടിലേക്കു കൊണ്ടുപോകുന്നത്. പത്തനംതിട്ട ജ്യൂവലിന്റെ (16) അടക്കം മൃതദേഹം ഏതാനും ദിവസം മുമ്പ് കൊണ്ടുപോയിരുന്നെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അശ്റഫ് താമരശ്ശേരി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം റാസല്‍ഖൈമയില്‍ മരിച്ച ഷാജിലാലിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തത്ക്കാലം മൃതദേഹങ്ങള്‍ കൊണ്ടുവരേണ്ടെന്ന അറിയിപ്പുണ്ടെന്ന് പറഞ്ഞത്. നോര്‍ക്കയുമായി ബന്ധപ്പെട്ടപ്പോള്‍ ഔദ്യോഗിക അറിയിപ്പില്ലെന്നാണ് വിശദീകരിച്ചത്. ഒരുമണിക്കൂര്‍ മുമ്പു വരെ ഇതൊരു ആശയ വിനിമയ പാളിച്ച ആണെന്നായിരുന്നു കരുതിയത്. എന്നാലിപ്പോള്‍ മറുപടി പറയാന്‍ ആരുമില്ലാത്ത അവസ്ഥയാണ്.

വിദേശ രാജ്യങ്ങളില്‍ നിന്നും യാത്രാ വിമാന സര്‍വീസ് നിര്‍ത്തലാക്കിയതിനു ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കാര്‍ഗോ വിമാനങ്ങള്‍ വഴി നാട്ടിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍, നിലവില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ വ്യോമായന വകുപ്പ് അനുമതി നിഷേധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കുവൈത്തില്‍ വച്ച് മരിച്ച കോഴിക്കോട് പയ്യോളി മണിയൂര്‍ സ്വദേശി എം വി വിനോദ് (48), മാവേലിക്കര സ്വദേശി വര്‍ഗീസ് ഫിലിപ്പ് (64) എന്നിവരുടെ ഭൗതിക ശരീരം ഖത്വര്‍ എയര്‍വേസിന്റെ കാര്‍ഗോ വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായിരുന്നു. പക്ഷെ, അവസാന നിമിഷം ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചതായി
ഖത്വര്‍ എയര്‍വേസ് അറിയിച്ചു. വിഷയത്തില്‍ ഗള്‍ഫിലെ ഇന്ത്യക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest